കോവളം: കൊല്ലപ്പെട്ട ലാത്വവിയൻ സ്വദേശി ലിഗയെ യോഗപരിശീലകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനിൽ പിന്തുടർന്നുവെന്നതിന് പൊലീസിന് തെളിവ് കിട്ടിയെന്നൊക്കെ വാർത്ത വന്നു. ലഹരിമരുന്ന് വാഗ്ദാനം ചെയ്ത് ലിഗയെ ഒപ്പം കൂട്ടുകയായിരുന്നു യോഗാ പരിശീകൻ എന്നായിരുന്നു പുറത്തുവന്ന സൂചനകൾ. ഇവിടെ നിന്നാണ് മരണത്തിലേക്കുള്ള ലിഗയുടെ യാത്ര തുടങ്ങിയത്. കൊല നടത്തിയത് അനിലാണെന്ന പ്രചരണവും ശക്തമായി. പക്ഷേ ഇതൊക്കെ പൊലീസിന്റെ തന്ത്രമായിരുന്നു. യഥാർത്ഥ പ്രതികൾ വഴുതി പോകാതിരിക്കാനുള്ള തന്ത്രം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു ഈ തന്ത്രങ്ങൾക്ക് പിന്നിൽ. എല്ലാത്തിനും എഡിജിപി മനോജ് എബ്രഹാം കൃത്യമായ മേൽനോട്ടവും വഹിച്ചു. ഇതോടെ പ്രതികൾ പിടിയിലായി.

കൊലപാതകം നടത്തിയത് ഒന്നിലധിക ആളുകൾ ചേർന്ന് കഴുത്തു ഞെരിച്ചാണ് എന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇരുമ്പു ദണ്ഡോ കാൽമുട്ടോ ഉപയോഗിച്ചാകാം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്നും തെളിഞ്ഞു. ഇതോടെ തന്നെ യോഗാധ്യാപകനല്ല കൊല നടത്തിയതെന്ന് വ്യക്തമായിരുന്നു. സമുദ്രഹോട്ടലിന്റെ പിറകിലൂടെ മുക്കാൽ കിലോമീറ്ററോളം നടന്ന് ടി.എസ്.കനാലിന്റെ ആരംഭമായ പനത്തുറ ആറ് പ്രദേശത്തെത്തിയ ലിഗയെ കണ്ടൽകാട്ടിലെത്തിച്ചത് ഉമേഷായിരുന്നു. ലഹരി നൽകാമെന്ന വാഗ്ദാനത്തോടെയായിരുന്നു ഇത്. ലിഗയ്ക്ക് ജിൻ സിഗരറ്റിൽ കഞ്ചാവ് പൊതിഞ്ഞ് നൽകുകയും ചെയ്തു. ഇതോടെ മയക്കത്തിലായ ലിഗയെ ഉമേഷ് ബലാത്സംഗം ചെയ്തു. അതിന് ശേഷം സുഹൃത്തും ബന്ധവുമായ ഉദയനും പീഡിപ്പിച്ചു. ബോധം തെളിഞ്ഞ ലിഗയെ വീണ്ടും രണ്ട് പേരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഉടമകൾ പോലും വല്ലപ്പോഴും എത്തുന്ന സ്ഥലത്താണ് കൊല നടന്നത്. വനം വകുപ്പ് മുൻ ഉദ്യോഗസ്ഥൻ സദാനന്ദനും പൊലീസുകാരനായ മകൻ രാജേഷും തേങ്ങയിടാൻ മാത്രം വല്ലപ്പോഴും എത്തും. ബാക്കിയുള്ള സമയത്തെല്ലാം സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവിടം. ഈ സാമൂഹ്യ വിരുദ്ധരുടെ നേതാവായിരുന്നു ഉമേഷും ഉദയനും. ടി.എസ്.കനാലിലിലെ ചീഞ്ഞ വെള്ളത്തിന്റെയും കടലിലെ പ്ലവഗങ്ങൾ തീരത്തടിഞ്ഞും ദുർഗന്ധം പതിവായതിനാൽ മൃതദേഹം അഴുകിയാൽ പോലും അറിയില്ലെന്നും ഇവർക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് മൃതദേഹം മറവ് ചെയ്യാതെ അവിടെ ഉപേക്ഷിച്ചു. അങ്ങനെ ലിഗയിലേക്കുള്ള തെളിവ് പൊലീസിന് കിട്ടി.

കോവളത്തെ അതിനിഗൂഡ സ്ഥലമാണ് അപകടം നടന്ന കണ്ടൽകാട്. ഇവിടെ രാത്രി വിദേശികൾ ഒത്തുകൂടാറുണ്ട്. നിരവധി പീഡനങ്ങൾ നടന്നിട്ടുള്ള ആളൊഴിഞ്ഞ, കോവളത്തെ പാറക്കൂട്ടത്തിന് അടുത്ത് നിന്ന് ഫൈബർ വള്ളത്തിൽ കനാലിലൂടെ ലിഗയെ പൂനംതുരുത്തിലേക്ക് കൊണ്ടു വരികയായിരുന്നു. മാർച്ച് 14ന് രാവിലെ 7.30നാണ് ലിഗ ഓട്ടോറിക്ഷയിൽ ബീച്ചിൽ എത്തിയത്. പൂനംതുരുത്തിലെ രണ്ടുവശത്തും റോഡുണ്ടെങ്കിലും വാഴമുട്ടം വഴി ചെന്തിലക്കരയിൽ നിന്ന് അരകിലോമീറ്ററും പനത്തുറ മുരുക ക്ഷേത്രത്തിനടുത്ത് നിന്ന് ഒരുകിലോമീറ്ററിലേറെയും നടക്കണം. കോവളത്ത് നിന്ന് എത്തിയ ഫെബർ വള്ളം തുരുത്തിന് 100മീറ്റർ മുന്നോട്ട് അടുപ്പിച്ച് ലിഗയെ ഇറക്കി നടത്തിയാണ് കണ്ടൽ പ്രദേശത്ത് എത്തിച്ചത്.

നാലും അഞ്ചും ബൈക്കുകളിൽ ബാഗുകളുമായി വരുന്ന യുവാക്കൾക്കൊപ്പം വിദേശികളായ പുരുഷന്മാരും സ്ത്രീകളും ഈ സ്ഥലത്ത് എത്തുമായിരുന്നു. വിദേശികളും യുവാക്കളും തുരുത്തിലും പരിസരത്തും ചീട്ടുകളിയും മദ്യപാനവും നടത്തിയിരുന്നു. രാത്രിയിൽ മെഴുകുതിരി കത്തിച്ചും ചീട്ടുകളിച്ചിരുന്നു. ഇത്തരമൊരു സ്ഥലത്താണ് ലിഗയെ എത്തിച്ചത്. ലിഗയുടെ മൃതദേഹം കണ്ടതിന് 300മീറ്റർ അകലെ മത്സ്യത്തൊഴിലാളിയായ മധുവും കുടുംബവും താമസിക്കുന്നുണ്ട്. 14ന് രാവിലെ 10.30ന് സമീപവാസിയായ ഉമേഷ്, തുരുത്തിൽ ഒരു ഗസ്റ്റ് (അതിഥി ) ഇരിപ്പുണ്ടെന്ന് പറഞ്ഞതായി മധുവിന്റെ ഭാര്യ മൊഴിനൽകി. ഇതാണ് കേസിൽ നിർണ്ണായകമായത്. ഈ അന്വേഷണം ഉദയനിലേക്കും എത്തി. ബെഹ്‌റയുടേയും മനോജ് എബ്രഹാമിന്റേയും ഇടപെടലുകൾ പ്രതികളെ കുറ്റസമ്മതവും നടത്തിച്ചു.

കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചു. ഇവർക്കെതിരായ തെളിവുകൾ കൂട്ടിയിണക്കാൻ വൈകിയതാണ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പ്രതികളും സമ്മതിച്ചു. പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരിൽ രണ്ടുപേരെ തിങ്കളാഴ്ച വിട്ടയച്ചു. യോഗാധ്യാപകനും ലൈംഗിക തൊഴിലാളിക്കും കൊലയിൽ പങ്കില്ലെന്ന നിലപാടിൽ പൊലീസെത്തി. ഉദയനും ഉമേഷും കോവളത്തെ ഗൈഡുകളാണ്. ഒരു തീവ്രസംഘടനയുമായി ഇവർക്ക് അടുപ്പമുണ്ട്.

ലിഗയെ കാണാതായത് കഴിഞ്ഞ മാർച്ച് 14നാണ്. അന്നുതന്നെ ലിഗ കൊല്ലപ്പെട്ടിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ഉമേഷാണ് ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായി സമ്മതിച്ചത്. കോവളത്തെത്തിയ ലിഗയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ഇയാൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ ഇവിടേക്കെത്തിച്ചെന്നുമാണ് മൊഴിയിൽ പറയുന്നത്. വള്ളത്തിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ ഇയാളുടെയും ലിഗയുടേതുമാണെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ കേസിൽ നിർണായകമാവും. മയക്കുമരുന്നു നൽകി ലിഗയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ലിഗ എതിർത്തുവെന്നുമാണ് മൊഴി.

തുടക്കത്തിൽ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവർ നൽകിയിരുന്നത്. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞ ഇവർ, പിന്നീട് മൃതദേഹം കണ്ടുവെന്ന് തിരുത്തി. ശാസ്ത്രീയമായി നടത്തിയ ചോദ്യംചെയ്യലിലാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്. ഒരാഴ്ചയായി പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. രാപകൽ നീണ്ട ചോദ്യംചെയ്യലിൽ പൊലീസിനു പിടികൊടുക്കാതെ പ്രതികൾ പിടിച്ചുനിൽക്കുകയായിരുന്നു. ഉമേഷ് കുറ്റം സമ്മതിക്കാൻ വിസമ്മതിച്ചുവെന്നും ഉദയന്റെ നിർണായക വെളിപ്പെടുത്തലാണ് അറസ്റ്റിലേക്കു വഴിവെക്കുന്നതെന്നുമാണ് വിവരം.