തിരുവനന്തപുരം: വിദേശവനിത ലിഗയെ കൊലപ്പെടുത്തിയത് കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെന്ന് പൊലീസ്. ഇരുവരും കുറ്റസമ്മതം നടത്തി. ഇതോടെ കേരളത്തെ ഞെട്ടിച്ച കൊലയിൽ പൊലീസ് മാനക്കേട് ഒഴിവാക്കുകയാണ്. പീഡന ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. ലിഗയുടെ ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും. അതിനു മുൻപ് പ്രതികളുടെ അറസ്റ്റ് നടക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകി. ഇതിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചു. ഇവർക്കെതിരായ തെളിവുകൾ കൂട്ടിയിണക്കാൻ വൈകിയതാണ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പ്രതികളും സമ്മതിച്ചു. പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരിൽ രണ്ടുപേരെ തിങ്കളാഴ്ച വിട്ടയച്ചു. യോഗാധ്യാപകനും ലൈംഗിക തൊഴിലാളിക്കും കൊലയിൽ പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്. ഉദയനും ഉമേഷും കോവളത്തെ ഗൈഡുകളാണ്. ഒരു തീവ്രസംഘടനയുമായി ഇവർക്ക് അടുപ്പമുണ്ട്.

ലിഗയെ കാണാതായത് കഴിഞ്ഞ മാർച്ച് 14നാണ്. അന്നുതന്നെ ലിഗ കൊല്ലപ്പെട്ടിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് കസ്റ്റഡിയിലുള്ള പനത്തുറ സ്വദേശിയായ യുവാവാണ് ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായി സമ്മതിച്ചത്. കോവളത്തെത്തിയ ലിഗയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ഇയാൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ ഇവിടേക്കെത്തിച്ചെന്നുമാണ് മൊഴിയിൽ പറയുന്നത്. വള്ളത്തിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ ഇയാളുടെയും ലിഗയുടേതുമാണെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ കേസിൽ നിർണായകമാവും.കാട്ടിലെത്തിയ ശേഷം മാനഭംഗശ്രമമുണ്ടായെന്നും അതിനിടയിൽ ലിഗ കൊല്ലപ്പെട്ടെന്നുമാണ് വിലയിരുത്തൽ.

ശാരീരികപീഡനശ്രമത്തിനിടെ കൊലപാതകം നടന്നു എന്ന അനുമാനത്തിലാണ് പൊലീസ്. ലിഗയ്ക്ക് മയക്കുമരുന്നു നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പൊലീസ് നിഗമനം. മയക്കുമരുന്നു നൽകി ലിഗയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ലിഗ എതിർത്തുവെന്നുമാണ് മൊഴി. എന്നാൽ, ശാരീരികബന്ധമോ ബലാത്സംഗമോ നടന്നതിനുള്ള ശാസ്ത്രീയത്തെളിവുകൾ പൊലീസിനു ലഭിച്ചിട്ടില്ല. തെളിവുകൾക്കായി വാഴമുട്ടം പ്രദേശത്ത് ദിവസങ്ങളായി നടത്തിവന്ന തിരച്ചിൽ ബുധനാഴ്ച പൊലീസ് അവസാനിപ്പിച്ചു.

തുടക്കത്തിൽ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവർ നൽകിയിരുന്നത്. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞ ഇവർ, പിന്നീട് മൃതദേഹം കണ്ടുവെന്ന് തിരുത്തി. ശാസ്ത്രീയമായി നടത്തിയ ചോദ്യംചെയ്യലിലാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്. ഒരാഴ്ചയായി പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. രാപകൽ നീണ്ട ചോദ്യംചെയ്യലിൽ പൊലീസിനു പിടികൊടുക്കാതെ പ്രതികൾ പിടിച്ചുനിൽക്കുകയായിരുന്നു. ഉമേഷ് കുറ്റം സമ്മതിക്കാൻ വിസമ്മതിച്ചുവെന്നും ഉദയന്റെ നിർണായക വെളിപ്പെടുത്തലാണ് അറസ്റ്റിലേക്കു വഴിവെക്കുന്നതെന്നുമാണ് വിവരം.

ബോട്ടിങ്ങിനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ലിഗയെ കണ്ടൽക്കാട്ടിലേക്കു കൊണ്ടുേപായതെന്ന് ഉദയൻ സമ്മതിച്ചിരുന്നു. ലിഗ രണ്ടുദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ഉമേഷും ഉദയനും പൊലീസിനു മൊഴിനൽകിയിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നു ശേഖരിച്ച മുടിയുൾപ്പെടെയുള്ളവയുടെ െഫാറൻസിക് പരിശോധനാ റിപ്പോർട്ടും വിദഗ്ദ്ധസമിതി, പൊലീസിനു കൈമാറും.

ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്കു നീങ്ങാൻ ഏറെ നിർണായകമാണ് ഈ രണ്ടു റിപ്പോർട്ടുകളും. ലിഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് വ്യാഴാഴ്ച പൊലീസിനു ലഭിച്ചേക്കും.