ഭൂമിയിൽ ദൃഷ്ടി പതിയുന്നിടം സ്വന്തമാക്കുന്ന ആറാം തമ്പുരാന്മാരെക്കുറിച്ചൊക്കെ, നാം സിനിമയിൽ മാത്രമേ കേട്ടിട്ടുള്ളൂ. എന്നാൽ ഈ തമ്പുരാന്റ ദൃഷ്ടി, ഭൂമിയിൽ മാത്രമല്ല, ചൊവ്വയിലും, ശുക്രനിലും ഒക്കെയാണ്. ഗോളാന്തര യാത്രകളെക്കുറിച്ചും, ചന്ദ്രനെ ഭൂമിയുടെ കോളനി ആക്കുന്നതിനെക്കുറിച്ചും ഒക്കെയാണ് അയാൾ ചിന്തിക്കുന്നത്. അതാണ് ഇലോൺ മസ്‌ക്ക്. കടം വാങ്ങിത്തുടങ്ങിയ ഒരു കമ്പനിയിൽനിന്ന്, പടിപടിയായി ഉയർന്നത്, 20ലക്ഷം കോടി രൂപ ആസ്തിയുമായി ലോകത്തിലെ എറ്റവും വലിയ ധനികനായ മനുഷ്യൻ.

ലോകത്തെ കീഴ്‌മേൽ മറിക്കാൻ ശേഷിയുള്ള അപൂർവം സംരംഭകരിലൊരാളാണ് ഇലോൺ. വിഖ്യതമായ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല മോട്ടോർസിന്റെയും, ബഹിരാകാശ ടൂറിസത്തിന് വഴിയിട്ട സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകൻ എന്ന രീതിയിൽ മസ്‌ക്ക് ശാസ്ത്ര- വ്യവസായിക ലോകത്തിന് സുപരിചിതനാണ്. പക്ഷേ ഇടക്കിടെ അദ്ദേഹം വിവാദത്തിൽപെടും. ട്വിറ്റിറിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങളും പിന്നെ അത് ഉപേക്ഷിച്ചതുമായിരുന്നു പോയവാരം തലക്കെട്ടായിരുന്നത്. പക്ഷേ ഇപ്പോൾ മസ്‌ക്ക് വാർത്തകളിൽ ഇടം പിടിച്ചത്, അദ്ദേഹത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം മൂലമാണ്. ഗൂഗിർ സഹ സ്ഥാപകനും അടുത്ത സുഹൃത്തുമായ സെർജി ബിന്നിന്റെ ഭാര്യയും നിയമജ്ഞയുമായ നിക്കോളെ ഷനഹനുമായുള്ള മസ്‌ക്കിന്റെ അവിഹിത ബന്ധം, കുട്ടിപത്രങ്ങൾ മാത്രമല്ല, വാഷ്ങ്ങ്ടൺ പോസ്റ്റിൽപോലും തലക്കെട്ടാവുന്നു.

മസ്‌ക്കിന്റെ സ്വകാര്യ ജീവിതവും, സത്യത്തിൽ ഒരു ഗംഭീര സയൻസ് ഫിക്ഷൻ ത്രില്ലർ ഡ്രാമയാണ്. ഹീറോയോ, സൂപ്പർ ഹീറോയോ, കോമാളിയെന്നോ, ലെജന്റെന്നോ, കിറുക്കനെന്നോ എന്ന് കൃത്യമായി വേർതിരിച്ച് മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ അപ്രവചനീയം ആയിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതം.

അന്തർമുഖനിൽ നിന്ന് കോടീശ്വരനിലേക്ക്

1971 ൽ ദക്ഷിണാഫ്രിക്കയിലാണ് മസ്‌ക് ജനിച്ചത്. മറ്റുള്ളവരുടെ ജീവിതം നരകതുല്യമാക്കുന്നതിൽ വിദഗ്ധനെന്ന് ഇലോൺ മസ്‌ക് തന്നെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള പിതാവ് ഇറോൾ മസ്‌ക്ക് അവിടെ എഞ്ചിനീയറായിരുന്നു. പ്രമുഖ ഡയറ്റീഷ്യനും മോഡലുമായ മെയയാണ് മസ്‌കിന്റെ അമ്മ. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവക്കാൻ താൽപ്പര്യപ്പെടുന്നില്ല എന്നാണ് പല അഭിമുഖങ്ങളിലും മസ്‌ക് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കുട്ടികാലത്ത് മസ്‌ക്ക് അന്തർമുഖനുമായിരുന്നു. വിഡിയോ ഗെയിമിംഗിലും കമ്പ്യൂട്ടറുകളിലും മസ്‌കിനുള്ള കമ്പം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. സമപ്രായക്കാർ മസ്‌കിനെ കളിയാക്കാനും ഒറ്റപ്പെടുത്താനും ശാരീരികമായി ഉപദ്രവിക്കാനും പലപ്പോഴും ശ്രമിച്ചിരുന്നു.

നിർബന്ധിത സൈനിക സേവനം ഭയന്ന് ഇലോൻ മസ്‌ക്ക് ദക്ഷിണാഫ്രിക്കയിൽനിന്ന് കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതാണ് ജീവിതത്തിൽ വഴിത്തിരുവ് ആയതും. സഹോദരനുമായിച്ചേർന്ന് 1995ൽ മസ്‌ക് ആരംഭിച്ച കൊച്ചുകമ്പനിയിൽ നിന്നാണ് മസ്‌കിന്റെ ഭാഗ്യം തെളിയുന്നത്. പത്രങ്ങൾക്ക് ഓൺലൈൻ സിറ്റി ഗൈഡ് സോഫ്റ്റ് വെയർ നൽകുക എന്നതായിരുന്നു ബിസിനസ്. 1999ൽ മസ്‌ക് പിന്നീട് എകസ് കോം എന്ന ഓൺലൈൻ ബാങ്കിങ് കമ്പനി ആരംഭിച്ചു. ഒരു വർഷത്തിനുശേഷം, ഇത് പീറ്റർ തീൽ സ്ഥാപിച്ച സാമ്പത്തിക സ്റ്റാർട്ടപ്പ് കോൺഫിനിറ്റിയുമായി ലയിക്കുകയും പേപാൽ രൂപീകരിക്കുകയും ചെയ്തു. പിന്നീട് പേപാലിന്റെ സിഇഒ ആയി മസ്‌കിനെ തിരഞ്ഞെടുത്തു, പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല. ബ്രാൻഡിംഗിലും മൈക്രോ മാനേജിംഗിലും നിരവധി അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം, 2000ൽ പേപാലിൽ നിന്ന് മസ്‌കിനെ പുറത്താക്കി.

പക്ഷേ അതും മസ്‌ക്കിന് ഗുണം ചെയ്തു. അയാൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞു. സ്വന്തമായി ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. അക്കാലം മുതൽ തന്നെ ആഡംബര കാറുകളോടും മറ്റുമുള്ള മസ്‌കിന്റെ കമ്പം ശ്രദ്ധ നേടിയിരുന്നു.

ബഹിരാകാശ ടാക്സിയെന്ന സ്വപ്നം

മസ്‌കിന്റെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടേയും യഥാർഥ വലുപ്പം ലോകം കണ്ടത് 2002ൽ സ്‌പേസ് എക്‌സ് ആരംഭിക്കുന്നതോടെയാണ്. മസ്‌കിന് ആകാശമൊന്നും ഒരു പരിധിയേയല്ലെന്ന് പിന്നീട് കാലം തെളിയിച്ചു. ഭൂമിയിൽ നിന്ന് ആളുകളെ ബഹിരാകാശത്തെത്തിക്കാനും അവിടുന്ന് തിരിച്ച് ഭൂമിയിലെത്താനും കഴിയുന്ന, ബഹിരാകാശ ടാക്‌സികളെക്കുറിച്ച് ആരും ചിന്തിക്കാത്ത കാലത്താണ് മസ്‌ക് ഇതിനായി സ്‌പേസ് എക്‌സ് പോലൊരു കമ്പനി സ്ഥാപിക്കുന്നത്. ചൊവ്വയെ ഭൂമിയുടെ കോളനിയാക്കുമെന്ന തരത്തിൽ ഒരു സാധാരണക്കാരന്റെ ചിന്താമണ്ഡലത്തിൽ നിന്ന് ആയിരക്കണക്കിന് പ്രകാശ വർഷങ്ങൾ അകലെയുള്ള സ്വപ്നങ്ങളാണ് അയാൾക്കുണ്ടായിരുന്നത്.

ആകാശത്തിനായി മാത്രമല്ല ഭൂമിക്ക് വേണ്ടിയും മസ്‌കിന് പദ്ധതികളുണ്ടായിരുന്നു.
2004ൽ മസ്‌ക് ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല ആരംഭിച്ചു. പിന്നീട് അദ്ദേഹം ആദ്യത്തെ ഓൾ-ഇലക്ട്രിക് കാറായ റോഡ്സ്റ്റർ വികസിപ്പിക്കാൻ ഊർജം ചെലവഴിച്ചു. ഇതിനിടയിൽ ഊർജസംരക്ഷണത്തിനായി സോളാർ സിറ്റി എന്ന ഒരു കമ്പനിക്ക് കൂടി മസ്‌ക് രൂപം നൽകി.

എന്നാൽ മസ്‌കിന്റെ കമ്പനികൾ ആകാശത്തും ഭൂമിയിലും തുടക്കം മുതൽ തന്നെ അത്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നില്ല. സ്പേസ് എക്സോ, ടെസ്ലയോ സോളാർസിറ്റിയോ നന്നായി പ്രവർത്തിച്ചില്ലെന്ന് മാത്രമല്ല മസ്‌കിന്റെ കുറേ പണം പോകുകയും ചെയ്തു. അതിജീവനത്തിനായി വായ്പയെടുത്താണ് മസ്‌ക് പിന്നീട് ജീവിച്ചത്. എന്നാൽ 2008 ഡിസംബറോടെ, ബഹിരാകാശത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് നാസയുമായി 1.5 ബില്യൺ ഡോളർ കരാർ സ്‌പേസ് എക്‌സ് നേടി. ഇത് ക്ലിക്കായതോടെ ടെസ്ലയും കൂടുതൽ വിദേശ നിക്ഷേപകരെ സുരക്ഷിതമാക്കി. 2010ൽ ടെസ്ല 226 മില്യൺ ഡോളർ സമാഹരിച്ചു. 2012 മെയ് 22ന് ഫാൽക്കൻ 9 എന്ന റോക്കറ്റ് വിക്ഷേപിച്ചു സ്പേസ് എക്സ് ചരിത്രം സൃഷ്ടിച്ചു. പിന്നീടങ്ങോട്ട് മസ്‌കിന് വച്ചടി വച്ചടി കയറ്റമായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ആമസോൺ സ്ഥാപകൻ ജെഫ് ബോസോസിനെ വെട്ടിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയും അദ്ദേഹത്തെ തേടിയെത്തുന്നു.

എന്നും വിവാദമയമാണ് മസ്‌ക്കിന്റെ ജീവിതം. പാപ്പരാസികളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പ്രഖ്യാപിത സ്ത്രീലമ്പടനാണ് അദ്ദേഹം. കനകം, കാമിനി, കലഹം എന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ വിശേഷിപ്പിക്കാം.

മൂന്നുഭാര്യമാർ; അസംഖ്യം കാമുകിമാർ

പണം പലരെയും പലരീതിയിലാണ് മാറ്റി മറിക്കുക. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് തന്റെ പണം മുഴുവൻ പാവങ്ങൾക്കായി സംഭാവനചെയ്യുമെന്ന് അറിയിച്ച് ലോകത്തെ ഞെട്ടിച്ചത് ഈയിടെയാണ്. എത്രയും പെട്ടെന്ന് ലോക കോടീശ്വര ലിസ്റ്റിൽനിന്ന് ഇറങ്ങണം എന്നാണ് ഗേറ്റ്സ് പറയുന്നത്. ഇലോൺ മസ്‌ക്കും ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കീശ പ്രധാനമായും ചോരുന്നത്, കാമുകിമാർക്ക് പണം കൊടുത്തും, പീഡന ആരോപണം ഒതുക്കിയാണെന്നുമാണ് ദ സൺ പോലുള്ള പത്രങ്ങൾ എഴുതുന്നത്. മൂന്നുഭാര്യമാരിലായി 9 മക്കളുള്ള മസ്‌ക്കിന്, ലോകമെമ്പാടും കാമുകിമാരും ഉണ്ട്.

കാനഡയിലെ ഒന്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്താണ് മസ്‌ക് തന്റെ ആദ്യ ഭാര്യ, കാനഡക്കാരി ജസ്റ്റിൻ വിൽസണെ പരിചയപ്പെടുന്നത്. ഒരു നോവലിസ്റ്റായിരുന്നു അവർ. 2000ത്തിൽ ഇരുവരും വിവാഹിതരായി. അദ്യ കുട്ടിയുടെ 10 ആഴ്ചക്കുള്ളിൽ മരിച്ചുപോയത് ഈ ദമ്പതികൾക്ക് ഞെട്ടലായിരുന്നു. അതിനുശേഷം വാടക ഗർഭധാരണത്തിലുടെ ഇവർക്ക് 2004ൽ ഇരട്ടക്കുട്ടികളും തുടർന്ന് 2006ൽ മൂന്ന് കുട്ടികളും ജനിച്ചു. തുടർന്ന് അധിക നാൾ ഈ ദാമ്പത്യം നീണ്ടില്ല. ഇവർ 2008ൽ വിവാഹമോചനം നേടി. പക്ഷേ കുട്ടികളുടെ സംരക്ഷണം ഇരവരും ഏറ്റെടുത്തു. പക്ഷേ മസ്‌കുമായി തീർത്തും പൊരുത്തപ്പെടാനാകാത്ത ഒരു മകൻ തന്റെ ജെൻഡർ മാറുന്നതിനും പേരിൽ നിന്ന് മസ്‌കിന്റെ സർ നെയിം മാറ്റുന്നതിനുമായി കോടതിയെ സമീപിച്ചത് വാർത്തയായിരുന്നു. അമ്മയുടെ സർ നെയിം ആണ് അവൻ ഇപ്പോൾ ഉപയോഗിക്കുന്നത്.

ഒരേ സ്ത്രീയെ തന്നെ രണ്ടുതവണ വിവാഹം കഴിക്കുകയും ഡിവോഴ്സ് ചെയ്യുകയും ചെയ്ത അനുഭവവും മസ്‌ക്കിനുണ്ട്. 2008ലാണ് മസ്‌ക് ഇംഗ്ലീഷ് നടി താലുല റിലേയുമായി ഡേറ്റിങ് ആരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷം സ്‌കോട്ട്ലൻഡിലെ ഡോർണോച്ച് കത്തീഡ്രലിൽ വച്ച് അവർ വിവാഹിതരായി. പക്ഷേ 2012 ൽ, ദമ്പതികൾ വിവാഹമോചനം നേടി. അടുത്ത വർഷം വീണ്ടും വിവാഹം കഴിച്ചു. 2016ൽ വീണ്ടും വിവാഹമോചനം നേടി. മസ്‌ക് ഉടൻ തന്നെ അടുത്ത ബന്ധത്തിലേക്ക് കടുന്നു. നടി ആംബർ ഹേർഡുമായിട്ടായിരുന്നു പ്രണയം. പക്ഷേ അതും അധികാലം മുന്നോട്ട് പോയില്ല. ബ്രേക്കപ്പായി. നടൻ ജോണി ഡെപ്പിന് ഹേർഡുമായി ബന്ധമുണ്ടെന്ന് മസ്‌ക്ക് ആരോപിച്ചിരുന്നു. പക്ഷേ ഇരുവരും അത് നിഷേധിക്കയാണ്.

മക്കൾക്ക് പേരിട്ടത് അക്കങ്ങൾ കൊണ്ട്

2018ൽ, മസ്‌കും കനേഡിയൻ സംഗീതജ്ഞ ഗ്രിംസും തങ്ങൾ ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തി. 2020 മെയ് മാസത്തിൽ ഗ്രിംസ് ഒരു ആൺകുട്ടിക്ക് ജന്മം നൽകി. മസ്‌കിന്റെയും ഗ്രിംസിന്റെയും അഭിപ്രായത്തിൽ, അവന്റെ പേര് 'X Æ A-12' എന്നാണ്! ആധുനിക ഇംഗ്ലീഷ് അക്ഷരമാലയിൽ ഇല്ലാത്ത അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പേര് കാലിഫോർണിയിയിൽ നിയമവിരുദ്ധമായി. കോടതി കേസ് എടുത്തു. തുടർന്ന് അത് 'X Æ A-Xii' ആയി മാറ്റപ്പെട്ടു. ആധുനിക ഇംഗ്ലീഷ് അക്ഷരമാലയിൽ Æ ഒരു അക്ഷരമല്ലാത്തതിനാൽ ഇത് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. കുട്ടിക്ക് ഒടുവിൽ 'X AE A-XII' മസ്‌ക് എന്ന് നാമകരണം ചെയ്തു, 'X' ഒരു ആദ്യനാമമായും 'AE A-XII' ഒരു മധ്യനാമമായും, മസ്‌ക്ക് എന്നത് കുടുംബപ്പേരായും നൽകി. പക്ഷേ ഇവന്റെ ചുരക്കപ്പേര് എക്സ് എന്നായിരുന്നു.

2021 ഡിസംബറിൽ ഗ്രിംസിനും മസ്‌കിനും ഒരണ്ടാമത്തെ കുട്ടി, വാടക ഗർഭധാരണത്തിലൂടെ ജനിച്ചു. അവളുടെ പേരാണ് എക്സാ ഡാർക്ക് സൈഡെറൽ മസ്‌ക. വൈ എന്നാണ് എന്ന വിളിപ്പേര്! മസ്‌ക്കിനെ കിറുക്കൻ എന്ന് വിളിക്കാൻ ഇതിൽ കൂടുതൽ കാരണം വേണം. ഈ ബന്ധം പൊളിഞ്ഞുവെന്ന 2021 സെപ്റ്റംബറിൽ വാർത്തകൾ വന്നിരുന്നു. 2022 മാർച്ചിൽ, താനും മസ്‌കും വീണ്ടും വേർപിരിഞ്ഞു. 'അവൻ എന്റെ ഏറ്റവും നല്ല സുഹൃത്തും എന്റെ ജീവിതത്തിലെ സ്നേഹവുമാണ്.'- ഗ്രിംസ് ട്വീറ്റ് ചെയ്തു

പക്ഷേ ലൈംഗിക വിവാദങ്ങൾ മസ്‌ക്കിനെ വിട്ടൊഴിഞ്ഞില്ല. മസ്‌കിന് തന്റെ കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥയിൽ ഇരട്ടക്കുട്ടികൾ പിറന്നതായ വാർത്തകൾ പുറത്തുവന്നത് ഇക്കഴിഞ്ഞ നവംബറിലായിരുന്നു മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ മെഷീൻ ഇന്റർഫേസ് കമ്പനിയ്ഹായ ന്യുറാ ലിങ്കിന്റെ ഓപ്പറേഷൻസ് ഡയറക്ടറായ ഷിവോൺ സിലിസ് എന്ന 36 കാരിയിൽ 51 കാരനായ മസ്‌കിന് ഇരട്ടകൾ ജനിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടികളുടെ പേരിനൊപ്പം പിതാവിന്റെ പേരു കൂടി ചേർക്കാൻ മസ്‌കും സിലിസും ഒരുമിച്ച് അപേക്ഷ നൽകിയതും വാർത്തയായി. ഇതോടെ എലൺ മസ്‌കിന് രേഖകൾ പ്രകാരം ഒൻപത് മക്കളായി.

സെർജി ബിന്നിന്റെ ഭാര്യയും വിവാദത്തിൽ

സെക്സിൽ യാതൊരു എത്തിക്സും ഇല്ലാത്ത ആളാണ് മസ്‌ക്ക്. തന്റെ അടുത്ത സുഹൃത്തും, പാപ്പരായപ്പോൾ സഹായിച്ചതുമായ വ്യക്തിയുടെ ഭാര്യയെ കാമുകിയാക്കാൻ അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ ടാബ്ലോയിഡുകൾ ആഘോഷിക്കുന്ന അവിഹിതം അതാണ്.

ഗൂഗിളിന്റെ സ്ഥാപകരിൽ ഒരാളായ സെർജി ബിന്നിന്റെ ഭാര്യയും നിയമജ്ഞയുമായ നിക്കോളെ ഷനഹൻ ആണ് മസ്‌ക്കിന്റെ പുതിയ ലൈംഗിക പങ്കാളി. കഴിഞ്ഞ വർഷം മിയാമിയിൽ നടന്ന ആർട്ട് ബേസലിൽ വെച്ച് എലൺ മസ്‌കും നിക്കോളെ ഷനഹനുമായി ബന്ധപ്പെട്ടതായാണ് വാർത്തകൾ. ഇതറിഞ്ഞ ഗൂഗിൾ സ്ഥാപകൻ ജനുവരിയിൽ വിവാഹമോചന ഹർജി നൽകുകയായിരുന്നു. വാൾസ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് 19 തീർത്ത സമ്മർദ്ദത്തിൽ സെർജിക്കും നിക്കോളായ്ക്കും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ പറയുന്നു. അവരുടേ നാലു വയസ്സുകാരിയായ മകളെ നോക്കുന്ന കാര്യത്തിൽ തർക്കവും ഉണ്ടായിരുന്നു. ആർട്ട് ബേസലിൽ സേർജി പങ്കെടുത്തിരുന്നുവോ എന്ന് വ്യക്തമല്ല. അതേസമയം, ഗ്രൈംസിൽ നിന്നും വേർപ്പെട്ട് ഏകനായി ജീവിതം നയിച്ചു വന്ന മസ്‌ക് അവിടെ എത്തിയിരുന്നു എന്നും അവിടെ വെച്ച് നിക്കോളയുമായി ബന്ധം സ്ഥാപിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്നായിരുന്നുവത്രെ സെർജി വിവാഹമോചന ഹർജി നൽകിയത്.

വിവാഹമോചന ഹർജി ഫയൽ ചെയ്തതിനു ശേഷം ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് മസ്‌ക് സെർജിയെ സമീപിച്ചെന്നും പരസ്യമായി തന്നെ, മുട്ടുകുത്തിനിന്ന് മാപ്പ് ചോദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സെർജി ആ മാപ്പ് അപേക്ഷ സ്വീകരിച്ചെങ്കിലും ഒരുകാലത്ത് അടുത്തസുഹൃത്തുക്കളായിരുന്ന ഇവർ തമ്മിൽ പരസ്പരം സംസാരിക്കുക പോലും ചെയ്യാത്ത വിധം അകന്നിരിക്കയാണ്.

അവിഹിതങ്ങളുടെ രാജകുമാരന്റെ തലയിൽ ചാർത്തപ്പെട്ട ഒരു കരിം തൂവലാണിതെന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ട് മറ്റു ചില പാശ്ചാത്യ മാധ്യമങ്ങൾ എഴുതുന്നത്. ദീർഘകാലത്തെ സൗഹൃദമായിരുന്നു എലൺ മസ്‌കിനും സെർജി ബിന്നിനും ഇടയിൽ ഉണ്ടായിരുന്നത്. 2008ൽ ടെസ്ല അതിഭീകരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോൾ 5 ലക്ഷം പൗണ്ട് നൽകി സെർജി സഹായിക്കുകയും ചെയ്തിരുന്നു. ടെക് ലോകത്തെ ഗ്ലാമർ ദമ്പതികൾ എന്നായിരുന്നു സെർജിയും നിക്കോളയും അറിയപ്പെട്ടിരുന്നത്. ആ ഒരു ബന്ധമാണ് തകരുന്നത്. ലോകത്തിലെ എട്ടാമത്തെ അതിസമ്പന്നന്നായ സെർജിയുടെ ദാമ്പത്യം തകർത്തത് ഒരുകാലത്ത് ഉറ്റ തോഴനായ എലൺ മസ്‌കാണ് എന്നതു വിചിത്രം.

'വഴങ്ങിയാൽ കുതിരയെ വാങ്ങിത്തരാം'

കെ പി ഉമ്മറും ജോസ് പ്രകാശും അടക്കമുള്ള നമ്മുടെ നാട്ടിലെ 'ബലാത്സംഗ നടന്മാരെ' ട്രോളിക്കൊണ്ട് മിമിക്രിക്കാർ ചെയ്യുന്നത് കേട്ടിട്ടില്ലേ. ' വഴങ്ങിയാൽ നിനക്ക് ആനയെ വാങ്ങിച്ചു തരാം, ചേനയെ വാങ്ങിച്ചു തരാം' എന്നൊക്കെ. അതുപോലെയാണ് മസ്‌ക്കിന്റെ ചില ചെയ്തികളും. കോടികൾ വില മതിക്കുന്ന പന്തയക്കുതിരയെ വാങ്ങിത്തരാം എന്ന് പറഞ്ഞൊക്കെയാണ്, അയാൾ തന്റെ ഒരു സഹപ്രവർത്തകയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചത്.

2022 മെയിൽ. ഒരു എയർ ഹോസ്റ്റസ് നടത്തിയ വെളിപ്പെടുത്തൽ അത്തരത്തിൽ ആയിരുന്നു. 2016ൽ വിമാനത്തിൽ വച്ച് ഇലോൺ മസ്‌ക് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018ൽ സ്‌പേസ്എക്‌സ് 2,50,000 ഡോളർ (ഏതാണ്ട് രണ്ട് കോടി ഇന്ത്യൻ രൂപ) നൽകിയെന്നും എയർ ഹോസ്റ്റസ് വെളിപ്പെടുത്തി.

സ്‌പേസ് എക്‌സിന്റെ കോർപറേറ്റ് ജെറ്റ് ഫ്ലൈറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. 2016ൽ വിമാനത്തിലെ സ്വകാര്യ മുറിയിൽ വിളിച്ചുവരുത്തി മസ്‌ക് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പകരമായി ഒരു അവൾക്ക് ഇഷ്ടമുള്ള പന്തയക്കുതിരയെ വാങ്ങി നൽകാമെന്നു വാഗ്ദാനം.'വിമാന യാത്രയ്ക്കിടെ ഫുൾ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിപ്പിച്ചു. ചെറിയ ഷീറ്റ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇതൊഴിച്ചാൽ മസ്‌ക് പൂർണ നഗ്നനായിരുന്നു. മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യ ഭാഗം തുറന്നുകാട്ടി. അനുവാദമില്ലാതെ സ്പർശിച്ചു. വഴങ്ങിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് വാഗ്ദാനവും ചെയ്തു' -എയർഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെയാണ് പറയുന്നത്.

എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് മസ്‌ക് പറയുന്നു. എന്നാൽ, 44 ബില്യൻ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കലിന് തടസ്സമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ ആരോപണമെന്ന് മസ്‌ക് പ്രതികരിക്കുകയും ചെയ്തിരുന്നു.

'ഭാര്യയുടെ തലമുടി പ്രധാനം'

അർധവട്ടനും എക്സെൻട്രിക്കുമായ മസ്‌ക്കിനൊപ്പം ജോലിചെയ്യുക എന്നതും പ്രയാസകരമായ കാര്യമാണ്. അദ്ദേഹം എപ്പോൾ ഏതു രീതിയിൽ പ്രതികരിക്കുമെന്നു മനസ്സിലാക്കുകയാണ് കൂടെ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. നല്ല ഹ്യൂമർസെൻസുള്ള വ്യക്തിയാണ് കക്ഷി. എന്നാൽ പെട്ടെന്നു പൊട്ടിത്തെറിക്കുകയും ചെയ്യും. ഏതു തരം മൂഡിലാണ് മസ്‌ക് ഓരോ ദിവസവും ഓഫീസിലെത്തുന്നത് എന്നറിയൻ മുൻജീവനക്കാർ പരീക്ഷിച്ച വിദ്യകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സ്പേസ് എക്സിലെ മുൻജീവനക്കാരനാണ് ആ വിദ്യ 'ദ് വാൾ സ്ട്രീറ്റ്' ജേർണലിനോടു വിദ്യകൾ വെളിപ്പെടുത്തിയത്.

മസ്‌കിന്റെ വ്യക്തി ജീവിതത്തിലെ വാർത്തകൾ പിന്തുടർന്നാണത്രെ ചിലപ്പോൾ ജീവനക്കാർ അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കിയിരുന്നത്. അദ്ദേഹത്തിന്റ ഭാര്യ തലുല റിലെയുടെ മുടിയും മസ്‌കിന്റെ മാനസികാവസ്ഥ തിരിച്ചറിയാൻ ജീവനക്കാർ ഉപയോഗിച്ചിരുന്നു. ഭാര്യ റിലെയുടെ തലമുടി പ്ലാറ്റിനം കളറിലുള്ള ദിവസങ്ങളിൽ മസ്‌ക് അതീവ സന്തോഷവാനാണെന്നാണ് അർത്ഥം. അത്തരം ദിവസങ്ങളിലാണ് ജീവനക്കാർ പുതിയ ആശയങ്ങളും പ്രശ്‌നങ്ങളുമായി ബോസിനെ കാണാൻ ചെല്ലാറുള്ളത്. ഇതു മിക്ക സന്ദർഭങ്ങളിലും വിജയിച്ചതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. തലുല റിലെ മസ്‌ക്കിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു.

അബന്ധങ്ങളിലും ഡോക്ടറേറ്റ്

ഇത്രയും വലിയ സംരഭകൻ ആണെങ്കിലും അസംബന്ധങ്ങൾ പറയുന്നതിനും യാതൊരു കുറവും മസ്‌ക്കിനില്ല. കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് സ്വാഭാവികമായ ശേഷിയുണ്ടെന്നും ഭയപ്പെടേണ്ടെന്നും മസ്‌ക് പ്രസ്താവിച്ചതും വലിയ വിവാദമായിരുന്നു. ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദ്ധർ അദ്ദേഹത്തിന് എതിരെ രംഗതെത്തി. ഒരു പരീക്ഷണത്തിന്റെയും പിൻബലമില്ലാതെ ഇങ്ങനെ തട്ടിവിടരുത് എന്ന് അവർ മസ്‌ക്കിനെ വിമർശിച്ചു.

മസ്‌ക് വലിയ ഒരു വിവാദത്തിൽപ്പെടുന്നത് 2018ലാണ്. തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 12 ആൺകുട്ടികളെയും അവരുടെ ഫുട്ബോൾ പരിശീലകനെയും രക്ഷിക്കാൻ ഒരു അന്തർവാഹിനി നിർമ്മിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മസ്‌കിന്റെ പ്രവർത്തനങ്ങൾ ഒരു പിആർ സ്റ്റണ്ടാണെന്ന് ഒരു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധൻ പറഞ്ഞു. മറുപടിയായി, മസ്‌ക് ട്വിറ്ററിൽ അയാളെ പീഡോ ഗൈ എന്ന് വിളിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിരുദ്ധ അഭിപ്രായം പറയുന്നവരെ ഇങ്ങനെയാണോ കാണുന്നത് എന്നതായിരുന്നു സാമൂഹിക പ്രവർത്തകരുടെ ചോദ്യം.

ലോകത്തിലെ പ്രാചീന സപ്താദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡ് നിർമ്മിച്ചത് അന്യഗ്രഹജീവികൾ ആകാമെന്ന് മസ്‌ക് പറഞ്ഞത് വലിയ ട്രോൾ ആയിരുന്നു. ഈ ട്വീറ്റിനു പിന്നാലെ നിരവധി പേർ മസ്‌കിനെ വിമർശിച്ച് രംഗത്തെത്തി. ഈജിപ്തിന്റെ രാജ്യാന്തര സഹകരണ മന്ത്രി റാനിയ അൽമഷാത് മസ്‌കിനെ അവിടേക്കു ക്ഷണിച്ചു. അന്യഗ്രഹജീവികൾ ആകാം പിരമിഡ് നിർമ്മിച്ചതെന്നാണ് മസ്‌ക് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ തന്റെ വാദം സമർഥിക്കാനെന്നോണം 3800 വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ നിർമ്മിച്ച ഏറ്റവും ഉയർന്ന കെട്ടിടങ്ങളാണ് പിരമിഡുകൾ എന്നു തുടങ്ങുന്ന വിക്കിപീഡിയയിലെ വരികളും ബബിസിയുടെ ഒരു ലിങ്കും പങ്കുവച്ചു. ഈജിപ്തിലെ മന്ത്രിമാരും പ്രമുഖ പുരാവസ്തു ഗവേഷകരുമുൾപ്പെടെ നിരവധി പേർ മസ്‌കിന്റെ പ്രസ്താവനയ്ക്കു വാദങ്ങളും വിമർശനങ്ങളുമായെത്തി.

പിരമിഡുകളെ കുറിച്ച് അറിയാനും അതിന്റെ നിർമ്മാണ രീതികൾ മനസിലാക്കാനും മസ്‌കിനെ സർക്കാർ ഈജിപ്തിലേക്കു ക്ഷണിച്ചു. 'പിരമിഡുകൾ എങ്ങനെയാണ് നിർമ്മിച്ചതെന്ന് ഞങ്ങളുടെ പുരാതന എഴുത്തുകളിൽ നിന്നു മനസിലാക്കാനും പിരമിഡുകൾ നിർമ്മിച്ചവരുടെ ശവക്കല്ലറകൾ സന്ദർശിക്കാനും നിങ്ങളെയും സ്പേസ് എക്സിനെയും ഈജിപ്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങൾക്കായി കാത്തിരിക്കുന്നു.' മന്ത്രി റാനിയ ട്വിറ്ററിൽ കുറിച്ചു. ഇങ്ങനെ ഒരു പാട് അസംബന്ധങ്ങളും ഈ ശാസ്ത്ര കുതുകിയുടെ അക്കൗണ്ടിലുണ്ട്.


പുടിനെ മല്ലയുദ്ധത്തിന് ക്ഷണിച്ചു

യുക്രൈൻ - റഷ്യ യുദ്ധത്തിൽ യുക്രൈിനിന്റെ ഭാഗത്താണ് മസ്‌ക്ക് നിലകൊണ്ടത്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ മല്ലയുദ്ധത്തിന് ക്ഷണിച്ചും മസ്‌ക് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മസ്‌കിന്റെ ട്വീറ്റിനെ പലരും തമാശയായിട്ടാണ് കണ്ടത്. പക്ഷേ ഈയിടെ കളി കാര്യമാവുന്നതിന്റെ സൂചന നൽകിക്കൊണ്ട് അദ്ദേഹം മറ്റൊരു ട്വീറ്റുമിട്ടു. ''ദുരൂഹമായ സാഹചര്യത്തിലാണ് ഞാൻ മരിക്കുന്നതെങ്കിൽ, നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,' എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. തന്റെ മരണത്തെക്കുറിച്ച് ആദ്യമായാണ് ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് മസ്‌ക് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്ന് വലിയ ചർച്ചയായി. തനിക്കെതിരെ തിരിയുന്നവരെ കൊന്നൊടുക്കുക എന്നത് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ രീതിയാണ്. മസ്‌ക്ക് അതാണ് ഉദ്ദേശിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടി.

ഈ ട്വീറ്റിന് തൊട്ട് മുമ്പ് മറ്റൊരു ട്വീറ്റും മസ്‌ക് പങ്കുവെച്ചിരുന്നു. റഷ്യൻ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് അത്. യുക്രൈനിലെ സേനയ്ക്ക് സ്റ്റാർലിങ്ക് സേവനങ്ങളിലൂടെ അതിവേഗ ഇന്റർനെറ്റും സൈനികർക്ക് ആശയവിനിമയ ഉപകരണങ്ങളും നൽകിയതിന് ഇലോൺ മസ്‌കിനെ വിമർശിച്ചായിരുന്നു റഷ്യൻ സൈനികന്റെ പോസ്റ്റ്. ഇതും ചേർത്താണ്, യുക്രൈനെ സഹായിച്ചതിൽ റഷ്യയിൽ നിന്നുള്ള ആക്രമണ ഭീഷണിയുടെ സൂചനയാണോ മസ്‌കിന്റെ ട്വീറ്റെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നത്.

എല്ലായിപ്പോഴും വിജയം മാത്രം കിട്ടുന്ന ആരുമില്ല. മസ്‌ക്കിന്റെ ജീവിതം അതിന് ഉദാഹരണം. ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള നീക്കത്തിൽ ഇപ്പോൾ മസ്‌ക്കിന് കൈ പൊള്ളിയിരിക്കയാണ്. ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറിയതിന് കമ്പനി ഇലോൺ മസ്‌ക്കിനെതിരെ നൽകിയ കേസിലെ വിചാരണ ഒക്ടോബറിൽ നടക്കും. ഇരു വിഭാഗത്തിന്റെ അഭിഭാഷകർ തമ്മിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത് സംബന്ധിച്ച് വലിയ വാദമാണ് നടത്തിയത്. എന്നാൽ അടുത്ത വർഷത്തേക്ക് മാറ്റണമെന്ന മസ്‌ക്കിന്റെ ആവശ്യം തള്ളിക്കൊണ്ട് ഒക്ടബോബറിൽ തന്നെ വിചാരണ തുടങ്ങാമെന്ന് ജഡ്ജി വ്യക്തമാക്കിയത്.

ബീജം ദാനം ചെയ്യുന്ന പിതാവ്

കടുവയെപ്പിടച്ച കിടുവ എന്ന് കേട്ടിട്ടേയുള്ളു. പക്ഷേ ഇലോൺ മസ്‌ക്കിന്റെ 76കാരനായ പിതാവ് ഇറോൾ മസ്‌ക് അതാണ്. 'മസ്‌ക്കുമാരെ ഉണ്ടാക്കുമെന്ന്' പരസ്യം ചെയ്ത്, 'ഹൈക്ലാസ്' സ്ത്രീകൾക്ക് ബീജദാനം ചെയ്താണ് അദ്ദേഹം പണം സമ്പാദിക്കുന്നത്. 76 കാരനായ തന്റെ ബീജത്തിന് ആവശ്യക്കാർ കൂടുതലാണെന്നാണ് ഇറോൾ മസ്‌ക് പറയുന്നത്. വളർത്തുമകളായ ജാനയിൽ രണ്ടാമത് കുട്ടിയുണ്ടായി എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണിത്. തന്റെ ജീവിതം പ്രത്യുത്പാദനത്തിനു വേണ്ടിയെന്ന് ഇദ്ദേഹം പറയുന്നത്.

തന്റെ ബീജം അന്വേഷിച്ച് ദക്ഷിണ അമേരിക്കയിലെ നിരവധി സ്ത്രീകൾ സമീപിച്ചുവെന്നാണ് ഇറോൾ പറയുന്നത്. ഇലോൺ മസ്‌ക് അടക്കം ഏഴ് മക്കളുടെ പിതാവാണ് ഇറോൾ. ''എനിക്ക് ഉയർന്ന നിലവാരമുള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ ബീജം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയുണ്ട്. അവർ പറയുന്നു, 'ഇലോണിനെ സൃഷ്ടിച്ച യഥാർത്ഥ വ്യക്തിയുടെ അടുത്തേക്ക് പോകാൻ കഴിയുമ്പോൾ എന്തിനാണ് ഇലോണിലേക്ക് പോകുന്നത്? അവർ എനിക്ക് ഫസ്റ്റ് ക്ലാസ് യാത്രയും പഞ്ചനക്ഷത്ര ഹോട്ടൽ താമസവും എല്ലാത്തരം സാധനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്,'''- ഇറോൾ ദി സണിനോട് പറഞ്ഞത് ഇങ്ങനെയാണ്.

വളർത്തുമകൾ ജാനയിലുണ്ടായ രണ്ടാമത്തെ കുട്ടി അപ്രതീക്ഷിതമായിരുന്നെന്നാണ് ഇറോൾ റയുന്നത്. ദക്ഷിണാഫ്രിക്കയിൽ എഞ്ചിനീയറായ ഇറോൾ മസ്‌കിന്റെ രണ്ടാം ഭാര്യയായ ഹൈഡ ബെസുയിഡൻ ഹൗട്ടിന്റെ മറ്റൊരു വിവാഹബന്ധത്തിലുള്ള മകളാണ് ജാന. ഇലോൺ മസ്‌കിന്റെ അമ്മയുമായി 1979ൽ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു ഈ വിവാഹം. ആദ്യ വിവാഹത്തിൽ ഇലോൺ ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്. ഹൈഡയുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്.

വിത്തു ഗുണം പത്തുഗുണം എന്നാണേല്ലോ. 76ാം വയസ്സിൽ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്ന ഒരു അപ്പന്റെ മകന്, പിന്നെ എന്താവണം എന്നാണ് ടാബ്ലോയിഡുകൾ പരിഹസിക്കുന്നത്. പക്ഷേ അതിൽ കഥയില്ല എന്നാണ്, മസ്‌ക്കിലെ സംരഭകനെ സ്നേഹിക്കുന്നവർ പറയുന്നത്. സ്വകാര്യ ജീവിതത്തിന്റെ അടിസ്ഥാനത്തിനല്ല, ലോകത്തിന് കൊടുത്ത സംഭാവനകളുടെ അടിസ്ഥാനത്തിലാണ് മസ്‌ക്ക് വിലയിരുത്തപ്പെടേണ്ടത്. അവിടെ അദ്ദേഹത്തിന്റെ തട്ട് ഉയർന്നുതന്നെ ഇരിക്കും.

വാൽക്കഷ്ണം: ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌ക്കിന്റെ എറ്റവും വലിയ ദുഃഖം എന്താണെന്ന ചോദ്യത്തിന് ദ സൺ പത്രം നൽകുന്ന മറുപടി സ്വന്തം പിതാവ് എന്നാണ്. 2017ൽ തന്റെ പിതാവിനാൽ അദ്ദേഹത്തിന്റെ വളർത്തുമകൾ ഗർഭിണിയായത് അറിഞ്ഞ് ഇലോൺ ഏറെ വിഷമിച്ചിരുന്നുവെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിതാവ് ഇറോളുമായി അദ്ദേഹം ഇപ്പോഴും ഒരു ബന്ധവും നിലനിർത്തുന്നുമില്ല.