തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം കോവളത്തുവച്ച് കാണാതായ വിദേശ വനിത ലിഗ സ്‌ക്രോമാന്റേത് തന്നെയെന്ന് പോത്തൻകോടുനിന്ന് കോവളത്തേക്ക് എത്തിച്ച ഓട്ടോ ഡ്രൈവർ ഷാജി. അഴുകിയ നിലയിൽ കണ്ട മൃതദേഹം ലിഗയുടേതാണോ എന്നും മരണകാരണം കൊലപാതകമോ ആത്മഹത്യയോ എന്നുമെല്ലാം പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ. അവസാനം കണ്ടിരുന്ന സമയത്ത് ലിഗ ഓവർകോട്ട് ധരിച്ചിരുന്നില്ലെന്നും ഡ്രൈവർ ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓട്ടോയാത്രയ്ക്ക് 800 രൂപ നൽകിയെന്നും അത്രയും വേണ്ടെന്ന് പറഞ്ഞ് തിരികെ കൊടുത്തപ്പോൾ വച്ചുകൊള്ളാൻ പറഞ്ഞുവെന്നും ആണ് ഷാജി പറയുന്നത്. പോത്തൻകോട് ചികിത്സയ്ക്ക് എത്തിയതായിരുന്നു ലിഗ. അവിടെനിന്ന് ഓട്ടോയിൽ കയറിയാണ് ബീച്ചിൽ പോകണമന്ന പറഞ്ഞത്. കോവളത്ത് വിട്ടപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളല്ല മൃതദേഹത്തിൽ കണ്ടതെന്നാണ് ഷാജി പറയുന്നത്. എന്നാൽ മൃതദേഹം അവരുടേത് തന്നെയെന്നാണ് ഓ്‌ട്ടോഡ്രൈവർ സ്ഥിരീകരിക്കുന്നത്. മൃതദേഹത്തിന് സമീപം കണ്ട ഓവർകോട്ട് ലിഗ തന്റെ ഓട്ടോയിൽ കയറിയപ്പോൾ ധരിച്ചിരുന്നില്ലെന്നും വാഹനത്തിൽ വച്ച് ധാരാളം സിഗരറ്റ് വലിച്ചുവെന്നും ഷാജി പറയുന്നു. കോവളത്ത് ഇറക്കിവിട്ടതിന് ശേഷം ബീച്ചിന്റേ ഭാഗത്തേക്ക് പോകുന്നതായി കണ്ടുവെന്നാണ് ഷാജി നൽകുന്ന വിവരം.

കോവളത്ത് മരിച്ച നിലയിൽ കാണപ്പെട്ട ലിഗ സ്‌ക്രോമാന്റേതു കൊലപാതകമാണെന്ന് സഹോദരി ഇലിസ് ഇന്നലെ ആരോപിച്ചിരുന്നു. മറുനാടന് നൽകിയ അഭിമുഖത്തിലും പിന്നീട് നടത്തിയ പത്രസമ്മേളനത്തിലും ഇലിസ് ഈ ആരോപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റയും രംഗത്തെത്തി. കേസിലെ അന്വേഷണം വെല്ലുവിളിയാണെന്നാണ് ഡിജിപി വ്യക്തമാക്കിയത്. മൃതദേഹം ആരുടേതെന്ന കാര്യത്തിലും മരണകാരണത്തിലും വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ അഭിപ്രായത്തിനു ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താൻ കഴിയുകയുള്ളു എന്നായിരുന്നു പൊലീസ് മേധാവിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് എല്ലാ വിധത്തിലുള്ള പരിശോധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഐ ജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുൻവിധിയോടെ പ്രതികരിക്കാനില്ല. കേസിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് കേരള പൊലീസിന്റെ അഭിമാനപ്രശ്‌നമാണ്. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം കേസിൽ നടത്തുമെന്നും ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

ലിഗയുടെ മരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ഗൗരവത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ല.എത്ര സമയമെടുത്താലും കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് ലോക്‌നാഥ് ബെഹ്‌റ ഉറപ്പ് നൽകി. അതേസമയം കേസന്വേഷണം സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിടുന്നതിൽ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

നിലവിൽ ഐ.ജിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.ഒരു മാസം മുൻപു കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിലപാടിലയിരുന്നു പൊലീസ്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എല്ലുകളും മറ്റും യഥാസ്ഥാനത്ത് തന്നെയാണ്. വിഷം ഉള്ളിൽ ചെന്നതാകാം മരണകാരണം എന്ന സംശയത്തിലാണ് പൊലീസ്.