കാസർകോഡ്: ഫാത്തിമത്തുൽ സുഹ്‌റ വധക്കേസിൽ പ്രതിയെ ജീവപര്യന്തം തടവിനും 15 വർഷം അധിക തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പള ഉജ്ജാർ ഉളുവാറിലെ ഫാത്തിമത്തുൽ സുഹ്‌റയെ (18) പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി കിടന്നുറങ്ങുമ്പോൾ കഴുത്തുറത്തുകൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

കർണ്ണാടക സ്വദേശി ഉമ്മർ എന്ന ഉമ്മർബ്യാരി(40)യാണ് പ്രതി. 302ാം വകുപ്പ് പ്രകാരമാണ് ജീവപര്യന്തവും 30,000 രുപ പിഴയും വിധിച്ചത്. മറ്റൊരു വകുപ്പിൽ വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും 20,000 പിഴയും വിധിച്ചു. മറ്റൊരു വകുപ്പിൽ അഞ്ചു വർഷം ശിക്ഷയും വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി രണ്ട് ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.

കുമ്പള, ഉജാർ ഉളുവാറിലെ അബൂബക്കറിന്റെ മകൾ ഫാത്തിമത്തുൽ സുഹറ 2006ലാണ് കൊല്ലപ്പെട്ടത്. കർണാടക ബണ്ട്വാൾ താലൂക്കിലെ ഉജിരക്കര ബളാല വില്ലേജിലെ മുണ്ടത്തിയാർ ഹൗസിലെ ബി എം ഉമ്മർ എന്ന ഉമ്മർബ്യാരി 2006 ഡിസംബർ 28ന് രാത്രിയിലാണ് കൊലപാതകം നടത്തിയത്. പള്ളിത്തോട്ടത്തിൽ ജോലിക്കാരനായി എത്തിയ പ്രതി സ്ഥലവാസിയായ ഫാത്തിമത്ത് സുഹറയെ പരിചയപ്പെടുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. എന്നാൽ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് കേസ്.

സംഭവദിവസം രാത്രി ഫാത്തിമത്തുൽ് സുഹ്‌റയുടെ വീട്ടുപരിസരത്തെത്തിയ പ്രതി വീടിനോടു ചേർന്ന തെങ്ങിലൂടെ വീടിന്റെ മേൽക്കൂരയിൽ കയറുകയും തുടർന്ന് ഓടിളക്കി ഫാത്തിമത്ത് സുഹ്‌റ കിടന്നുറങ്ങിയിരുന്ന മുറിയിലിറങ്ങി കഴുത്തറുത്തുകൊല്ലുകയുമായിരുന്നു. കുമ്പള സിഐ ആയിരുന്ന ഇപ്പോഴത്തെ കണ്ണൂർ അഡ്‌മിനിസ്‌ട്രേഷൻ ഡിവൈഎസ്‌പി ടി പി രഞ്ജിത്താണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

പിന്നീട് കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ മുങ്ങിയ പ്രതിയെ കർണ്ണാടക ആന്ധ്രാപ്രദേശ് അതിർത്തിയിൽ ഒളിവിൽ കഴിഞ്ഞപ്പോഴും പ്രതിയെ പിടികൂടിയത് ടി.പി.രഞ്ജിത്ത് തന്നെയാണ്.