തിരുവനന്തപുരം: വിദേശ വനിത ലിഗയുടേതുകൊലപാതകമാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും ആരു കൊന്നുവെന്നോ എങ്ങനെ കൊന്നുവെന്നോ കണ്ടെത്താനാവാതെ പൊലീസ് വലയുന്നു. കൊലപാതകം നടന്നിട്ടു ദിവസങ്ങൾ പിന്നിട്ടതും മൃതദേഹം അഴുകിയതുമാണ് പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്. അതേസമയം കൊലപാതകത്തിൽ അന്വേഷണം മൂന്ന് പേരിലേക്കായി ചുരുങ്ങി. ലിഗ മരിച്ച സ്ഥലത്തിന് അടുത്ത് നിന്നും പിന്നീട് കണ്ടെത്തിയ ഫൈബർ ബോട്ട് ഉടമയേയും ഇയാളുടെ ബന്ധുവിനെയും കേന്ദ്രീകരിച്ച് മാത്രമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ലിഗയുടെ മരണത്തിൽ ഇവർക്ക്കാര്യമായ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എങ്കിലും ഇവർ മൊഴിമാറ്റുന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം തങ്ങൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിൽ ലിഗയുടെ ഭർത്താവ് ജോനാഥൻ ആൻഡ്രൂസും സഹോദരി ഇലീസും കേരളത്തിൽ തന്നെ തുടരുകയാണ്. വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്.

ലിഗയുടെ ശരീരത്തിൽനിന്നുള്ള സാംപിളുകളും സംഭവസ്ഥലത്തു നിന്നുള്ള ചില വസ്തുക്കളും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. രാസപരിശോധനാഫലം ഉൾപ്പെടെയുള്ളവ വിലയിരുത്തിയ ശേഷമേ കേസിൽ അറസ്റ്റുണ്ടാകൂ. ഇവയുടെ ഫലം വൈകുന്നതും അന്വേഷണം അന്തിമ ഘട്ടത്തിലേക്കെത്തുന്നതിന് തടസ്സം നിൽക്കുന്നു. കുറ്റമറ്റരീതിയിലുള്ള തെളിവുകൾ ലഭിച്ചശേഷം മാത്രം അറസ്റ്റ് ഉൾപ്പെടെയുള്ളവയിലേക്ക് നീങ്ങിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി മൃതദേഹം കണ്ട സ്ഥലത്തും പരിസരങ്ങളിലും പനത്തുറയാറ്റിലും പൊലീസ് സംഘം സൂക്ഷ്മപരിശോധന നടത്തുകയാണ്. നൂറോളം വരുന്ന പൊലീസ് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. 35ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് തെളിവുകൾ ശേഖരിക്കാനാവാതിരുന്നതാണ് പ്രശ്‌നമായത്. ആന്തരിക അവയവങ്ങളുടെ ഫോറൻസിക്, രാസ പരിശോധനാ ഫലം ലഭിച്ചാലേ മാനഭംഗം നടന്നിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരൂ.

പൊലീസ് ചോദ്യംചെയ്യുന്നവർ സ്ഥിരമായി പൂനം തുരുത്തിൽ വന്നിരുന്നവരാണെന്നാണ് പൊലീസ് കഴിഞ്ഞദിവസം വിട്ടയച്ചയാൾ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാരിൽ നിന്നും മൊഴി ലഭിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പങ്ക് വെളിവാക്കുന്ന വ്യക്തമായ തെളിവുകളുടെ അഭാവവും പൊലീസിനുണ്ട്. കുറ്റിക്കാട്ടിൽനിന്ന് ലഭിച്ച മുടിയിഴകൾ ഉൾപ്പടെയുള്ളവ ഇവരുടേതാണോയെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തെളിയൂ.

ലിഗയെ കണ്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച യോഗാ പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ പൊലീസ് വിട്ടയച്ചിട്ടുണ്ടെങ്കിലും നിരീക്ഷണത്തിലാണ്. പൊലീസ് ചോദ്യം ചെയ്യുന്നവരിൽ ഒരാൾ യോഗ പരിശീലകനെന്ന വ്യാജേനെ വിദേശികളുമായി ഇടപെടുന്നയാളായിരുന്നെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ലിഗയുടെ മൃതദേഹത്തിൽ കണ്ടെത്തിയ ഓവർകോട്ട് സംബന്ധിച്ചും പൊലീസിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ലിഗയുടെ ചെരിപ്പും കണ്ടെത്താനായിട്ടില്ല.

ലിഗയെ തട്ടിക്കൊണ്ടുപോയി കടയിലോ ഹോട്ടലിലോ പാർപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തി കണ്ടൽ കാട്ടിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് ലിഗയുടെ പങ്കാളി ആൻഡ്രൂ ജോർദാൻ ചില വിദേശമാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ലിഗയെ കാണാതായ സമയത്തും അദ്ദേഹം ഇത്തരം സംശയം വിദേശമാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ഇതു സംബന്ധിച്ചും പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള സൂചനകളൊന്നുമില്ലെന്നാണ് വിവരം. വിവരങ്ങൾ ആരായുന്നതിനായി ആൻഡ്രൂവിനെ പൊലീസ് വിളിച്ചുവരുത്തുമെന്ന സൂചനയുമുണ്ട്.

അതേസമയം ലിഗയുടെ മരണത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്താൻ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. ലിഗയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്ന് കസ്റ്റഡിയിൽ ഉള്ളവർ പൊലീസിനോട് വ്യക്തമാക്കി. ഇവരോട് സിഗരറ്റ് ചോദിച്ചെങ്കിലൂം തന്നില്ലെന്നും പിന്നീട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോൾ കേട്ടില്ലെന്നും പൊലീസ് കസ്റ്റഡിയിൽ ഉള്ള രണ്ടുപേർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, രാസപരിശോധന ഫലം വന്നതിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. മാർച്ച് 14-ന് ലിഗയെ കാണാതായ ദിവസം തന്നെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

മാനഭംഗശ്രമത്തിനിടെ ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് തെളിവുശേഖരണം. ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കിൽ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറൻസിക് സംഘത്തെ എത്തിച്ചത്. ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശും വ്യക്തമാക്കിയിരുന്നു.

തലച്ചോറിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ശ്വാസതടസമായിരിക്കും തലച്ചോറിലെ രക്തം കട്ടപിടിക്കാൻ കാരണമായതെന്ന് ഡോക്ടർമാരുടെ നിഗമനം. ലിഗയും മറ്റു രണ്ടുപേരും സഞ്ചരിച്ചതെന്നു സംശയിക്കുന്ന ഫൈബർ ബോട്ട് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽനിന്നു വിരലടയാളവിദഗ്ദ്ധർ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

തീവ്രനിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകർ പഠിപ്പിച്ചുവിട്ടതുപോലെ പരസ്പരവിരുദ്ധമായ മൊഴി നൽകി ഇവർ പൊലീസിനെ കുഴപ്പിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടൽകാട്ടിലും തൊട്ടടുത്തെ പാർവതീ പുത്തനാറിലും പൊലീസ് ഇന്നലെയും തെരച്ചിൽ നടത്തി.

പൂനംതുരുത്തിലെ കണ്ടൽകാട്ടിൽ ഒരു അതിഥിയുണ്ടെന്ന് കസ്റ്റഡിയിലുള്ള ഉമേഷ് പറഞ്ഞതായും മൂന്നുപേർ ചേർന്ന് ലിഗയെ കാട്ടിൽ ഓടിക്കുന്നത് കണ്ടെന്നും മൊഴികളുണ്ട്. എന്നാൽ ബീച്ചിൽ വച്ച് ലിഗയെ കണ്ടെന്നും സിഗരറ്റ് ചോദിച്ചപ്പോൾ നൽകിയില്ലെന്നുമാണ് രണ്ട് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കാര്യങ്ങൾ വ്യക്തമായി ഓർക്കുന്നില്ലെന്നാണ് മറ്റൊരാളുടെ മൊഴി. ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളും ഏജൻസികളും നിരീക്ഷിക്കുന്ന കേസായതിനാൽ അന്വേഷണം പഴുതടച്ചതാവണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ അന്വേഷണസംഘത്തിന് നിർദ്ദേശം നൽകി. പനത്തുറ വടക്കേകുന്നിലെ സഹോദരങ്ങളടക്കം മൂന്നുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവർ അടിപിടി, കഞ്ചാവ് വിൽപ്പന കേസുകളിൽ പ്രതികളാണ്. മനഃശാസ്ത്ര വിദഗ്ദ്ധന്റെ സഹായത്തോടെയാണ് ഇവരെ ചോദ്യംചെയ്യുന്നത്.