മനാമ : പെട്രോൾ വില വർദ്ധനവിന് പിന്നാലെ ഫാമിലി വിസ നിബന്ധനകളും കർശനമാക്കിയതോടെ പ്രവാസികളുടെ പുതുവർഷത്തിന് മങ്ങലേറ്റിരിക്കുകയാണ്. സിഗരറ്റ്, കോള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ പുതിയ നികുതിക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇന്ധന വിലയും കുത്തനെ ഉയർത്തിയത്.

ജയ്യിദ് പെട്രോൾ (ഒക്ടേൻ 91) വില ലീറ്ററിന് 140 ഫിൽസായും മുംതാസ് പെട്രോളിന്റെ വില 160 ഫിൽസിൽനിന്ന് 200 ഫിൽസ് ആയുമാണ് ഉയർന്നത്. ഇതോടെ ജീവിതച്ചെലവ് കുത്തനെ ഉയരുമോയെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസി സമൂഹം.പൊതുഗതാഗത മാർഗങ്ങളായ ബസ്, ടാക്‌സി എന്നിവർ നിലവിലുള്ള നിരക്കിനേക്കാൾഅമിത ചാർജ് ഈടാക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതോടൊപ്പം ഫാമിലി വിസ ലഭിക്കാനുള്ള മാനദണ്ഢങ്ങൾ മാറ്റിയതും പ്രവാസികൾക്ക് ആശങ്ക സൃഷ്ടിക്കുന്നു. ഇത് പ്രകാരം ഇനിമുതൽ ഇവിടെ താമസിക്കുന്ന വിദേശികൾക്ക്അവരുടെ കുടുംബത്തെ ഇവിടേക്ക് സ്ഥിരമായി കൊണ്ട് വരണമെങ്കിൽപ്രതിമാസ വരുമാനം 400 ദിനാർ വേണം.നേരത്തേ ഇത് 250 ദിനാറായിരുന്നു.നിലവിൽ ഫാമിലി വിസ ഉള്ളവർക്ക് ഈ നിബന്ധന ബാധകമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.