തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണ കാരണം സംബന്ധിച്ചു ദുരൂഹത ഏറുന്നു. അന്വേഷണം മുറുകിയതോടെ പ്രദേശവാസികളും മയക്കുമരുന്ന് ഇടപാടുകാരുമായ രണ്ട് യുവാക്കൾ അപ്രത്യക്ഷരായി. ഇവരുടെ തിരോധാനത്തിന് ലിഗയുടെ മരണവുമായി ബന്ധമുണ്ടോഎന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലിഗയുടെ മരണത്തിന് പിന്നിൽ മാഫിയ ഇടപെടലുണ്ടെന്ന് നേരത്തെ ഇന്റലിജൻസും വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ സൂചനകൾ. ലിഗ ശ്വാസം മുട്ടിയാകാം മരിച്ചതെന്നു പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ വാക്കാൽ അറിയിച്ചു. ഇതും കൊലപാതകത്തിന്റെ സൂചനയാണ്. അതിനിടെ മൃതദേഹം ലിഗയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ താവളത്തിന് അടുത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. ചേന്തിലക്കരയ്ക്ക് എതിർവശമുള്ള വെള്ളച്ചിറ മാറയെന്ന സ്ഥലത്തും മയക്കുമരുന്ന് മാഫിയയുണ്ട്. മയക്കുമരുന്ന് കുത്തിവയ്ക്കാനും മറ്റും നിരവധി പേർ ഇവിടങ്ങളിൽ എത്താറുണ്ട്. ബീച്ചിൽ നിന്ന് ലിഗയെ വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കണ്ടൽക്കാട്ടിലെത്തിച്ച് മയക്കുമരുന്ന് കുത്തിവച്ചശേഷം കൊലപ്പെടുത്തിയെന്ന വാദവും സജീവമാണ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കം കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാവൂ. മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുൻപ് കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയതും അന്വേഷണ പരിധിയിലാണ്. അന്വേഷണം കോട്ടയത്തും നീട്ടിയിട്ടുണ്ട്. അന്വേഷണ സംഘത്തിലെ എസ്‌പിയും സംഘവും രണ്ടുദിവസമായി കോട്ടയത്തുണ്ട്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല.

ലിഗയെ കോവളത്ത് കണ്ടൽക്കാട് നിറഞ്ഞ ചതുപ്പിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്ന നിഗമനാണ് ശക്തമാകുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജനാണ് പൊലീസിന് വിവരം നൽകിയത്. കഴുത്തിലെ എല്ലുകൾക്ക് സ്ഥാനഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്മപരിശോധനയിൽ ശ്വാസംമുട്ടിച്ചതിന്റെ സൂചനകളുണ്ട്. പക്ഷേ ശരീരത്തിൽ ഒരിടത്തും മുറിവുകളോ പാടുകളോ കാണപ്പെടുന്നില്ല. ശ്വാസകോശത്തിലും ക്ഷതമേറ്റതിന്റെ ലക്ഷണമില്ല. ലിഗയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുവനന്തപുരം മെഡിക്കൽകോളേജിലെ ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയിട്ടില്ല. ഫോറൻസിക് മേധാവി ഡോ. കെ. ശശികലയുടെ നേതൃത്വത്തിലുള്ള മെഡിക്കൽബോർഡ് മരണകാരണം വിശകലനം ചെയ്തശേഷമാണ് കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.

കേസിൽ കോവളം പനത്തുറയിലെ പ്രദേശവാസികളടക്കം പത്തിലേറെപ്പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചീട്ടുകളിക്കാനും കഞ്ചാവ് ഉപയോഗിക്കാനും കണ്ടൽക്കാട് പ്രദേശമായ ചേന്തിലക്കരയിൽ സ്ഥിരമായി എത്തുന്നവരും പിടിയിലായവരിലുണ്ട്. തിരുവല്ലത്ത് ക്യാമ്പ് ഓഫീസ് തുറന്ന് ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. ഇതിനിടെയാണ് രണ്ട് പേരെ കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രദേശത്ത് മീൻപിടിക്കാനെത്തിയപ്പോൾ മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ച രണ്ട് യുവാക്കളെ ഇന്നലെ വീണ്ടും ചോദ്യംചെയ്തു. മൃതദേഹം കണ്ടതിന് തൊട്ടടുത്തുള്ള രണ്ട് വീട്ടുകാരെയും ചോദ്യംചെയ്തു.

ഡിഎൻഎ പരിശോധനാ ഫലവും ആന്തരികായവങ്ങളുടെ പരിശോധനാ ഫലവും ലഭിച്ചശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന നിലപാടിലാണ് പൊലീസ്. ശരീരത്തിൽ ക്ഷതമോ മുറിവോ ഇല്ലെന്നും എല്ലുകൾ ഒടിഞ്ഞിട്ടില്ലെന്നും മാനഭംഗ സാധ്യതയും കാണുന്നില്ലെന്നും ഡോക്ടർമാർ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ ആത്മഹത്യാ സാധ്യതയും പൊലീസ് ഇപ്പോഴും പൂർണമായും തള്ളിയിട്ടില്ല. അതിനിടെ അന്വേഷണത്തിൽ തുടക്കത്തിലുണ്ടായിരുന്ന പരാതി ഇപ്പോഴില്ലെന്ന് ഐജി മനോജ് ഏബ്രഹാമിനെ കണ്ടശേഷം ലിഗയുടെ സഹോദരി ഇലീസ് പറഞ്ഞു.

മൃതദേഹത്തിന് 36 ദിവസം പഴക്കമുള്ളതിനാൽ ദുർഗന്ധമുണ്ടായിട്ടും ആരും അറിഞ്ഞില്ലെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. സ്ഥലത്തെ ചീട്ടുകളി സംഘം സ്ഥിരമായി എത്താറുണ്ട്. ചീട്ടുകളി സംഘത്തിൽ പെട്ടവരടക്കം മൃതദേഹം കണ്ടിരുന്നെങ്കിലും ആരും പൊലീസിൽ വിവരമറിയിച്ചിരുന്നില്ലെന്നാണ് സൂചന. കടൽത്തീരം വഴി വിദേശവനിത ഒറ്റയ്ക്ക് നടക്കുന്നതും ആറ്റിൽ കുളിക്കുന്നതും ചിലരോട് സിഗരറ്റ് ആവശ്യപ്പെട്ടതായും കണ്ടെന്ന സാക്ഷി മൊഴിയുമുണ്ട്. ചേന്തിലക്കരയിലേക്കുള്ള വഴിയിലും കടത്തുകടവിലും താമസിക്കുന്നവരെയും കയർ തൊഴിലാളികളെയും പൊലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തു.

അതിനിടെ മരണത്തെക്കുറിച്ചുള്ള സംശയങ്ങൾ ലിഗയുടെ സഹോദരി ഇലീസ് ഐജിക്കു രേഖാമൂലം നൽകി. മുഖ്യമന്ത്രിക്കും പൊലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് ഇലീസിനെ കണ്ടശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ രാഷ്ട്രീയ നേതാക്കൾ തന്നെ വന്നു കാണേണ്ടെന്നും മരണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അതിനുശേഷം ഇലീസ് മാധ്യമങ്ങളോടു പറഞ്ഞു. ''പ്‌ളീസ്.... എന്റെ സഹോദരിയെ ബഹുമാനിക്കണം.... എന്റെ സഹോദരിക്ക് എന്തു സംഭവിച്ചുവെന്ന് അറിയണം. അതിന് ഇതൊരു രാഷ്ട്രീയ യുദ്ധമാക്കുന്നതു ദയവായി അവസാനിപ്പിക്കണം''അവർ പറഞ്ഞു.

പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ചെന്തിലക്കരയിലെ കണ്ടൽക്കാട്ടിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്താൽ ചുറ്റപ്പെട്ട ആ പ്രദേശത്ത് കോവളം ലൈറ്റ്ഹൗസിൽ നിന്ന് സമുദ്ര ബീച്ച് വഴി പനത്തുറ കടവിലൂടെയോ, വള്ളം തുഴഞ്ഞോ മാത്രമേ എത്താനാവൂ. പോത്തൻകോട്ടെ ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ ലിഗയുടെ കൈവശം 2000 രൂപയേ ഉണ്ടായിരുന്നുള്ളൂ. അതിനിടെ ലിഗയെ കൊലപ്പെടുത്താൻ ആരെങ്കിലും ക്വട്ടേഷൻ നൽകിയോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. ലിഗയുടെ മരണത്തിൽ നിരവധി സംശയങ്ങൾ ഉണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു.

പ്രദേശത്തെ നിരവധിപേരെ ചോദ്യംചെയ്യുകയാണ്. മരണം അസ്വാഭാവികമാണ്. മൂന്നുദിവസത്തിനകം കേസ് തെളിയും. ഐ.ജി മനോജ് എബ്രഹാം കൃത്യമായ, ശാസ്ത്രീയ അന്വേഷണം നടത്തുകയാണ്. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കിട്ടിയിട്ടില്ല. പൊലീസ് 24 മണിക്കൂറും അന്വേഷിക്കുകയാണ്-ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു