തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ കൊലപാതകത്തിന് പിന്നിൽ ചീട്ടുകളി സംഘമോ? മൃതദേഹം കണ്ട കോവളം വാഴമുട്ടത്തെ കണ്ടൽക്കാട് പ്രദേശമായ ചേന്തിലക്കരയിൽ സ്ഥിരമായി ചീട്ടുകളിക്കാനെത്തുന്ന സംഘമാണ് പ്രതിസ്ഥാനത്ത്. ഈ സംഘം പൊലീസ് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഈ സംഘം അറിയാതെ ലിഗയുടെ മൃതദേഹം ഇത്രയും നാൾ ഈ ആളൊഴിഞ്ഞ സ്ഥലത്ത് കിടക്കില്ലെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിൽ എടുക്കൽ. പിടിയിലായവർക്ക് ഏതെങ്കിലും തരത്തിൽ ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യാ സാദ്ധ്യത മാത്രമല്ല, എല്ലാ വശങ്ങളും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

ഒതളങ്ങ ചെടികൾ നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. അതിനാൽ ലിഗ ഇത് ഭക്ഷിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഒതളങ്ങ ശേഖരിച്ച് പൊലീസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസപരിശോധനാ ലാബിലെ ഫലം വന്നാലേ ഇതാണോ മരണകാരണമെന്ന് വ്യക്തമാവൂ. ശാസ്ത്രീയ പരിശോധനകളിലൂടെ ലിഗയുടേതുകൊലപാതകമാണോ എന്ന് ഉറപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. അതിന് ശേഷമാകും കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്യുക. മൃതദേഹ പരിശോധനയിൽ മാനഭംഗത്തിന്റെയോ ആക്രമണത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന് പൊലീസ് ആവർത്തിക്കന്നുണ്ട്. ലിഗയുടെ തിരോധാനവും മരണവും കേരളത്തിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഇവരാണ് അന്വേഷണം നടത്തുന്നത്.

പണംവച്ചുള്ള ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി നടക്കാറുള്ള സ്ഥലത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. ഏറെ പഴക്കമില്ലാത്ത ഭക്ഷണവും വെള്ളക്കുപ്പികളും സിഗരറ്റ് കുറ്റികളും അവിടെ നിന്ന് ലഭിച്ചു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് ലഭിച്ചു കഴിഞ്ഞാൽ ചീട്ടുകളി സംഘത്തിന്റെ പങ്ക് വ്യക്തമാകും. ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുൻപ് കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയെന്നും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവിടെ സ്ഥിരമായെത്തുന്ന ചീട്ടുകളി സംഘം പിടിയിലായതെന്നാണ് സൂചന.

പോത്തൻകോട്ടെ ഓട്ടോഡ്രൈവർ ഷാജിയുടെ ഓട്ടോറിക്ഷയിൽ മാർച്ച്14ന് കോവളം ഗ്രോവ് ബീച്ചിൽ ലിഗ വന്നിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. മറ്റിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലിഗയെ കണ്ടെത്താനായിട്ടില്ല. 1500രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ ഓട്ടോറിക്ഷാക്കൂലിയായി 800രൂപ നൽകി. ബീച്ചിനടുത്തു നിന്ന് ചൈനാനിർമ്മിത ജാക്കറ്റ് 200 രൂപയ്ക്ക് വാങ്ങി. ഈ ജാക്കറ്റ് വിറ്റയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമുദ്രബീച്ചിലെത്തി, തീരംവഴി നടന്ന് വാഴമുട്ടത്തെ കണ്ടൽക്കാട് പ്രദേശമായ ചേന്തിലക്കരയിലെത്തിയെന്നാണ് നിഗമനം. വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വള്ളം തുഴഞ്ഞും എത്താമെന്നതിനാൽ മറ്റാരെങ്കിലും കൂട്ടിക്കൊണ്ടു വന്നതാണോ എന്ന സംശയവും പൊലീസിനുണ്ട്.

ഇവിടത്തെ സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നില്ല. ലിഗ ധരിച്ചിരുന്ന ചെരുപ്പിനെക്കുറിച്ച് അവ്യക്തതയുണ്ട്. ലിഗയുടെ ചെരുപ്പ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതും കൊലപാതക സൂചന നൽകുന്നു. ലിഗയുടേത് പീഡനത്തിന് ശേഷമുള്ള കൊലപാതകമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയും ഉയർത്തി. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം വാർത്തയായി. ഇതോടെ നാണക്കേട് മാറ്റാൻ അതിവേഗ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കൊലപാതകമെന്ന് ഉറപ്പിച്ചാൽ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.

ലിഗ സ്‌ക്രോമാന്റെ തിരോധാനം സംബന്ധിച്ച പരാതിയിൽ കേരള പൊലീസ് സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നുവെന്ന് പൊലീസും വിശദീകരിക്കുന്നു. ലിഗയുടെ കുടുംബാംഗങ്ങളോട് ഏറ്റവും സഹാമുഭുതിയോടെയാണ് പൊലീസ് ഇടപെട്ടിട്ടുള്ളത്. വിക്ടിം ലെയ്സൺ ഓഫീസറായി കുടുംബത്തെ സഹായിക്കുന്നതിന് ഡിജിപി യുടെ ടീമിലെ ഒരു ഡി.വൈ.എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. അവരെ അതിഥികളായി കണക്കാക്കി തിരുവനന്തപുരത്തെ പൊലീസ് ക്ലബ്ബിൽ നാല് ദിവസം താമസിപ്പിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതിന് ശേഷവും മരണകാരണം കണ്ടെത്തുന്നതിൽ ഏറ്റവും ശാസ്ത്രീയമായ അന്വേഷണം നടത്തിവരുകയാണ്. ഇക്കാര്യത്തിനായി ഐ ജി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം കമ്മീഷണർ പി പ്രകാശ് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വലിയൊരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും മികച്ച മെഡിക്കോ ലീഗൽ, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തിൽ വസ്തുത കണ്ടെത്തുന്നതിന് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും എല്ലാവരോടും കേരള പൊലീസ് അഭ്യർത്ഥിക്കുന്നുവെന്നും പൊലീസ് ഔദ്യോഗികമായി അറിയിച്ചു.