- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദച്ചാമിക്കു സുപ്രീം കോടതി വിധിച്ചതു ജീവപര്യന്തം; ആദ്യഭാഗം കേട്ട് ഏഴുവർഷം തടവ് എന്നു പ്രഖ്യാപിച്ചു മാദ്ധ്യമവിചാരണ തുടരവെ അപ്രതീക്ഷിതമായി തിരുത്തെത്തി; ഒരുപോലെ എല്ലാ മാദ്ധ്യമങ്ങൾക്കും പിശകു പറ്റിയതിൽ ദുരൂഹത; വാർത്തകൾ തിരുത്തിയും ചർച്ചകൾ വഴിതിരിച്ചും മുഖം രക്ഷിക്കാൻ മാദ്ധ്യമങ്ങൾ
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീം കോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദു ചെയ്‌തെങ്കിലും ഏഴു വർഷം മാത്രം തടവ് എന്നതു മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ടു ചെയ്തതാണെന്ന് ഒടുവിൽ വ്യക്തമാകുന്നു. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിപ്പകർപ്പു പുറത്തു വന്നപ്പോൾ ഗോവിന്ദച്ചാമിക്കു സുപ്രീം കോടതി നൽകിയിരിക്കുന്നത് ജീവപര്യന്തം തടവാണ് എന്നാണ് വ്യക്തമാകുന്നത്. ഒരേസമയം എങ്ങനെയാണ് എല്ലാ മാദ്ധ്യമങ്ങൾക്കും ഒരുപോലെ തെറ്റു പറ്റിയത് എന്നത് അവ്യക്തമായി തുടരുമ്പോഴും ഗോവിന്ദച്ചാമിയുടെ പേരിൽ കോടതിയെ ശകാരിച്ചതും മാദ്ധ്യമവിചാരണയ്ക്ക് ഇരയാക്കിയതും ഒടുവിൽ അപ്രസക്തമാകുകയാണ്. സൗമ്യ വധക്കേസിൽ ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. പകരം ബലാൽസംഗത്തിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ നിലനിൽക്കുമെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ പറയുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹർജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കേസിൽ കൊലപാതകം

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീം കോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദു ചെയ്‌തെങ്കിലും ഏഴു വർഷം മാത്രം തടവ് എന്നതു മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ടു ചെയ്തതാണെന്ന് ഒടുവിൽ വ്യക്തമാകുന്നു. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിപ്പകർപ്പു പുറത്തു വന്നപ്പോൾ ഗോവിന്ദച്ചാമിക്കു സുപ്രീം കോടതി നൽകിയിരിക്കുന്നത് ജീവപര്യന്തം തടവാണ് എന്നാണ് വ്യക്തമാകുന്നത്. ഒരേസമയം എങ്ങനെയാണ് എല്ലാ മാദ്ധ്യമങ്ങൾക്കും ഒരുപോലെ തെറ്റു പറ്റിയത് എന്നത് അവ്യക്തമായി തുടരുമ്പോഴും ഗോവിന്ദച്ചാമിയുടെ പേരിൽ കോടതിയെ ശകാരിച്ചതും മാദ്ധ്യമവിചാരണയ്ക്ക് ഇരയാക്കിയതും ഒടുവിൽ അപ്രസക്തമാകുകയാണ്.
സൗമ്യ വധക്കേസിൽ ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. പകരം ബലാൽസംഗത്തിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ നിലനിൽക്കുമെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ പറയുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹർജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കേസിൽ കൊലപാതകം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഇത് പ്രകാരം നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്. ഗോവിന്ദച്ചാമി ഇതിനോടകം ജയിലിൽ കഴിഞ്ഞ കാലയളവും ശിക്ഷാ കാലയളവായി പരിഗണിക്കും
വിധിവന്നതോടെ രാവിലെ പത്തരമുതൽ വൈകുന്നേരം ആറരവരെ നീണ്ടു വനിന്ന മാദ്ധ്യമവിചാരണയാണ് ഒടുവിൽ അവസാനിച്ചത്. വിധി പ്രഖ്യാപിച്ച സുപ്രീം കോടതിക്കും കേസ് നടത്തിയ പ്രോസിക്യൂട്ടർക്കും കടുത്ത വിമർശനമാണ് കേരളീയ സമൂഹത്തിൽ നിന്നുണ്ടായത്. ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ആളൂരും ഏഴുവർഷം എന്ന നിലയിലായിരുന്നു കേസിനോടു പ്രതികരിച്ചത്. എന്നാൽ വൈകുന്നേരം വിധിയുടെ പകർപ്പുവന്നതോടെ മാദ്ധ്യമങ്ങൾ മുഖം മിനുക്കൽ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ചില മാദ്ധ്യമങ്ങൾ ഇതുവരെ പറഞ്ഞതു വിഴുങ്ങി ജീവപര്യന്തം എന്ന നിലയിലേക്കു ചർച്ച മാറ്റിയപ്പോൾ മറ്റു ചിലർ തെറ്റു പറ്റിയതായി ചൂണ്ടിക്കാട്ടിയാണു തിരുത്തൽ നടത്തുന്നത്.
കോടതിയിൽ നിന്നു പുറത്തുവന്ന അഭിഭാഷകരിൽ നിന്നാണു വാർത്ത ലഭിച്ചതെന്നാണു ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. വിധിയുടെ പകർപ്പിന്റെ ഒരുഭാഗം മാത്രമായിരുന്നു ഇത്തരത്തിൽ ലഭിച്ചതെന്നും മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. കോടതിയിൽ പോയി വന്ന അഭിഭാഷകർ തന്ന വിവരമാണ് തങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് മാദ്ധ്യമങ്ങൾ വീണ്ടും വീണ്ടും വാർത്തകളിൽ വ്യക്തമാക്കുന്നു. സർക്കാർ അഭിഭാഷകൻ നൽകിയ വിവരം അനുസരിച്ചാണ് താനും പ്രതികരിച്ചത് എന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ബി എ ആളൂരും ചാനൽ ചർച്ചയിൽ പറഞ്ഞു. വിധിപ്പകർപ്പു വൈകുന്നേരം പൂർണമായി കൈയിൽ ലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചതെന്നും ആളൂർ പറഞ്ഞു.
കേസിൽ അന്തിമവാദം കേൾക്കവെ കൊലപാതകത്തിന് കോടതി തെളിവുചോദിച്ചത് കേരളമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നുമില്ല. സൗമ്യവധക്കേസിൽ തൃശൂർ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.
2014 ജൂലൈ മുപ്പതിന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി കേസിൽ വിശദമായ വാദം കേട്ടിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് കോടതിക്ക് തെളിവുകൾ നൽകാൻ പ്രോസിക്യൂഷന്് സാധിച്ചില്ല.ശാസ്ത്രീയമായ തെളിവുകളും മൊഴികളും കൊലപാതകക്കുറ്റം തെളിയിക്കാൻ പര്യാപ്തമാണോ എന്ന ചോദ്യത്തിനും പ്രോസിക്യൂഷന് ഉത്തരംമുട്ടി.
അതേസമയം, രാവിലെ വിധിയുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ട് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് സൗമ്യയുടെ മാതാവ് സുമതി മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു. കേസ് വാദിക്കാൻ അറിയാത്ത വക്കീലിനെ ഏൽപ്പിച്ചാൽ ഇങ്ങനെയുണ്ടാകുമെന്നാണ് സുമതി കരഞ്ഞുകൊണ്ട് പറഞ്ഞത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു. ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് ഇയാൾ നൽകിയ അപ്പീലിലാണ് വിധി പറഞ്ഞത്.
ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാൻഡിങ് കൗൺസിൽ നിഷെ രാജൻ ശങ്കർ എന്നിവരാണു സർക്കാരിനായി ഹാജരായത്. ഗോവിന്ദച്ചാമിക്ക് വേണ്ടി ബി എ ആളൂരും ഹാജരായി.
- സുപ്രീം കോടതിയിൽ ഞങ്ങൾക്കു ലേഖകർ ഇല്ലാത്തതിനാൽ ദേശീയ മാദ്ധ്യമങ്ങളെയും കേരളത്തിലെ തന്നെ സുപ്രീം കോടതി ലേഖകരെയും ആശ്രയിച്ചാണു മറുനാടൻ കോടതി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. ഇത്തരം ഗുരുതരമായ ഒരു പിശകുസംഭവിച്ച ഞങ്ങൾ ആത്മാർഥമായി ഖേദിക്കുന്നു- എഡിറ്റർ

