തിരുവനന്തപുരം: ലിഗയെ കൊലപ്പെടുത്തിയത് ഡിഎച്ച് ആർഎമ്മിന്റെ സജീവ പ്രവർത്തകരെന്ന് പൊലീസ്. ഉമേഷും ഉദയനും തീവ്ര നിലപാടുള്ള സംഘടനയുടെ അംഗങ്ങളായിരുന്നു. എന്നാൽ ഇവർക്ക് സ്ഥാനമാനങ്ങളൊന്നും ഇല്ലായിരുന്നു. അതിനിടെ പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഇവരെ മോചിപ്പിക്കാനും സ്ഥലത്തെ ചില നേതാക്കൾ ശ്രമിച്ചിരുന്നു. ലിഗയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരാണ് കൊല നടത്തിയതെന്ന് പൊലീസും ഉറപ്പിച്ചു. എന്നാൽ ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ അറസ്റ്റിന് മുമ്പ് അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാതെ വന്നത്. ഇതിനിടെയാണ് ഭീഷണിയുമായി നേതാക്കളെത്തിയത്.

പൊലീസ് ആരെയെങ്കിലും കസ്റ്റഡിയിൽ എടുത്താൽ 24 മണിക്കൂറിന് മുമ്പ് അറസ്റ്റ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതികളെ സ്റ്റേഷനിലെത്തി ബലമായി കൊണ്ടു പോകാനും ശ്രമിച്ചു. എന്നാൽ പ്രതികളെ വിട്ടയച്ചാൽ ഒളിവിൽ പോകുമെന്ന ശക്തമായ നിലപാട് പൊലീസ് എടുത്തു. വിട്ടയയ്ക്കില്ലെന്നും അറിയിച്ചു. ഇതോടെ കോടതിയെ സമീപിക്കുമെന്നും മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നും വാദമെത്തി. ഇതിനും പൊലീസ് വഴങ്ങിയില്ല. വരാപ്പുഴയിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടി കണക്കിലെടുത്ത് വേണ്ടത്ര കരുതൽ പൊലീസെടുത്തു. ഐജി മനോജ് എബ്രഹാമും പ്രതികളെ സ്ഥിരമായി സന്ദർശിച്ചു. പൊലീസ് മർദ്ദിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.

സ്ഥിരം ക്രിമലുകളാണ് ഉമേഷും ഉദയനും. ഇത് നാട്ടുകാരും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. മുൻ കാലങ്ങളിലും കണ്ടൽ കാട്ടിൽ സ്ത്രീകളെ എത്തിച്ച് ഇവർ പീഡിപ്പിച്ചതായി പരാതികൾ ഉയർന്നിരുന്നു. എന്നാൽ മാനക്കേട് കാരണം ആരും പൊലീസിൽ പരാതി നൽകിയില്ല. ടൂറിസ്റ്റ് ഗൈഡിന്റെ മറവിൽ കഞ്ചാവ് കച്ചവടവും നടന്നു. ഇവരെ ഭയന്ന് ആരും കണ്ടൽകാട്ടിൽ കയറാറുമില്ല. അതുകൊണ്ട് കൂടിയാണ് ലിഗയുടെ മരണം പുറലോകത്ത് എത്താൻ വൈകിയത്. രക്ഷപ്പെടാൻ വേണ്ടി യോഗാധ്യാപകനെതിരെ ആരോപണം തിരിച്ചുവിട്ടതും ഇവരുടെ ക്രിമിനൽ ബുദ്ധിയായിരുന്നു. എന്നാൽ പൊലീസ് തുടക്കത്തിലേ ഇത് തിരിച്ചറിഞ്ഞിരുന്നു.

ഉദയൻ ഒരു ടൂറിസ്റ്റ് ഗൈഡാണ്. മാർച്ച് 14ന് കോവളത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയ ലിഗയെ ഇയാളാണ് പറഞ്ഞുവശീകരിച്ച് പൊന്തക്കാട്ടിൽ എത്തിച്ചത്. ഒരു സ്ഥാപനത്തിലെ കെയർ ടേക്കറാണ് ഉമേഷ്. ഇവർ മുൻപും പലരേയും വശീകരിച്ച് ഇവിടെ എത്തിച്ച് പീഡിപ്പിച്ചിരുന്നു. പ്രദേശത്തെ സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ മൊഴി നൽകാൻ സ്ത്രീകൾ അടക്കമുള്ളവർ ആദ്യഘട്ടത്തിൽ ഭയപ്പെട്ടിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിച്ചതിന് പ്രത്യേകം പോക്സോ കേസ് രജിസ്റ്റർ ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ലിഗയെ പീഡിപ്പിച്ചുവെന്ന് പ്രതികൾ കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്. ഉമേഷ്, ഉദയൻ എന്നിവരാണ് പ്രതികളെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവർക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തും. മുഖ്യപ്രതി ഉമേഷ് മുൻപും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണ്. ലിഗയുടെ മൃതദേഹത്തിൽ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ലിഗയെ വശീകരിച്ച് പൊന്തക്കാട്ടിൽ എത്തിച്ച ശേഷം ഉമേഷും ഉദയനും ഇവരെ പീഡിപ്പിച്ചു. അതിനു ശേഷം തിരിച്ചുപോകാൻ ശ്രമിക്കുന്നതിനിടെ ലിഗയുമായി പ്രതികൾ വാക്കുതർക്കമുണ്ടായി. പീഡനവിവരം പൊലീസിനെ അറിയിക്കുമെന്ന് ലിഗ പറഞ്ഞതോടെ ഇവർ ലിഗയെ തള്ളിയിടുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പനത്തുറ സ്വദേശികളാണ് പ്രതികൾ. കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഉമേഷിന്റെ സഹോദരൻ അടക്കം നാലു പേർ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നുവെങ്കിലും ഉമേഷും ഉദയനുമാണ് യഥാർത്ഥ പ്രതികളെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുകയായിരുന്നു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ സ്ഥിരമായി ഒത്തുകൂടുന്ന നാലു പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനു സമീപത്തായിരുന്നു ഇവർ താമസിച്ചിക്കുന്നത്.

പൊലീസ് ഏപ്രിൽ 20ന് ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുൻപ് മൃതദേഹം കിടക്കുന്ന് കണ്ടിരുന്നുവെന്ന് ഉമേഷിനും ഉദയനും ഒപ്പം കസ്റ്റഡിയിലായവർ പറഞ്ഞിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് യഥാർത്ഥ പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.