കോഴിക്കോട്: ബാലുശേരി തലയാട് മണിച്ചേരിമല ഗോപാലൻ വധക്കേസിൽ പ്രതി മഹാരാഷ്ട്ര സ്വദേശി നവീൻ ബൈജുനാഥ് യാദവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കോഴിക്കോട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഗോപാലന്റെ മരുമകൾ ലീലയെ വധിച്ചത് നവീൻ യാദവ് ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ലീല മരിക്കുന്നതിന് നാലു മാസം മുൻപാണ് ഗോപാലനെ നവീൻ കുത്തി കൊലപ്പെടുത്തിയത്. ലീലയാണ് ഗോപാലനെ കൊല്ലാൻ നവീന് ക്വട്ടേഷൻ നൽകിയത്. എന്നാൽ ഗോപാലനെ കൊലപ്പെടുത്തിയതിന്റെ പണമായ മൂന്നു ലക്ഷം ലീല നൽകാത്തതുകൊണ്ട് നവീൻ അവരെയും കൊലപ്പെടുത്തുകയായിരുന്നു. ലീലയുടെ മരണത്തിൽ നവീനെ പിടികൂടിയതോടെയാണ് ഗോപാലനെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സമ്മതിച്ചത്.

ലീലയുടെ ഭർത്താവ് സുരേന്ദ്രൻ നടത്തിയിരുന്ന തലയാട് ത്രിവേണി ഹോട്ടലിലെ ജീവനക്കാരനായിരുന്നു മഹാരാഷ്ട്രക്കാരനായ നവീൻ ബൈജുനാഥ് യാദവ്. 2013 ജുലൈ മൂന്നിന് ഉച്ചയ്ക്ക് തലയാട് മണിച്ചേരിമലയിലെ ലീലയുടെ വീട്ടിലെത്തിയ പ്രതി നവീൻ യാദവ് വലിയ കൊടുവാൾ ഉപയോഗിച്ച് ഒറ്റ വെട്ടിന് ലീലയെ കൊല്ലുകയായിരുന്നു.