തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശി ലിഗയുടെ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ എന്തിന് വേണ്ടിയാണ് കൊലപാതകം നടന്നതെന്ന ചോദ്യം അവശേഷിക്കുകയാണ്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊല നടത്തിയത് ഒന്നിലേറെ പേർ ചേർന്നാണെന്നും സംശയിക്കുന്നതാണ് റിപ്പോർട്ട്. കാൽമുട്ട് കൊണ്ടോ ഇരുമ്പ് ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ചാണ് കൃത്യം നിർവഹിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

തൂങ്ങിമരിച്ചാലുണ്ടാകുന്ന തരത്തിലുള്ള പരിക്കല്ല കഴുത്തിലുള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ജീർണിച്ചതിനാൽ ബലാത്സംഗം നടന്നോയെന്ന് വൃക്തമല്ല. ലിഗയുടേതുകൊലപാതകാണെന്ന് റിപ്പോർട്ട് പുറത്തുവരുമ്പോഴും ബലാത്സംഗ ശ്രമം നടന്നിട്ടില്ലെന്ന സൂചനകളിൽ നിന്നും എന്തിനാണ് കൊല നടത്തിയതെന്ന ചോദ്യം മാത്രം അവശേഷിക്കുന്നുണ്ട്. ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായാണ് റിപ്പോർട്ടിലുള്ളത്. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ഇത് ബലപ്രയോഗത്തിനിടയിൽ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തിൽ പിടിച്ചുതള്ളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്റേതാണ് ഈ നിഗമനം. അതേസമയം പൊലീസ് കസ്റ്റഡിയിൽ ഉള്ളവർ തന്നെയാണ് കൊല നടത്തിയതെന്ന സൂചനയുമുണ്ട്. കൊലയാളികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പൊലീസ് പുറത്തുവിട്ടേക്കും. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ മൃതദേഹം കണ്ടവരുണ്ട്. എന്നിട്ടും ഇതേക്കുറിച്ച് പരിസരവാസികളായവർ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല.

ഏപ്രിൽ 20നാണ് തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു മാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പിറ്റേന്ന് സഹോദരി എലിസയും ഭര്ത്താവ് ആൻഡ്രുവും എത്തി മൃതദേഹം ലിഗയുടേത് തന്നെയന്ന് സ്ഥിരീകരിച്ചു. സ്ഥലത്ത് മദ്യപിക്കാനും കഞ്ചാവ് ഉപയോഗിക്കാനുമെല്ലാം എത്തിയിരുന്ന യുവാക്കളിൽ രണ്ട് പേർ കണ്ടുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. പക്ഷേ കൊലപാതകം തന്നെയെന്ന് അന്വേഷണം സംഘവും ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

യോഗ പരിശീലകനായി കോവളത്ത് സഞ്ചാരികൾക്കിടയിൽ പ്രവർത്തിക്കുന്ന ആളും കസ്റ്റഡിയിലുണ്ട്. ഇയാൾ സ്ഥിരമായി കോട്ടുധരിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് സാഹചര്യത്തെളിവുകൾ കൂടി ലഭിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടായേക്കും. നിലവിൽ ഏഴുപേർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ലിഗയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കാൻ ശ്രമിച്ചതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫൈബർ വള്ളത്തിലാണ് ലിഗയെ മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപം എത്തിച്ചതെന്നാണ് ലഭിച്ച വിവരം. ഇതോടെ വള്ളങ്ങളിലെ വിരലരടയാളം, മുടിയിഴകൾ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനയും നടന്നുവരികയാണ്. ഒന്നിലധികംപേർ ഇവരെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇപ്പോൾ പൊലീസിന്റെ അനുമാനം. തെളിവുകളെല്ലാം കൃത്യമാക്കിയ ശേഷമേ അറസ്റ്റ് ഉണ്ടാകൂ.

പോത്തൻകോട് നിന്നു കാണാതായ ലിഗയുടെ മൃതദേഹം ഒരു മാസത്തിന് ശേഷമാണ് പിന്നീടു തിരുവല്ലത്തിന് സമീപം കണ്ടെത്തുന്നത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നു. ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടതെന്നാണ് സൂചനകൽ. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കിൽ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.

ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശും സൂചന നൽകിയിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. ഐറിഷ് യുവതിയുടെ കഴുത്തുഞെരിച്ചതോടെയാണ് രക്തം തലച്ചോറിൽ കട്ടപിടിച്ചതെന്ന സൂചനകളാണ് ലഭിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ട്. കാലിലും ആഴത്തിൽ മുറിവേറ്റതും കൊലപാതകമാണെന്ന് സൂചനകളാണ് ലഭിച്ചത്.

ലിഗയുമായി പരിചയമുണ്ടായിരുന്നവരും ലിഗയെ കണ്ടിരുന്നു എന്ന് പിന്നീട് പറഞ്ഞവരും നേരത്തെ പൊലീസിനെയോ ലിഗയുടെ ബന്ധുക്കളേയോ സമീപിച്ചിരുന്നില്ല. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നു. പ്രതികളെ രക്ഷിക്കാൻ നാട്ടിലെ പലരും പലതും ഒളിച്ചുവയ്ക്കുന്നതായു സംശയമുയർന്നിട്ടുണ്ട്. ലിഗയെ കണ്ടെത്തുന്നവർക്കു ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലിഗയെ കണ്ടുവെന്ന് ഇപ്പോൾ പറയുന്നവർ പോലും അക്കാര്യം നേരത്തെ പൊലീസിനെ അറിയിച്ചിരുന്നില്ല.