- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ വച്ച് തളിരിട്ട പ്രണയം; വീട്ടുകാർ എതിർപ്പുയർത്തിയിട്ടും ഉണ്ണി പിന്മാറിയില്ല; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും ജോലിക്ക് പോകാതെ വിറ്റുതിന്നതൊക്കെയും പ്രിയങ്കയുടെ സ്വർണം; സാമ്പാദ്യങ്ങൾ തീർന്നപ്പോഴുണ്ടായ കലഹങ്ങളും പീഡനങ്ങളും കൊണ്ടെത്തിച്ചത് പ്രിയങ്കയുടെ ആത്മഹത്യയിലേക്കും
തിരുവനന്തപുരം: പ്രിയങ്കയുടെ മരണം നൽകിയ ഷോക്കിൽ നിന്നും സഹോദരൻ വിഷ്ണുവും മറ്റ് കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. വീട്ടുകാരോട് അത്രത്തോളം ആത്മബന്ധമായിരുന്നു പ്രിയങ്കയ്ക്ക് ഉണ്ടായിരുന്നത്. സ്കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കി. കൂലിപ്പണിയെടുത്ത് കുടുംബംപോറ്റുന്ന സഹോദരന് ഒരു കൈത്താങ്ങാകുന്നതിന് വേണ്ടിയായിരുന്നു പ്രിയങ്ക ജോലിക്ക് പോയത് തന്നെ. തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ നീന്തൽ അദ്ധ്യാപികയായിരുന്ന പ്രിയങ്ക അവിടെ വച്ചാണ് ഉണ്ണി പി ദേവിനെ പരിചയപ്പെടുന്നത്. പരിചയം പിന്നെ പ്രണയമായി.
അവരുടെ സ്നേഹബന്ധം പ്രിയങ്കയുടെ വീട്ടുകാർ അംഗീകരിച്ചെങ്കിലും ഉണ്ണിയുടെ കുടുംബം അവരുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. പ്രിയങ്കയുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി തന്നെയായിരുന്നു പ്രധാനകാരണം. ഒടുവിൽ ഉണ്ണിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. സ്ത്രീധനമായി അവർ ഒന്നും ചോദിച്ചില്ലെങ്കിലും തങ്ങളാൽ കഴിയുന്ന സ്വർണമൊക്കെ നൽകിയാണ് വിഷ്ണു സഹോദരിയെ വിവാഹം ചെയ്തയച്ചത്.
പ്രണയിച്ച് വിവാഹം ചെയ്ത പ്രിയങ്കയും ഉണ്ണിയും ആദ്യകാലങ്ങളിൽ വളരെ സ്നേഹത്തിലായിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരൻ വിഷ്ണു പറയുന്നു. എന്നാൽ ഉണ്ണി ജോലിക്ക് പോകാൻ തയ്യാറാകാത്തതും കഞ്ചാവ് ഉപയോഗവുമൊക്കെ വീട്ടിൽ വഴക്കുകൾ സൃഷ്ടിച്ചിരുന്നു. എങ്കിൽപോലും അത് ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം പോകുമായിരുന്നില്ല. പ്രിയങ്കയുടെ സമ്പാദ്യങ്ങളും സ്വർണവുമൊക്കെ ഉപയോഗിച്ചായിരുന്നു ഫ്ളാറ്റിന്റെ വാടകയും മറ്റ് ചെലവുകളും നടന്നുവന്നിരുന്നത്. സമ്പാദ്യം കുറഞ്ഞുവന്നതോടെ അവർ ഫ്ളാറ്റ് വിട്ട് ഒരു വീട്ടിലേയ്ക്ക് താമസം മാറ്റി. വിവാഹത്തോട് വലിയ താൽപര്യമില്ലാതിരുന്ന ഉണ്ണിയുടെ വീട്ടുകാരും പിണക്കങ്ങൾ മാറ്റിവച്ച് സഹകരിച്ചുതുടങ്ങി. എന്നാൽ പ്രിയങ്കയുടെ സ്വർണം മുഴുവൻ വിറ്റുതീർന്നതോടെ മാസങ്ങൾക്ക് മുമ്പ് ചെറിയ വഴക്കുകൾ വലിയ കലഹങ്ങളായി മാറി. ക്രൂരമായ പീഡനങ്ങൾ നിത്യസംഭവമായതോടെയാണ് പ്രിയങ്ക അങ്കമാലിയിൽ നിന്നും വെമ്പായത്തെ വീട്ടിലേയ്ക്ക് തിരിച്ചുവരുന്നത്. അന്നു വൈകിട്ടുതന്നെ വട്ടപ്പാറയിലെ സ്റ്റേഷനിൽ ചെന്ന് പരാതി നൽകി.
തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി അങ്കമാലി പൊലീസിനേയും 10-ാം തീയതി അറിയിച്ചിരുന്നു. അവർ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞുതീർത്തിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരന്റെ കൂടെ പ്രിയങ്ക പോന്നത്. 12-ാം തീയതി രാവിലെ ഭക്ഷണം കഴിച്ച ശേഷം പ്രിയങ്കയ്ക്ക് ഒരു ഫോൺ കോൾ വന്നിരുന്നതായി സഹോദരൻ പറയുന്നു. അതിന് ശേഷം കിടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് മുറിയ്ലേയ്ക്ക് പോയ പ്രിയങ്കയെ ഉച്ചയോടെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോണിൽ വിളിച്ചത് ഉണ്ണിയായിരുന്നോ എന്ന കാര്യത്തിൽ വീട്ടുകാർക്ക് സംശയം ഉണ്ട്.
പ്രിയങ്കയെ ഉണ്ണി മർദ്ദിച്ചതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.
പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിൽ ഉണ്ണി പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ