തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ വിദേശ വനിത ലിഗയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് ലഭിച്ച മുടിയിഴകൾ ഇപ്പോൾ കസ്റ്റഡിയിലുള്ളവരിൽ ഒരാളുടേതെന്ന് കണ്ടെത്തിയതായ സൂചനകളും പുറത്തുവരുന്നു. ഇതോടെ ഇന്നുതന്നെയോ അല്ലെങ്കിൽ നാളെയോ കേരളത്തിന് നാണക്കേടുണ്ടാക്കിയ കൊലപാതകത്തിലെ പ്രതിയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ലിഗയെ മാനഭംഗപ്പെടുത്തിയോ എന്ന കാര്യത്തിൽ ആന്തരികാവവയങ്ങളുടെ പരിശോധനാഫലം വരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നോ നാളെയോ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകും. എന്നാൽ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന, ഇപ്പോൾ കസ്റ്റഡിയിലുള്ളവരിൽ ഒരാളുടെ മുടിയിഴകൾ മൃതദേഹം കിടന്നതിന് സമീപത്തുനിന്നും ലഭിച്ചത്് അന്വേഷണത്തിൽ നിർണായകമായി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കോട്ടും ആരുടേതെന്ന് അന്വേഷിച്ചുവരികയാണ്. ഇതിലെല്ലാം ഫോറൻസിക് ഫലം വരുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

യോഗ പരിശീലകനായി കോവളത്ത് സഞ്ചാരികൾക്കിടയിൽ പ്രവർത്തിക്കുന്ന ആളും കസ്റ്റഡിയിലുണ്ട്. ഇയാൾ സ്ഥിരമായി കോട്ടുധരിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് സാഹചര്യത്തെളിവുകൾ കൂടി ലഭിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടായേക്കും. നിലവിൽ ഏഴുപേർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ലിഗയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കാൻ ശ്രമിച്ചതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫൈബർ വള്ളത്തിലാണ് ലിഗയെ മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപം എത്തിച്ചതെന്നാണ് ലഭിച്ച വിവരം. ഇതോടെ വള്ളങ്ങളിലെ വിരലരടയാളം, മുടിയിഴകൾ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനയും നടന്നുവരികയാണ്. ഒന്നിലധികംപേർ ഇവരെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇപ്പോൾ പൊലീസിന്റെ അനുമാനം. തെളിവുകളെല്ലാം കൃത്യമാക്കിയ ശേഷമേ അറസ്റ്റ് ഉണ്ടാകൂ.

പോത്തൻകോട് നിന്നു കാണാതായ ലിഗയുടെ മൃതദേഹം ഒരു മാസത്തിന് ശേഷമാണ് പിന്നീടു തിരുവല്ലത്തിന് സമീപം കണ്ടെത്തുന്നത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നു. ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടതെന്നാണ് സൂചനകൽ. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കിൽ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.

ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശും സൂചന നൽകിയിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. ഐറിഷ് യുവതിയുടെ കഴുത്തുഞെരിച്ചതോടെയാണ് രക്തം തലച്ചോറിൽ കട്ടപിടിച്ചതെന്ന സൂചനകളാണ് ലഭിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ട്. കാലിലും ആഴത്തിൽ മുറിവേറ്റതും കൊലപാതകമാണെന്ന് സൂചനകളാണ് ലഭിച്ചത്. കാട്ടുവള്ളികൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ടോ എന്ന സംശവും ഉണ്ട്. ഇക്കാര്യത്തിലെല്ല്ാം സാഹചര്യ, ഫോറൻസിക് തെളിവുകൾ നോക്കി സൂക്ഷമമായി വിലയിരുത്തൽ നടത്തിയാണ് പൊലീസ് നീക്കം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകിട്ടു പൊലീസിനു കൈമാറും. മരണവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഉച്ചകഴിഞ്ഞ് റിപ്പോർട്ട് കൈമാറുമെന്നും ഐജി മനോജ് എബ്രഹാമും വ്യക്തമാക്കി. ഐജി സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ലിഗയോടൊപ്പം വർക്കലയിലും കോവളത്തും പല തവണ കണ്ടതായി പറയപ്പെടുന്ന യോഗ പരിശീലകനേയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നതെന്നാണ് സൂചന. കോവളം സ്വദേശിയായ ഇയാൾ ടൂറിസ്റ്റ് ഗൈഡും കൂടിയാണ്. നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന ഇയാൾ വിദേശികളെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുന്നയാളാണ്. വർക്കലയിൽ ലിഗ താമസിച്ചിരുന്ന റിസോർട്ടിൽ ഇയാൾ ചെന്നിരുന്നോ എന്നുൾപ്പെടെ പരിശോധിച്ചുവരികയാണ് പൊലീസ്.

ലിഗയുമായി പരിചയമുണ്ടായിരുന്നവരും ലിഗയെ കണ്ടിരുന്നു എന്ന് പിന്നീട് പറഞ്ഞവരും നേരത്തെ പൊലീസിനെയോ ലിഗയുടെ ബന്ധുക്കളേയോ സമീപിച്ചിരുന്നില്ല. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നു. പ്രതികളെ രക്ഷിക്കാൻ നാട്ടിലെ പലരും പലതും ഒളിച്ചുവയ്ക്കുന്നതായു സംശയമുയർന്നിട്ടുണ്ട്. ലിഗയെ കണ്ടെത്തുന്നവർക്കു ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലിഗയെ കണ്ടുവെന്ന് ഇപ്പോൾ പറയുന്നവർ പോലും അക്കാര്യം നേരത്തെ പൊലീസിനെ അറിയിച്ചിരുന്നില്ല.

ട്ടു പോലും ഇവരിലാരും വിവരമറിയിച്ചില്ലെന്നത് പൊലീസ് സംശയത്തോടെയാണു കാണുന്നത്. ഇവർ മൃതദേഹം നേരത്തെ തന്നെ കണ്ടിട്ടുണ്ടാകുമെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിനു ശേഷം പലരും ലിഗ നടന്നുപോകുന്നതായി കണ്ടെന്നു മൊഴി നൽകുന്നതിനെയും പൂർണമായും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മുൻപെങ്ങും വിവരം നൽകാത്തവർ ഇപ്പോൾ വിവരം നൽകുന്നത് പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം, വിദേശ വനിത ലിഗയുടെ മരണത്തിനു പിന്നിൽ ലഹരി സംഘങ്ങളെന്ന സൂചന നൽകി സഹോദരി ഇലീസും രംഗത്തെത്തിയിരുന്നു. കോവളത്തെത്തിയ ലിഗയെ ലഹരി ഉപയോഗിക്കുന്നയാൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് ഇലീസും പ്രകടിപ്പിച്ചത്. സൗഹൃദത്തോടെ സമീപിച്ചാൽ ആരെയും എളുപ്പത്തിൽ വിശ്വസിക്കുന്നതാണു ലിഗയുടെ സ്വഭാവമെന്നും മൃതദേഹത്തിൽ കണ്ട ജാക്കറ്റ് ലിഗ വാങ്ങിയതല്ലെന്നും ഇലീസ് പ്രതികരിച്ചിരുന്നു. ലിഗ ലഹരി മരുന്ന് ഉപയോഗിക്കാറില്ല. എന്നാൽ സൗഹൃദത്തോടെ സമീപിക്കുന്നവരെ വേഗത്തിൽ വിശ്വസിക്കുന്നയാളായിരുന്നു. ആ സ്വഭാവം ആരെങ്കിലും മുതലെടുത്തിരിക്കാമെന്നു കരുതുന്നതായാണ് ഇലീസ് പറയുന്നത്.