തിരുവനന്തപുരം: കോവളത്തെ ലീഗയുടെ മരണത്തിൽ പൊലീസ് കള്ളക്കളി നടത്തുന്നുവോ? കോവളത്തു ലിഗ പോയതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ചുമതലപ്പെടുത്തിയത് സഹോദരിയായ ഇലീസിനെ സഹായിച്ച സുഹൃത്തുക്കളെയായിരുന്നു. പൊലീസ് ഒരു പരിഗണനയും കാണിച്ചില്ല. മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് ഇലീസ് ആവശ്യപ്പെട്ടപ്പോൾ നിസ്സാരമായി തള്ളി. ഇതിൽ സംശയാസ്പദമായി ഒന്നുമില്ലെന്നായിരുന്നു മറുപടി. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. എന്നാൽ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ലീഗയുടെ കുടുംബത്തിന് പ്രതീക്ഷയുണ്ട്. അതുകൊണ്ട് മാത്രം സിബിഐ അന്വേഷണമെന്ന ആവശ്യം അവർ ഉന്നയിക്കുന്നില്ല.

സിബിഐ എത്തിയാലും തെളിവ് നശിക്കപ്പെട്ടുവെന്ന് അവർ തിരിച്ചറിയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്ന വാദമാണുണ്ടെങ്കിൽ പ്രതിഷേധം ശക്തമാക്കും. 'മൂന്നു മണിക്കൂർ കാത്തുനിന്നിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല, പൊലീസിനെ കൂടുതൽ പഠിപ്പിക്കാൻ നോക്കിയാൽ കേസ് ഫയൽ ക്ലോസ് ചെയ്യുമെന്നു ഡിജിപി ആക്രോശിച്ചുവെന്ന ആരോപണങ്ങൾ പൊലീസിന് പേരുദോഷമായിട്ടുണ്ട്. ലിഗയുടെ ബന്ധുക്കൾ നേരിട്ട ദുരനുഭവങ്ങൾ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയാണ് പുറത്തുവിട്ടത്. ഇതെല്ലാം ഡിജിപി നിഷേധിക്കുകയും ചെയ്തു. ആരോപണം ദൗർഭാഗ്യകരമാണെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതിനിടെ ലിഗയുടെ മരണത്തിൽ അതിവേഗ അന്വേഷണത്തിന് പൊലീസിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. എത്രയും വേഗം മരണത്തിൽ അന്തിമ നിലപാടിലെത്താനാണ് നിർദ്ദേശം.

ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും കാണാൻ പോയപ്പോഴാണു കടുത്ത അവഗണനയുണ്ടായതെന്നു അശ്വതി ആരോപിച്ചിരുന്നു. മുൻകൂർ അനുമതി വാങ്ങിയാണു കഴിഞ്ഞ 23നു മുഖ്യമന്ത്രിയെ കാണാനായി നിയമസഭയിലെത്തിയത്. മൂന്നു മണിക്കൂറുകൾക്കു ശേഷം തിരിഞ്ഞുപോലും നോക്കാതെ തൊട്ടുമുന്നിലൂടെ പുറത്തേക്കു പോയി. അന്ന് ഉച്ച കഴിഞ്ഞു ഡിജിപിയുടെ ഓഫിസിൽ എല്ലാ സുരക്ഷാപരിശോധനയും പൂർത്തിയാക്കി കാത്തിരുന്നെങ്കിലും കാണാൻ കഴിഞ്ഞില്ല. വിദേശവനിതയുടെ ബന്ധുക്കൾ വന്നിട്ടുണ്ടെന്നു ഡിജിപിയെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. പിറ്റേന്നു ചെന്നപ്പോൾ ഇലീസിനോടും ലിഗയുടെ ഭർത്താവ് ആൻഡ്രുവിനോടും ദേഷ്യത്തോടെയാണു സംസാരിച്ചതെന്നും അവർ പറഞ്ഞു.

ഒടുവിൽ സഹികെട്ട് ആൻഡ്രു ചോദിച്ചു 'താങ്കളുടെ ഭാര്യയെയാണു കടൽത്തീരത്തു കാണാതാകുന്നതെങ്കിൽ, താങ്കൾ വീട്ടിൽ പോയിരുന്നു റിലാക്‌സ് ചെയ്യുമോ?'. തുടർന്നാണു ഡിജിപി ചെറുതായെങ്കിലും ഇരുവരെയും കേൾക്കാൻ തയാറായതെന്നു അശ്വതി ചൂണ്ടിക്കാട്ടി. ഇലീസ് തന്നെ വന്നു കണ്ടതിനു ശേഷം പ്രത്യേക സംഘം രൂപീകരിക്കുകയും, വിഷയം ഗൗരവമായി പരിഗണിക്കുകയും ചെയ്തുവെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒരു മണിക്കൂർ സമയം അവരുമായി സംസാരിച്ചിരുന്നു. അന്വേഷണം തൃപ്തികരമാണെന്നു ഇലീസ് തന്നെ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു.

കലക്ടറുടെ സാന്നിധ്യം ആവശ്യപ്പെട്ടപ്പോൾ പൊലീസിന്റെ നിർദേശമുണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അശ്വതി ആരോപിച്ചിരുന്നു. ആൺ സുഹൃത്തിനോടൊപ്പം കറങ്ങാൻ പോയതായിരിക്കും, തിരികെ വന്നോളുമെന്നായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഇതെല്ലാം വലിയ പേരുദോഷം കേരളത്തിന് ഉണ്ടായിട്ടുണ്ട്.