- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഹാസ്യ നടനിൽനിന്ന് ഹീറോയിലേക്ക്; അഴിമതിക്കെതിരെ പോരാടുന്ന പരമ്പരയുടെ ബലത്തിൽ പ്രസിഡന്റ് പദവിയിലേക്ക്; പുടിൻ വെല്ലുവിളിച്ചിട്ടും പതറിയില്ല; ഏതുനിമിഷവും കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും കുനിയാത്ത തല; യുക്രൈൻ പ്രസിഡന്റ് സെലൻസ്ക്കിക്ക് ലോകത്തിന്റെ സല്യൂട്ട്!
'ഇംഗ്ലണ്ട് എക്സ്പെക്റ്റ്സ് എവരി മാൻ ടു ഡു ഹിസ് ഡ്യൂട്ടി' എന്ന ഒറ്റവരിയിലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിറ്റ്സൻ ചർച്ചലിന്റെ യുദ്ധ പ്രസംഗം ലോക പ്രശസ്തമാണെല്ലോ. വാക്കുകൾകൊണ്ട് അമ്മാനമാടാൻ കഴിയുന്ന ചർച്ചിൽ നിർണ്ണായകമായ രണ്ടാംലോക മഹായുദ്ധത്തിന് പോകുന്ന സൈനികരോട് പറഞ്ഞ വെറും ഒരു വരി ലോക ചരിത്രത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ സ്പീച്ചായിപ്പോലും വിലയിരുത്തപ്പെടുന്നുണ്ട്. പക്ഷേ ചർച്ചലിന് വലിയൊരു സൈന്യം ഉണ്ടായിരുന്നു. സഖ്യകക്ഷികളുടെ പിന്തുണയുണ്ടായിരുന്നു. പക്ഷേ ഇതൊന്നുമില്ലാതെ, ഒറ്റക്ക് പൊരുതുന്ന ഒരു വ്യക്തിയുണ്ട്. അതാണ് യെൈുക്രൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി.
റഷ്യ യുക്രൈനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് സെലെൻസ്കി നടത്തിയ 'റഷ്യയിലെ പൗരന്മാരുടെ മുന്നിലേക്ക് ഒരു നിവേദനവുമായി ഞാൻ വന്നിട്ടുള്ളത്. ഒരു പ്രസിഡന്റെന്ന നിലയ്ക്കല്ല. ഞാൻ റഷ്യൻ ജനങ്ങളോട് ഒരു യുക്രൈനിയൻ പൗരനെന്ന നിലയ്ക്കാണു സംസാരിക്കുന്നത്' എന്ന് വികാരഭരിതമായ പ്രസംഗം സോഷ്യൽ മീഡിയയിൽ ലോകമെമ്പാടും വൈറലായിരുന്നു. യുക്രൈനികൾ നാസി അനുകൂലികൾ ആണെന്ന പുടിന്റെ വാദം പൊളിച്ച് കൈയിൽ കൊടുത്ത അദ്ദേഹം സ്നേഹത്തിന്റെ ഭാഷയിൽ റഷ്യയെ ശരിക്കും തുറന്നുകാട്ടുകായിരുന്നു. ''നാസിസത്തെ ഇല്ലാതാക്കാൻ എൺപതു ലക്ഷം പേർ ജീവത്യാഗം ചെയ്ത ഒരു രാഷ്ട്രത്തെ നാസികൾ എന്നു വിളിക്കാൻ എങ്ങനെ സാധിക്കും'' എന്ന സെലൻസ്ക്കിയുടെ ചോദ്യം ലോകത്തെ സമാധാന പ്രേമികൾ ഏറ്റെടുത്തിരിക്കയാണ്.
പുടിനെപ്പോലെ അഹങ്കാരവും ധാർഷ്ട്യവും നിറയുന്ന വാക്കുകളല്ല സെലൻസ്കിയുടേത്. ലോക മനസാക്ഷിയിൽ തന്നെയാണ് അതുകൊണ്ടത്. സെലൻസ്കിയുടെ റഷ്യൻ ഭാഷയിലുള്ള ആ പ്രസംഗത്തിന്റെ തർജ്ജമ വന്നതിനുശേഷമാണ് ലോക വ്യാപകമായി റഷ്യക്കെതിരെ രോഷം ആളിക്കത്തിയതും. തങ്ങളെ ആരും സഹായിച്ചില്ലെന്ന് പറയുമ്പോളും ഉകൈന്രിന്റെ ആത്മാഭിമാനം പണയം വെക്കാൻ അദ്ദേഹം തയ്യാറല്ല. അവസാന നിമിഷം വരെ ഈ അന്യായത്തിനെതിരെ പോരടിക്കുമെന്ന് ഈ 49കാരൻ പറയുന്നു. സഖ്യകക്ഷികൾക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നും കഴിഞ്ഞ ദിവസം സെലെൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. തന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നും ഏത് സമയത്തും റഷ്യൻ സൈന്യം തന്നെ വധിക്കുമെന്നും അദ്ദേഹത്തിനും അറിയാം. എന്നിട്ടും അവസാന നിമിഷംവരെ സെലെൻസ്കി തലയുയർത്തി നിൽക്കുന്നു!
ലോകത്ത് എമ്പാടുമുള്ള സമാധാനകാംക്ഷികളുടെ പ്രതിരൂപമെന്നും, അസാധാരണമായ മനക്കരുത്തുള്ള മനുഷ്യൻ എന്നുമാണ് ബി.ബി.സി സെലൻസ്കിയെ വിശേഷിപ്പിക്കുന്നത്.
ജനങ്ങൾക്ക് ആയുധം നൽകിയ പ്രസിഡന്റ്
രാജ്യ തലസ്ഥാനമാത കീവ് വളയാൻ റഷ്യൻ സൈന്യം തയ്യാറെടുത്തിരിക്കെ, രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങൾക്ക് ആയുധം നൽകുമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി പറയുന്നു. 'രാജ്യത്തെ പ്രതിരോധിക്കാൻ ഒരുക്കമുള്ള ആർക്കും ഞങ്ങൾ ആയുധം നൽകും. നമ്മുടെ തെരുവുകളിൽ യുക്രെയിനിന് പിന്തുണ നൽകാൻ തയ്യാറെടുക്കുക' -സെലെൻസ്കി ട്വീറ്റ് ചെയ്തു.
പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യം വിടരുതെന്നും യുക്രെയിൻ പ്രസിഡന്റ് നേരത്തെ നിർദ്ദേശിച്ചിരുന്നു. യുദ്ധം രൂക്ഷമായ യുക്രെയിൻ നഗരങ്ങളിൽ നിന്ന് പലായനം ആരംഭിച്ചിട്ടുണ്ട്. കൂട്ടപലായനം നേരിടാൻ യൂറോപ്യൻ രാജ്യങ്ങൾ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ യുക്രെയിനിന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യൻ ആക്രമണം നേരിടുകയാണ്. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം നീങ്ങുന്നതായാണ് വിവരം. ഏത് സമയവും യുക്രെയിൻ തലസ്ഥാനം റഷ്യ കീഴടക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 137 ആളുകൾ കൊല്ലപ്പെട്ടതായി യുക്രെയിൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നാറ്റോ സഖ്യരാജ്യങ്ങളോട് യുക്രൈൻ സഹായം തേടിയിരുന്നുവെന്നും എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും സെലെൻസ്കി പറഞ്ഞു. യുദ്ധമുഖത്ത് ഒറ്റക്കാണെന്നും മറ്റു രാജ്യങ്ങൾക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. സാമ്പത്തിക ഉപരോധങ്ങളിലൂടെ റഷ്യയെ ഒറ്റപ്പെടുത്തുമെന്നാണ് ബൈഡൻ പറഞ്ഞത്. റഷ്യ യുക്രെയിനെ ആക്രമിച്ചാൽ ഇടപെടുമെന്ന വാഗ്ദാനത്തിൽ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും പിന്നോട്ട് പോകുകയായിരുന്നു.
അവസാന പ്രതിരോധ മാർഗമെന്ന നിലയിലാണ് ജനങ്ങൾക്ക് ആയുധം നൽകുന്നതുൾപ്പടെയുള്ള നീക്കങ്ങൾക്ക് യുക്രെയിനെ പ്രേരിപ്പിച്ചത്. സഖ്യകക്ഷികൾക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. പുടിന്റെ പ്രഖ്യാപിത ശത്രുക്കളിൽ ഒരാളാണ് സെലൻസ്കി. അതുകൊണ്ടുതന്നെ റഷ്യൻ സൈന്യം അധികാരം പിടിച്ചാൽ ആദ്യം ഉരുളുന്ന തലയും തന്റെതാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നിട്ടും നാടുവിട്ട് ഓടിപ്പോകാതെ അദ്ദേഹം, തോൽക്കുമെന്ന് ഉറപ്പുള്ള ഈ യുദ്ധവും മുന്നിൽനിന്ന് നയിക്കയാണ്.
ഹാസ്യ നടനിൽനിന്ന് ഹീറോയിലേക്ക്
യാതൊരു രാഷ്ട്രീയ പാരമ്പര്യവുമല്ലാതെ യൂക്രൈനിന്റെ പ്രസിഡന്റായ വ്യക്തിയാണ് സെലൻസ്കി. എംജിആറും എൻടിആറും തൊട്ട് നമ്മുടെ ഇന്നസെന്റ്വരെ പയറ്റിയ അതേ കളി. ഹാസ്യ നടനായാണ് അദ്ദേഹം പേരെടുത്ത്. 'സെർവന്റ് ഓഫ് ദ പീപ്പിൾ' എന്ന ടെലിവിഷൻ പരിപാടിയിൽ, അഴിമതിക്കെതിരെ പോരടിക്കുന്ന പ്രസിഡന്റായി വേഷമിട്ടതാണ് ഈ നടൻെ ജീവിതത്തിൽ വഴിത്തിരിവായത്. സത്യസന്ധനായ ഒരു സ്കൂൾ അദ്ധ്യാപകൻ പ്രസിഡന്റാവുന്ന കഥ ആയിരുന്നു അത്. അഴിമതിക്കാരെ തകർത്തെറിയുന്ന നേതാവിന്റെ വേഷം യുക്രൈനിൽ തരംഗമായി. അങ്ങനെ ഒരു പുതുവർഷത്തലേന്ന് താൻ യുക്രൈൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് നാടകീയമായി ഒരു ടി.വി. ഷോയിലൂടെ സെലെൻസ്കി പ്രഖ്യാപിച്ചു.
രാഷ്ട്രീയപരിചയം ഒട്ടുമില്ലാത്ത അദ്ദേഹം 2019ൽ പ്രസിഡന്റായിരുന്ന പെട്രൊ പൊറൊഷെങ്കോയെ അട്ടിമറിച്ചു. സെലൻസ്കിയുടെ വിജയം ലോക മാധ്യമങ്ങൾക്കും അത്ഭുദമായിരുന്നു. 73 ശതമാനം വോട്ടുകൾ നേടി വൻഭൂരിപക്ഷത്തിനാണ് ഇയാൾ യുക്രൈന്റെ പുതിയ പ്രസിഡന്റായി മാറിയത്. രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങളും അഴിമതിയും യുദ്ധവുമെല്ലാം ചേർന്ന് ജനങ്ങൾക്കിടയിൽ രൂപപ്പെട്ട അസംതൃപ്തിയാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ.
പ്രശസ്ത യുക്രൈൻ എഴുത്തുകാരൻ ആന്ദ്രെ കുർക്കോവ് വിചിത്രമായ ഈ രാഷ്ട്രീയസാഹചര്യത്തെ വിലയിരുത്തിയത് ഇങ്ങനെ ആയിരുന്നു. '' പൊർഷെങ്കോയുടെ അഞ്ചുവർഷത്തെ പ്രസിഡന്റ് പദവി നേട്ടങ്ങളില്ലാത്തതല്ല. സേനയെ കൂടുതൽ ബലപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു, സ്വതന്ത്രമായി പ്രവർത്തിക്കുന്ന യുക്രൈനിയൻ ഓർത്തഡോക്സ് പള്ളിക്ക് നിയമസാധുത നേടിക്കൊടുത്തു, പൊലീസിലും പൊതുജനാരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും നവീകരണം കൊണ്ടുവന്നു.പക്ഷേ, സമ്മതിദായകർ പോർഷെങ്കോയുടെ സ്ഥാനാർത്ഥിത്വം പാടേ തിരസ്കരിച്ചു.
ഒരുപക്ഷേ, അദ്ദേഹം അഴിമതിക്കാരനാണെന്നും രാജ്യത്തെ ഗാർഹിക പാചകവാതകത്തിന്റെ തീവ്രവിലക്കയറ്റത്തിന്റെ ഉത്തരവാദിയാണെന്നും ധരിച്ചതുകൊണ്ടാകാം അത്. യുക്രൈൻപോലെ ഒരു തണുപ്പുരാജ്യത്ത് വാതകഇന്ധനത്തിന്റെ വിലക്കയറ്റം ഒരു പ്രധാന പ്രശ്നമാണ്. മറുവശത്തുള്ള സെലെൻസ്കി, രാഷ്ട്രീയത്തിലോ യുക്രൈൻ സർക്കാർ സംവിധാനങ്ങളിലോ ഒട്ടും പരിചയമില്ലാത്ത ഒരു മനുഷ്യൻ; അദ്ദേഹമാകട്ടെ, യുക്രൈനിയൻ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും കളിയാക്കിക്കൊണ്ട് വർഷങ്ങളായി രാജ്യത്തെ പ്രമുഖ ടെലിവിഷൻ ചാനലിൽ ആക്ഷേപഹാസ്യപരിപാടി ചെയ്തുവരുന്നു. പക്ഷേ ജയിച്ചത് അദ്ദേഹമാണ്''.- ആന്ദ്രെ കുർക്കോവ് എഴുതുന്നു.
'യുദ്ധം നിർത്താൻ പുടിന്റെ കാലുപിടിക്കാം'
അധികാരത്തിൽ ഏറിയപ്പോൾ യുക്രേനിയൻ ഭാഷ സംസാരിക്കാൻ പോലും സെലെൻസ്കിക്ക് അറിയില്ലായിരുന്നു. എപ്പോഴും റഷ്യൻഭാഷ സംസാരിക്കുന്ന അദ്ദേഹത്തിന്റെ യുക്രൈനിയൻ ഭാഷയ്ക്ക് സാരമായ തകരാറുമുണ്ട് എന്നായിരുന്നു മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചത്. അതുകൊണ്ട് ആദ്യകാലത്ത് അദ്ദേഹം പൊതുവേദികളിൽ അധികം സംസാരിച്ചില്ല. അതുകൊണ്ടുതന്നെ സൈലൻസ്കി എന്ന ഇരട്ടപ്പേരും അയാൾക്ക് വീണു. പക്ഷേ വൈകാതെ സെലൻസ്കി ഈ പരിമതി മറികടന്നു. ഒഴുക്കോടെ യുക്രൈിനിയൻ ഭാഷ സംസാരിക്കാൻ അദ്ദേഹം പഠിച്ചു.
ആദ്യകാലത്ത് യുക്രൈനിലെ എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം സെലൻസ്ക്കിക്ക് എതിരായിരുന്നു. എഴുത്തുകാരൻ ആന്ദ്രെ കുർക്കോവ് ഇങ്ങനെ എഴുതുന്നു.''പൊതുജനത്തിനുമുന്നിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ട ചുരുക്കം സന്ദർഭങ്ങളിലും പ്രസിഡന്റ് അപരിഷ്കൃതമായും ധാർഷ്ട്യത്തോടെയുമാണ് പെരുമാറിയത്. അതിനെക്കാളുപരി പറഞ്ഞതെല്ലാം അസംബന്ധവുമായിരുന്നു. കിഴക്കൻ യുക്രൈനിലെ യുദ്ധത്തെക്കുറിച്ചും യുക്രൈനിന്റെ ഭാഗമായിരുന്നതും റഷ്യ തങ്ങളുടെ രാജ്യത്തോട് ചേർത്തതുമായ ക്രിമിയയുടെ കാര്യത്തിലും അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''റഷ്യ കൈയേറ്റക്കാരനാണ്. പുടിൻ ശത്രുവാണ്. ഡോൺബാസും ക്രിമിയയും അധിനിവേശ പ്രദേശങ്ങളാണ്.'' ഉപാധികളില്ലാത്ത സമാധാനത്തിനുവേണ്ടി സെലെൻസ്കി, പുടിന്റെ കാലിൽവീണ് അപേക്ഷിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ചില യുക്രൈനുകാർ അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിൽ അമ്പരന്നു. യുദ്ധം അവസാനിപ്പിക്കാനായി പുടിന്റെ കാലുപിടിക്കാൻവരെ തയ്യാറാണെന്ന് തിരഞ്ഞെടുപ്പുജയത്തിനുമുമ്പേ സെലെൻസ്കി പറഞ്ഞിരുന്നു.''
പക്ഷേ ഈ ആരോപണങ്ങളെയെല്ലാം തന്റെ ഭരണംകൊണ്ട് അപ്രസക്തനാക്കാൻ അദ്ദേഹത്തന് കഴിഞ്ഞു. ടൂറിസം ഐ.ടി രംഗത്തെ മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ശ്രമിച്ച് വരികയായിരുന്നു.
'പരിചയക്കുറവുണ്ട്, പക്ഷേ ജനങ്ങളെ വഞ്ചിക്കില്ലെ'
തെരഞ്ഞെടുപ്പിൽ റഷ്യൻ ഭാഷ സംസാരിക്കുന്ന യുക്രൈനികളുടെ വോട്ട് വൻ തോതിൽ സെലെൻസ്കിക്ക് കിട്ടിയിരുന്നു. റഷ്യൻഭാഷ സംസാരിക്കുന്ന യുക്രൈനുകാരുടെ അവകാശവും താൽപ്പര്യങ്ങളും സംരക്ഷിക്കുമെന്ന് അദ്ദേഹം വാഗ്ദാനവും നൽകിയിയിരുന്നു. ഇക്കാരണംകൊണ്ടാവാം അദ്ദേഹത്തെ അഭിനന്ദിക്കാൻ ആദ്യമെത്തിയവരുടെ കൂട്ടത്തിൽ മുൻ പ്രസിഡന്റായ വിക്തോർ യാനുകോവിച്ചും ഉൾപ്പെട്ടത്. യുക്രൈനിലെ ആഭ്യന്തരകലാപമായ യൂറോമെയ്ഡെനുശേഷം റഷ്യയിലേക്ക് കടന്നുകളഞ്ഞ വ്യക്തിയാണ് ഇയാൾ.
ആദ്യഘട്ടത്തിൽ റഷ്യൻ അനുകൂലിയെന്ന ആരോപണം അദ്ദേഹത്തിന് നേർക്കുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ പഠിച്ചതോടെ സെലൻസ്കി നിലപാട് മാറ്റി. റഷ്യ കൈയേറ്റക്കാരനാണെന്നും പുടിൻ ശത്രുവാണെന്നുമുള്ള സെലെൻസ്കിയുടെ റഷ്യൻ അനുകൂല രാഷ്ട്രീയക്കാരുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. അദ്ദേഹം തീർത്തു നിഷ്പക്ഷനായി യുക്രൈനിനെ മുന്നിൽ നിന്ന് നയിച്ചു.
റഷ്യയുടെ ഭീഷണികൾക്കുള്ള ശ്വാശ്വത പരിഹാരം എന്ന നിലയിലാണ്, നാറ്റോയിൽ അംഗത്വം നേടാനായി കഴിഞ്ഞ രണ്ടു രണ്ടുവർഷത്തിനിടെ സെലെൻസ്കി ശ്രമങ്ങൾ നടത്തിയത്. ആ നീക്കമാണ് പുടിനെ രോഷാകുലനാക്കിയത്. പാശ്ചാത്യ രാജ്യങ്ങളുടെ അതിഥിയായി യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച വേളയിൽ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. അവസാനം പുടിൻ പറഞ്ഞത്, യുക്രെയ്ൻ ഒരു രാജ്യമേ അല്ലെന്നാണ്.
ഇപ്പോഴിതാ പാശ്ചാത്യ ശക്തികളെ നോക്കുകുത്തിയാക്കി റഷ്യ യൂക്രൈനിനെ ആക്രമിച്ച് തീർക്കുകയാണ്. പക്ഷേ ഈ പ്രതിസന്ധിഘട്ടത്തിലും സമചിത്തതയോടെ തലയുയർത്തി നിൽക്കുന്ന പ്രസിഡന്റിനെ പാശ്ചാത്യരാജ്യങ്ങൾ പ്രശംസിക്കുന്നുണ്ട്. രണ്ടുമാസത്തിലേറെയായി അതിർത്തി വളഞ്ഞ് ഒന്നരലക്ഷത്തോളം റഷ്യൻ സൈന്യം നിലകൊണ്ടപ്പോഴും അദ്ദേഹം ജനങ്ങളോടു പരിഭ്രാന്തി പാടില്ലെന്നാണു പറഞ്ഞത്. പുടിനോടു ചർച്ചയ്ക്കു തയാറാണെന്നും പറഞ്ഞു.രണ്ടാം ലോകയുദ്ധകാലത്ത് നാസി ജർമനിയുടെ ആക്രമണം പോലെ ഒരു ചതിയാണു റഷ്യയുടെ കടന്നുകയറ്റമെന്ന് ഇന്നലെ ടിവി പ്രസംഗത്തിൽ പറഞ്ഞു. ''ഞാൻ രാഷ്ട്രീയക്കാരനല്ല, പരിചയക്കുറവുണ്ട്, പക്ഷേ ജനങ്ങളെ വഞ്ചിക്കില്ലെ'ന്ന് സെലെൻസ്കി ആണയിടുന്നു.
ഞങ്ങൾ നാസിസത്തെ ഇല്ലാതാക്കിയവർ
യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി യുദ്ധത്തിന് തൊട്ടുമുമ്പ് നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ. -''ഇന്ന് റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റുമായ സംസാരിക്കാൻ ഞാൻ മുൻകയ്യെടുത്തു. അതിന്റെ ഫലം നിശ്ശബ്ദതയായിരുന്നു. ഡോൺബാസിൽ നിശ്ശബ്ദതയാണ് ഇപ്പോൾ അഭികാമ്യമെങ്കിലും.
അതുകൊണ്ടാണ് റഷ്യയിലെ പൗരന്മാരുടെ മുന്നിലേക്ക് ഒരു നിവേദനവുമായി ഞാൻ വന്നിട്ടുള്ളത്. ഒരു പ്രസിഡന്റ് എന്ന നിലയ്ക്കല്ല. ഞാൻ റഷ്യൻ ജനങ്ങളോട് ഒരു യുക്രൈനിയൻ പൗരനെന്ന നിലയ്ക്കാണു സംസാരിക്കുന്നത്. നമ്മൾ രണ്ടായിരം കിലോമീറ്ററുകൾ നീളം വരുന്ന അതിർത്തി പങ്കിടുന്നുണ്ട്. അതിനു ചുറ്റും ഇന്ന് നിങ്ങളുടെ സൈന്യമാണ്; ഏകദേശം രണ്ടുലക്ഷം സൈനികർ, ആയിരക്കണക്കിനു സൈനിക യൂണിറ്റുകൾ. നിങ്ങളുടെ നേതൃത്വം ഞങ്ങൾക്കെതിരെയുള്ള അവരുടെ നീക്കത്തിന് അനുമതി നൽകിയിരിക്കുന്നു. മറ്റൊരു രാഷ്ട്രത്തിന്റെ ഭൂപ്രദേശത്തിലേക്ക്. ഈ നടപടി യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഒരു വലിയ യുദ്ധം തുടങ്ങിവെച്ചേക്കാം. എന്നുവേണമെങ്കിലും സംഭവിച്ചേക്കാവുന്നതിനെക്കുറിച്ച് ലോകം മുഴുവൻ ഇപ്പോൾ സംസാരിക്കുകയാണ്. ഒരു കാരണം എന്നുവേണമെങ്കിലുമുണ്ടാവാം. ഒരു തീപ്പൊരി. എല്ലാത്തിനെയും ചുട്ടെരിച്ചു കളയാൻ ശേഷിയുള്ള ഒരു തീപ്പൊരി.
ഈ ജ്വാല യുക്രെ്നിയൻ ജനതക്ക് സ്വാതന്ത്ര്യം നേടിത്തരുമെന്നാണ് നിങ്ങളോട് അവർ പറയുന്നത്. പക്ഷെ യുക്രെനിയൻ ജനത സ്വതന്ത്രരാണ്. അവർ അവരുടെ ചരിത്രം ഓർമ്മിക്കുകയും ഭാവികാലത്തെ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ടി.വി.യിൽ നിങ്ങളോടു പറയുന്നതു പോലെ യുക്രെനിയൻ ജനത അതു നശിപ്പിക്കുകയല്ല, അവർ അതു നിർമ്മിക്കുകയാണ്. നിങ്ങളുടെ വാർത്തകളിലെ യുക്രെനും യാഥാർത്ഥ്യത്തിലെ യുക്രെനും തീർത്തും വ്യത്യസ്തമായ രണ്ടു രാഷ്ട്രങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഞങ്ങളുടേത് യഥാർത്ഥമാണെന്നതാണ്.
നിങ്ങളോട് അവർ പറയുന്നത് ഞങ്ങൾ നാസികളാണെന്നാണ്. നാസിസത്തെ ഇല്ലാതാക്കാൻ എൺപതു ലക്ഷം പേർ ജീവത്യാഗം ചെയ്ത ഒരു രാഷ്ട്രത്തെ നാസികൾ എന്നു വിളിക്കാൻ എങ്ങനെ സാധിക്കും? സോവിയറ്റ് സൈന്യത്തിന്റെ ഭാഗമായിരുന്നു കൊണ്ട് എന്റെ മുത്തശ്ശൻ ഒരു യുദ്ധം മുഴുവനും പോരാടുകയും സ്വതന്ത്ര യുക്രെനിൽ ഒരു കേണലായിട്ടു മരിക്കുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ എനിക്കെങ്ങനെയാണു നാസിയാവാൻ സാധിക്കുക? ഞങ്ങൾ റഷ്യൻ സംസ്കാരത്തെ വെറുക്കുന്നു എന്നാണ് അവർ നിങ്ങളോടു പറയുന്നത്. എങ്ങനെയാണ് ഒരു സംസ്കാരത്തെ ഏതു സംസ്ക്കാരത്തെയും വെറുക്കാനാവുക? അയൽക്കാർ എല്ലായ്പ്പോഴും സാംസ്കാരികമായി പരസ്പരം സമ്പന്നരാക്കുകയാണു ചെയ്യുക. അത് അവരുടെ അസ്തിത്വത്തെ ഒന്നുചേർക്കുകയില്ല. അത് ജനങ്ങളെ 'അവർ' എന്നും 'ഞങ്ങൾ' എന്നും വേർതിരിക്കുകയുമില്ല. നമ്മൾ വ്യത്യസ്തരാണ്. അതു പക്ഷെ ശത്രുതയ്ക്കുള്ള കാരണമല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ ചരിത്രം നിർമ്മിക്കണം. സമാധാനത്തോടെ, ശാന്തതയോടെ, സത്യസന്ധതയോടെ.
ഡോൺബാസിൽ ആക്രമണത്തിനു ഞാൻ ഉത്തരവിട്ടു എന്നാണ് അവർ നിങ്ങളോടു പറയുന്നത്. വെടിവെയ്ക്കാൻ. ചോദ്യങ്ങളില്ലാതെ ബോംബ് ചെയ്യാൻ. പക്ഷെ അവിടെ ചോദ്യങ്ങളുണ്ട്. ആരെ വെടിവെയ്ക്കാൻ? എന്തിനെ ബോംബ് ചെയ്യാൻ?
ഡുണ്യെസ്കിൽ.. ഞാൻ പലതവണ പോയിട്ടുള്ള പ്രദേശം. ഞാനവരുടെ മുഖവും കണ്ണുകളും കണ്ടിട്ടുണ്ട്. അർത്തെമ തെരുവിൽ ഞാൻ സുഹൃത്തുക്കളോടൊത്ത് പലതവണ നടക്കാനിറങ്ങിയിട്ടുള്ള സ്ഥലത്ത്.ഡോൺബാസ് ചത്വരത്തിൽ, യൂറോ കപ്പ് നടക്കുമ്പോൾ നമ്മുടെ കുട്ടികളോടൊത്ത് ഞാൻ ആർപ്പു വിളിച്ച സ്ഥലത്ത്, ഷർബ്ബക്കോവ പാർക്കിൽ, നമ്മുടെ ടീം കളി തോറ്റപ്പോൾ നമ്മൾ ഒരുമിച്ചിരുന്നു മദ്യപിച്ച ഇടത്തിൽ.ലുഗാൻസ്കിൽ, എന്റെ അടുത്ത സുഹൃത്തിന്റെ അമ്മയുടെ വീട്ടിൽ? എന്റെ സുഹൃത്തിന്റെ അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിൽ?
ഞാനിപ്പോൾ റഷ്യൻ ഭാഷയിലാണു സംസാരിക്കുന്നതെന്നു നിങ്ങൾ ശ്രദ്ധിച്ചിരിക്കും; പക്ഷെ റഷ്യയിൽ ആർക്കും ഈ പേരുകളുടെയോ തെരുവുകളുടെയോ സംഭവങ്ങളുടെയോ ആഴം മനസ്സിലാക്കാനാവില്ല. ഇതെല്ലാം നിങ്ങൾക്ക് അന്യമാണ്. അജ്ഞാതമാണ്. ഇതു ഞങ്ങളുടെ നാടാണ്. ഞങ്ങളുടെ ചരിത്രമാണ്. എന്തിനു വേണ്ടിയാണ് നിങ്ങൾ പോരാടാൻ പോവുന്നത്? ആർക്കെതിരെയാണ്?
നിങ്ങളിൽ പലരും മുൻപ് യുക്രെനിൽ വന്നിട്ടുള്ളവരാവും. നിങ്ങളിൽ പലർക്കും ഇവിടെ ബന്ധുക്കളുണ്ടാവും. നിങ്ങളിൽ ചിലർ ഇവിടത്തെ സർവ്വകലാശാലകളിൽ പഠിച്ചവരായിരിക്കും. യുക്രെനിയൻ സുഹൃത്തുക്കളുള്ളവരായിരിക്കും. ഞങ്ങളുടെ രീതികളും ഞങ്ങളുടെ ജനങ്ങളും ഞങ്ങളുടെ ആദർശങ്ങളും നിങ്ങൾക്കു പരിചയമുള്ളതു തന്നെയാണ്. എന്തിനാണു ഞങ്ങൾ വലിയ വിലകൽപ്പിക്കുന്നത് എന്നു നിങ്ങൾക്കറിയാം. നിങ്ങളിലേക്കു തന്നെ തിരിഞ്ഞുനോക്കൂ, നിങ്ങൾക്കുള്ളിലെ വിവേകത്തിനും സാമാന്യബുദ്ധിക്കും ചെവികൊടുക്കൂ. നിങ്ങൾക്കു ഞങ്ങളുടെ ശബ്ദംകേൾക്കാം. യുക്രെ്നിയൻ ജനത്തിനു വേണ്ടതു സമാധാനമാണ്.
യുക്രെനിയൻ അധികാരികൾക്കു വേണ്ടതു സമാധാനമാണ്. ഞങ്ങൾക്ക് അതു വേണം; ഞങ്ങൾ അതുണ്ടാക്കുകയും ചെയ്യും. ഞങ്ങൾക്ക് കഴിയുന്നതെല്ലാം അതിനായി ഞങ്ങൾ ചെയ്യും. ഞങ്ങൾ ഒറ്റയ്ക്കല്ല. സത്യമാണ്; യുക്രെയ്നിനു പിന്തുണയുമായി ഒരുപാടു രാഷ്ട്രങ്ങളുണ്ട്. എന്തുകൊണ്ടാണത്? കാരണം, 'എന്തു വില കൊടുത്തും' സമാധാനം നേടണമെന്നല്ല ഞങ്ങൾ പറയുന്നത്. ഞങ്ങൾ പറയുന്നത് സമാധാനത്തെക്കുറിച്ചും ആദർശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചുമാണ്.
ഓരോരുത്തരുടെയും ഭാവിയുടെയും സുരക്ഷയുടെയും മേലുള്ള അവരവരുടെ അവകാശത്തെക്കുറിച്ചാണ്. ഭീഷണികളില്ലാതെ ജീവിക്കാനുള്ള ഓരോരുത്തരുടെയും അവകാശത്തെക്കുറിച്ചാണ്. ഇതെല്ലാം ഞങ്ങൾക്കു പ്രധാനമാണ്. ഇതെല്ലാം സമാധാനത്തിനും പ്രധാനമാണ്. ഒരു യുദ്ധം ഞങ്ങൾക്കു വേണ്ടെന്നു ഞങ്ങൾക്കു തീർച്ചയുണ്ട്. ശീതയുദ്ധമായാലും ഉഷ്ണമുള്ള യുദ്ധമായാലും ഇതു രണ്ടും ചേർന്നതായാലും അതു ഞങ്ങൾക്കു വേണ്ട.
പക്ഷെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ... ആരെങ്കിലും ഞങ്ങളുടെ രാജ്യത്തെ അപഹരിക്കാൻ ശ്രമിച്ചാൽ, ഞങ്ങളുടെ സ്വാതന്ത്യത്തെ, ഞങ്ങളുടെ ജീവിതത്തെ, ഞങ്ങളുടെ കുട്ടികളുടെ ജീവിതങ്ങളെ... ഞങ്ങൾ ഞങ്ങളെ പ്രതിരോധിക്കും. ആക്രമിക്കുകയല്ല, പ്രതിരോധിക്കും. ഞങ്ങളെ ആക്രമിച്ചാൽ നിങ്ങൾ കാണുക ഞങ്ങളുടെ മുഖങ്ങളാണ്. ഞങ്ങളുടെ പിറകല്ല. ഞങ്ങളുടെ മുഖങ്ങൾ.
യുദ്ധം ഒരു മഹാദുരിതമാണ്. അതിനു വലിയ വിലയുണ്ട് - എല്ലാ അർത്ഥത്തിലും. ആളുകൾക്ക് അവരുടെ ധനം, സൽപ്പേര്, നല്ല ജീവിതം, സ്വാതന്ത്ര്യം, ഇതെല്ലാം നഷ്ടപ്പെടും. ഇതിനെക്കാളൊക്കെ പ്രധാനമായി ആളുകൾക്ക് അവരുടെ ബന്ധുക്കളെയും മിത്രങ്ങളെയും നഷ്ടപ്പെടും. അവരവരെത്തന്നെ നഷ്ടപ്പെടും. യുദ്ധം ഒരുപാടു കാര്യങ്ങളെ ഇല്ലാതാക്കും. ഒരുപാടു കാര്യങ്ങളെ സമൃദ്ധമാക്കുകയും ചെയ്യും: വേദന, അഴുക്ക്, രക്തം, മരണം.. ആയിരക്കണക്കിന്.. പതിനായിരക്കണക്കിന് മരണം.
യുക്രെയിൻ റഷ്യക്ക് ഒരു ഭീഷണിയാണെന്നാണ് അവർ നിങ്ങളോടു പറയുന്നത്. അത് ഇതിനു മുൻപ് സത്യമായിരുന്നില്ല, ഇപ്പോൾ സത്യമല്ല, ഇനിയൊരിക്കലും സത്യമാവുകയുമില്ല. നാറ്റോയിൽ നിന്ന് സുരക്ഷാവാഗ്ദാനങ്ങൾ നിങ്ങളാവശ്യപ്പെടുന്നു. ഞങ്ങളും സുരക്ഷാവാഗ്ദാനങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങളിൽ നിന്നുള്ള യുക്രെയ്നിന്റെ സുരക്ഷ. റഷ്ഷയിൽ നിന്നുള്ള സുരക്ഷ. ബുഡാപെസ്റ്റ് മെമ്മറാൻഡത്തിൽ ഒപ്പുവെച്ച മറ്റു കക്ഷികളിൽ നിന്നുമുള്ളതും. ഇന്ന് പലപാടുള്ള സുരക്ഷാമുന്നണികളിൽ ഞങ്ങൾ ഭാഗഭാക്കല്ല. യുക്രെയ്നിന്റെ സുരക്ഷ അതിന്റെ അയൽരാഷ്ട്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് യൂറോപ്പിന്റെ മുഴുവൻ സുരക്ഷയെക്കുറിച്ചും നമ്മളിപ്പോൾ സംസാരിക്കുന്നത്. പക്ഷെ ഞങ്ങളുടെ പ്രധാനലക്ഷ്യം യുക്രെയ്നിലെ സമാധാനമാണ്, ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയാണ്. യുക്രെയ്നിയക്കാരുടെ സുരക്ഷ. അത്, നിങ്ങളുൾപ്പെടെ, എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നു. യുദ്ധം എല്ലാവരിൽ നിന്നും എല്ലാ വാഗ്ദാനങ്ങളും ഇല്ലാതാക്കും. സുരക്ഷയെക്കുറിച്ച് ഉറപ്പ് ആർക്കുമുണ്ടാവില്ല.
ആരാണ് ഇതിൽ ഏറ്റവും നരകിക്കാൻ പോവുന്നത്? ജനങ്ങൾ, ആർക്കാണ്, മറ്റാരേക്കാളും, ഇതു വേണ്ടെന്നുള്ളത്? ജനങ്ങൾക്ക്. ആർക്കാണ് ഇതെല്ലാം സംഭവിക്കുന്നതു തടയാനാവുക? ജനങ്ങൾക്ക്.
അങ്ങനെയുള്ള ജനങ്ങൾ നിങ്ങൾക്കിടയിലുണ്ടെങ്കിൽ ഉണ്ടെന്ന് എനിക്കുറപ്പുണ്ട് പൊതുകാര്യപ്രസക്തർ, പത്രക്കാർ, സംഗീതജ്ഞർ, അഭിനേതാക്കൾ, കായികതാരങ്ങൾ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ബ്ലോഗേഴ്സ്, സ്റ്റാൻഡ്-അപ് കൊമേഡിയൻസ്, ടിക്ൾടോക്കേഴ്സ്, മറ്റുള്ളവർ... സാധാരണക്കാർ. ശരാശരി സാധാരണ മനുഷ്യർ. സ്ത്രീകൾ, പുരുഷന്മാർ, വയസ്സായവർ, ചെറുപ്പക്കാർ, അച്ഛന്മാർ അതിനെക്കാൾ പ്രധാനമായി, അമ്മമാർ. യുക്രെയ്നിലുള്ളതു പോലെ തന്നെ ഇവർ നിങ്ങൾക്കിടയിലുണ്ട്; മറിച്ച് അവർ എന്തൊക്കെ പറഞ്ഞാലും.
റഷ്യൻ ടെലിവിഷനിൽ എന്റെ പ്രഖ്യാപനം അവർ സംപ്രേഷണം ചെയ്യില്ല എന്ന് എനിക്കറിയാം. പക്ഷെ റഷ്യൻ പൗരന്മാർ ഇതു കാണണം. അവർ സത്യം അറിയേണ്ടത് ആവശ്യമാണ്. വല്ലാതെ വൈകിപ്പോവുന്നതിനു മുൻപ് ഇത് അവസാനിക്കേണ്ടതുണ്ട് എന്നതാണു സത്യം. റഷ്യൻ അധികാരികൾ സമാധാനത്തിനായി ഞങ്ങളോടു സംസാരിക്കുന്നില്ലെങ്കിലും, ഒരുപക്ഷെ നിങ്ങളോട് അവർ സംസാരിച്ചേക്കും.
റഷ്യയിലെ ജനങ്ങൾക്ക് യുദ്ധം വേണോ? അതിനുള്ള ഉത്തരം പറയാൻ എനിക്കു കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു. പക്ഷെ ആ ഉത്തരം നിങ്ങളെ റഷ്യ ഫെഡറേഷനിലെ പൗരന്മാരെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്.''- ഇങ്ങനെയാണ് സെലൻസ്ക്കി തന്റെ വികാരോജ്വല പ്രസംഗം അവസാനിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള യുദ്ധ വിരുദ്ധ പേരാളികളും മനുഷ്യാവകാശ പ്രവർത്തകരും ഈ പ്രസംഗത്തിന്റെ തർജ്ജമ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റഷ്യക്കാകട്ടെ ഇതിന്റെ വസ്തുതകളെ ഖണ്ഡിക്കാനും കഴിയുന്നില്ല.
പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് മറ്റാരേക്കാളും നന്നായി സെലൻസ്ക്കിക്ക് അറിയാം. എന്നിട്ടും അദ്ദേഹം പറയുന്നു. 'ഞങ്ങൾ പ്രതിരോധിക്കും, അവസാന നിമിഷംവരെ''.
റഫറൻസ്- ആന്ദ്രെ കുർക്കോവ് -ലേഖനം മാതൃഭൂമി ഓൺലൈൻ
സെലൻസ്കി പ്രസംഗം തർജ്ജമ- പ്രജേഷ് പണിക്കർ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ