തിരുവനന്തപുരം: പൊതുപ്രവർത്തകന് നേരെ ഫോണിൽ വിളിച്ച് വധഭീഷണിയുമായി മുൻ എംഎഎൽെയുടെ അളിയൻ. കേരള കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ഹഫീസിന് നേരെയാണ് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വർക്കല കഹാറിന്റെ ഭാര്യ സഹോദരൻ അസഭ്യ വർഷം നടത്തിയതും വധഭീണി മുഴക്കിയതും. ഫോണിൽ വിളിച്ച് മുൻപ് എംഎൽഎയുടെ ഡ്രൈവറെ കൊന്ന് കിണറ്റിലിട്ട കാര്യം ഉൾപ്പടെ പറഞ്ഞായിരുന്നു ഭീഷണിയെന്നും റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിൽ ഹഫീസ് പറയുന്നു.

കോട്ടയത്ത് പാർട്ടി കമ്മിറ്റി കഴിഞ്ഞ് മടങ്ങവെ പരിചയമില്ലാത്ത ഒരു ഫോൺ നമ്പറിൽ നിന്ന് കോൾ വന്നുവെന്നും കേശവപുരം ജുമഅ സെക്രട്ടറി ആണോ എന്ന് ചോദിച്ച് അല്ല എന്ന് മറുപടി നൽകിയപ്പോൾ തെറി അഭിഷേകം നടത്തുകയായിരുന്നു. ആള് മാറി വിളിച്ചതാകാം എന്ന് കരുതി ഫോൺ കട്ട് ചെയ്‌തെങ്കിലും നിരന്തരം വിളിച്ച് തെറി വിളിക്കുകയും വണ്ടി ഇടിപ്പിച്ച് കൊല്ലും എന്ന് പറയുകയും ചെയ്തു. സ്വന്തം ഡ്രൈവറെ കൊന്നിട്ട് കഹാറിന്റെ ഒരു പൂടയും പറിച്ചിട്ടില്ലെന്നും ഭീഷണി മുഴക്കി. ആരാണ് ഈ നമ്പറിൽ നിന്ന് വിളിക്കുന്നത് എന്ന് മനസ്സിലാക്കാനായി ഫോൺ നമ്പർ സേവ് ചെയ്ത് വാട്‌സാപ്പിൽ പരിശോധിച്ചപ്പോൾ ആണ് വർക്കല കഹാറിന്റെ അളിയൻ മൂസയാണ് എന്ന് തെളിഞ്ഞത്.

അബദ്ധം പറ്റിയത് ആണോ എന്ന് മനസ്സിലാക്കാനായി വീണ്ടും ഈ നമ്പറിൽ തിരിച്ച് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പിറ്റേദിവസം രാവിലെ ഫോണിൽ വീണ്ടും വിളിച്ച് അബദ്ധം പറ്റിയത് ആണോ എന്ന് അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്നും ഹഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിന് പിന്നാലെ പരാതി നൽകുകയും നടന്ന സംഭവം ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു. പരാതി നൽകി എന്ന് അറിഞ്ഞതിന് ശേഷം എംഎൽഎയുടെ അളിയൻ വിളിക്കുകയും മദ്യ ലഹരിയിൽ സംഭവിച്ചതാണ് എന്ന പറഞ്ഞ് മാപ്പ് ചോദിക്കുകയും ചെയ്തു.

എന്നാൽ എംഎൽഎയുടെ ഡ്രൈവറെ കൊലപ്പെടുത്തിയതുൾപ്പടെ പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാലും ഡ്രൈവറുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ട സംഭവത്തിൽ ബന്ധുക്കൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പരാതി കൊടുത്തുവെങ്കിലും പലമുണ്ടായില്ല. രാത്രി വിളിച്ചത് മറ്റ് പലരും പറഞ്ഞിട്ടാണ് എന്ന് മൂസ പറഞ്ഞെങ്കിലും അവരോടൊക്കെ നേരിട്ട് ചോദിച്ചപ്പോൾ അത് സത്യമല്ല എന്നാണ് മനസ്സിലാക്കിയത്. പിന്നീട് പരാതി നൽകുന്നതിലേക്ക് എത്തിയത് മാനസിക വിഷമവും മരണഭയവും ഉള്ളതിനാലാണെന്നും അതോടൊപ്പം തന്നെ ഡ്രൈവറുടെ കൊലപാതകത്തിൽ ഈ ഫോൺ കോളിലൂടെ എന്തെങ്കിലും തുമ്പുണ്ടാകുമെങ്കിൽ അതും സംഭവിക്കട്ടെ എന്നും കരുതിയാണെന്നും ഹഫീസ് പറയുന്നു.

അതേസമയം വിഷയത്തിൽ വർക്കല കഹാർ എംഎൽഎയും പരാതി നൽകിയിട്ടുണ്ട്. തനിക്ക് ഒരു അറിവുമില്ലാത്ത കാര്യത്തിൽ വെറുതെ വലിച്ച് ഇഴയ്ക്കുകയും മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തതിനെ ചൂണ്ടിക്കാണിച്ച ആദ്യം ഈ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണം എന്ന് കഹാർ ആവശ്യപ്പെട്ടെങ്കിലും ഹഫീസ് പിൻവലിക്കാൻ തയ്യാറാകാതിരുന്നതോടെ മുൻ എംഎൽഎ പരാതി നൽകുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വർക്കല കഹാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

എനിക്ക് എതിരെ പ്രേത്യക്ഷപെട്ട ഫേസ്‌ബുക് പോസ്റ്റ് കാണാൻ ഇടയായി അത് സത്യവിരുദ്ധവും അപകീർത്തികരവുമാണ് .ഇ വ്യക്തിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല .ഇ കാര്യത്തിൽ ഞാൻ ഇ വ്യക്തിക്കു നോട്ടീസ് നൽകുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് ഇ കാര്യങ്ങൾ ഇതോടപ്പം ചേർക്കുന്നു