ചിത്രങ്ങളിൽ ഒന്ന് സൂക്ഷിച്ച് നോക്കൂ. മൂന്നു വർഷം മുമ്പ് ഈ പെൺകുട്ടിയെ കണ്ടാൽ ആരും ഒന്നുകൂടി നോക്കുമായിരുന്നു. ശാലീന സൗന്ദര്യം എന്നു കവികൾ പാടിയത് രാജേശ്വരിയെ കണ്ടായിരുന്നോ എന്നു തോന്നിക്കുന്നവിധം നാടൻ സൗന്ദര്യമുള്ള പെൺകുട്ടി. സൗന്ദര്യം മാത്രമായിരുന്നില്ല പെരുമാറ്റത്തിലും രാജേശ്വരി അങ്ങനെ തന്നെയായിരുന്നു. നിർദ്ധന കുടംബത്തിൽ പിറന്നെങ്കിലും ബുദ്ധിയും സൗന്ദര്യവും ഒരുമിച്ച് ചേർന്നപ്പോൾ രാജേശ്വരിയെ ഒരു നോക്ക് കാണാൻ ചെറുപ്പക്കാർ ചുറ്റിനും നടക്കുമായിരുന്നു. സൽസ്വഭാവിയായ രാജേശ്വരി വീട്ടുകാർ കെട്ടിച്ച് വിട്ട ചെക്കനൊപ്പം ചെറുപ്പത്തിലേ പടിയിറങ്ങി. ദാരിദ്ര്യമാണെങ്കിലും സന്തോഷമായി ജീവിക്കുകയായിരുന്നു ഭർത്താവിനൊപ്പം അവൾ.

ഇത് മൂന്നു വർഷം മുമ്പുള്ള കഥ. രണ്ടാമത്തെ ചിത്രവും രാജലക്ഷ്മിയുടെ തന്നെയാണ്. ഇത് ഇപ്പോഴത്തെ അവളുടെ ചിത്രം. അവളുടെ സൗന്ദര്യം കണ്ട് കല്യാണം കഴിച്ച ഭർത്താവിന് പോലും വേണ്ടാത്ത അവളുടെ ഇപ്പോഴത്തെ ചിത്രം. ഒരൊറ്റ കൊല്ലം കൊണ്ട് മനുഷ്യജീവിതം ഇങ്ങനെ കീഴ്‌മേൽ മറിയുന്ന അനുഭവം വിരളമായിരിക്കാം. എന്നാൽ വിധിയുടെ ക്രുരതക്ക് മുമ്പിൽ കീഴടങ്ങിയ രാജേശ്വരി ഇപ്പോൾ ഇങ്ങനെയാണ്. മഹാദുരന്തത്തിന്റെ കഥ കേട്ടറിഞ്ഞ് തലസ്ഥാന ജില്ലയിലെ വെള്ളനാടിന് സമീപം ഭഗവതിപുരം ഗ്രാമത്തിൽ കരിനെല്ലിയോട് കോളനിയിൽ കയറി ചെല്ലുമ്പോൾ രാജേശ്വരി ഒരു നിലവിളിയോടെ അവിടെ കിടന്നു നിശബ്ദമായി കരയുകയായിരുന്നു.

അമ്മ മീനാക്ഷിയമ്മയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിലപ്പോഴൊക്കെ മറുപടി പറയാൻ രാജേശ്വരി പരിശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അവൾക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല. ഭർത്താവിനെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ കണ്ണുനീരൊഴുക്കുന്നുണ്ടായിരുന്നു. ഭൂതകാലത്തിന്റെ ചെറിയ ഓർമ്മകൾ പോലും അവൾക്ക് കണ്ണീരിലേക്കുള്ള തുറന്ന വാതായനമായിരുന്നു. അതേക്കുറിച്ചായിരുന്നു മീനാക്ഷിയമ്മ മനസ് തുറന്നത് മുഴുവൻ.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ പക്ഷാഘാതം അവളെ എല്ലുംതോലും മാത്രമാക്കി. രോഗം വഷളായി സൗന്ദര്യം ഒക്കെ ക്ഷയിച്ചപ്പോൾ എന്നു കാത്തുസൂക്ഷിക്കാൻ ദൈവം ഒരുമിപ്പിച്ച ഭർത്താവ് രാജേശ്വരിയെ വീട്ടിൽ കൊണ്ടാക്കി മടങ്ങി. മൂന്നു വർഷം സന്തോഷത്തോടെ കഴിയുകയും ഒരു കുഞ്ഞിന്റെ അമ്മയാകുകയും ചെയ്ത ഓർമ്മകളാണ് രാജേശ്വരിയുടെ കണ്ണു നനയിക്കുന്നത്. 25-ാം വയസ്സിൽ രോഗം തളർത്തിയ രാജേശ്വരി ഒരു വർഷമായി ഒരേ കിടപ്പാണ്.

ഭർത്താവും മകനുമൊത്ത് സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് വിധിയുടെ ക്രൂരമായ കരങ്ങൾ അവളുടെ ജീവിതത്തിനുമേൽ പതിയുന്നത്. രാവിലെ കടയിൽ പോയി വന്ന രാജേശ്വരി ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയുമായിരുന്നു. വീട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നും ശ്രീചിത്രാ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്ന അപൂർവ്വരോഗമാണെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ വിധിയെഴുതി. വലതുവശം തളർന്നെങ്കിലും ചെറിയ രീതിയിൽ ശരീരത്തിന് ചലനം ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം മെയ് മാസം 3-ാം തീയതി ഉച്ചയ്ക്ക് ഊണും കഴിച്ച് ഉറങ്ങാൻ കിടന്ന രാജേശ്വരിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ശരീരം മുഴുവൻ തളർന്ന് കിടക്കുന്ന രാജേശ്വരിയെയാണ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേശ്വരിയുടെ ചലനശേഷി വീണ്ടെടുക്കാൻ ഡോക്ടർമാർക്കും കഴിഞ്ഞില്ല. 21 ദിവസം വെന്റിലേറ്ററിൽ കിടന്നു.

അച്ഛന് നേരത്തേ നഷ്ടപ്പെട്ട രാജേശ്വരിക്ക് ഇപ്പോൾ തുണ അമ്മയും പത്താംക്ലാസ്സ് കഴിഞ്ഞ അനിയനുമാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന അവർ മകളുടെ സംരക്ഷണത്തിനു വേണ്ടി ജോലിക്ക് പോകുന്നില്ല. പത്താംക്ലാസ്സുകൊണ്ട് പഠനം ഉപേക്ഷിച്ച അനിയന് കുടുംബം പുലർത്താനും ചേച്ചിയുടെ ചികിത്സാചെലവിനുമുള്ള പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. തുടർന്ന് പഠിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും താൻ പണിക്കു പോയില്ലെങ്കിൽ വീട്ടിലെ സ്ഥിതി ആകെ താറുമാറാകും എന്ന് അവൻ പറയുന്നു.

ഇത്രയും കഷ്ടപ്പാടുകൾക്കിടയിൽ നട്ടം തിരിയുന്ന മീനാക്ഷിയമ്മയുടെ തലയിൽ ഇടിത്തീ വീണപോലെയാണ് കഴുകൻ കണ്ണുമായി സർക്കാർ എത്തിയത്. സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ പിന്നോക്ക വിഭാഗ കോർപ്പറേഷനിൽ നിന്നും ലഭിച്ച ജപ്തി നോട്ടീസായിരുന്നു മീനാക്ഷിയമ്മയെ തളർത്തിയത്. രാജേശ്വരിയുടെ കല്യാണ സമയത്ത് കോർപ്പറേഷനിൽ നിന്നും എടുത്ത 27,000 രൂപയുടെ വായ്പയാണ് ജപ്തിയുടെ രൂപത്തിൽ വന്നിരിക്കുന്നത്. രാജേശ്വരിയുടെ അസുഖത്തിന് ശേഷമാണ് കോർപ്പറേഷനിലെ അടവ് മുടങ്ങിയത്. 19,000 രൂപ അടച്ചെങ്കിലും ഇനിയും 18,000 രൂപ കൂടി അടയ്ക്കണമെന്നാണ് പിന്നോക്കക്കാരെ ഉദ്ധരിക്കാൻ വേണ്ടി സർക്കാർ തുടങ്ങിയ ഈ സ്ഥാപനം പറയുന്നത്. ഒരിക്കൽ ഇവിടെ നിന്നും വീടും സ്ഥലവും ജപ്തി ചെയ്യാൻ പോലും ആളുകൾ എത്തി. രാജേശ്വരിയുടെ ഈ അവസ്ഥകണ്ട് അവർ തിരിച്ചുപോവുകയായിരുന്നു.

'സർക്കാർ എന്റെ കിടപ്പാടം കൊണ്ടുപോയാലും എനിക്ക് പ്രശ്‌നമില്ല. എന്റെ മകൾ ഒന്ന് എഴുന്നേറ്റ് നടന്നാൽ മതിയായിരുന്നു. എന്തിനാണ് ദൈവം എന്റെ മോളോട് ഇങ്ങനെ ചെയ്തത്?' അമ്മ ഇത് മാത്രമാണ് ചോദിക്കുന്നത്.

ആറുമാസം മുമ്പ് രാജേശ്വരിയുടെ കഥകൾ അറിഞ്ഞുവന്ന ആശ്രയം ലാൽകൃഷ്ണൻ ഉണ്ണിക്കൃഷ്ണൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ രാജേശ്വരിക്ക് ആയുർവ്വേദ ചികിത്സ ആരംഭിച്ചു. രാജേശ്വരിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാം എന്നാണ് അവർ പറയുന്നത്. ആയുർവ്വേദ ചികിത്സ തുടങ്ങിയതിനുശേഷം രാജേശ്വരിയിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട രാജേശ്വരിക്ക് ഇപ്പോൾ ഇടതുകൈ അല്പം അനക്കാൻ കഴിയുന്നുണ്ട്. ആയുർവ്വേദ ചികിത്സക്ക് മാത്രമായി ഏകദേശം 1,70,000 രുപ ഇതുവരെ ചെലവായി. അതോടോപ്പം ശ്രീചിത്രയിലെ ചികിത്സയും നടത്തുന്നണ്ട്. ഒരു ഇൻജക്ഷനു മാത്രമായി 18,000 രൂപ വേണം. മറ്റ് മരുന്നുകളുടെ ചെലവ് വേറെ. ചികിത്സയുടെ ഭാരിച്ച ചിലവുകൾ താങ്ങാൻ ഈ പാവം മാതാവിന് കഴിയുന്നില്ല.

പലരിൽ നിന്നായി കടം മേടിച്ചും സുമനസ്സുക്കളുടെ സഹായംകൊണ്ടുമാണ് ഇവിടെവരെ എത്തിയത്. മുന്നോട്ടുള്ള ചികിത്സയുടെ ചിലവുകൾ ഒരു ചോദ്യചിഹ്നം പോലെ ഇവരുടെ മുന്നിൽ നില്ക്കുന്നു. നല്ല മനസ്സുള്ള ആളുകൾ ഇനിയും സഹായത്തിനായി മുന്നോട്ട് വരും എന്നാണ് പ്രതീക്ഷ. ഈ ദരിദ്ര കുടുംബത്തിന്റെ കണ്ണുനീര് കാണാൻ നമ്മുടെ സർക്കാരിന് പറ്റില്ല. കടം എഴുതി തള്ളാനും മറ്റുമുള്ള വകുപ്പുകൾ സ്വാധീനമുള്ളവർക്ക് മാത്രം. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത ഈ കുടുംബത്തിന് അതൊക്കെ വെറും സ്വപ്നങ്ങൾ മാത്രം.

ഈ ദാരിദ്ര കുടുംബത്തിന്റെ കഥ ചില പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. അവർക്ക് പക്ഷേ, കാര്യമായ സഹായം ഒന്നും ഇനിയും ആരും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഈ കുടുംബത്തിന്റെ വീട്ടിൽ ചെന്ന് സന്ദർശിച്ച് ഞങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഇവരെ സഹായിക്കാനായി മീനാക്ഷിയമ്മയുടെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ വെള്ളനാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബാങ്കിൽ ചെന്ന് ഈ അക്കൗണ്ട് നമ്പരും ഞങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. നല്ലവരായ വായനക്കാർ കഴിയുന്നത്രയും സഹായം ഈ കുടുംബത്തിന് നല്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഈ അക്കൗണ്ടിൽ ഞങ്ങൾക്ക് യാതൊരു വിധ നിയന്ത്രണവും ഇല്ലാത്തതിനാൽ പണം നല്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ നല്കണമെന്ന് അപേക്ഷിക്കുന്നു. അക്കൗണ്ട് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Account number:  40082200112275.

MEENAKSHIAMMA V
SYNDICATE BANK
VELLANAD Branch
Thiruvananthapuram, 695 543
IFSC Code: SYNB0004008