തിരുവനന്തപുരം: കോവളത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തിയ വിദേശ വനിതയുടെ ജീർണിച്ച മൃതദേഹം കാണാതായ ലാത്വിയ സ്വദേശി ലിഗയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഇക്കാര്യം ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയുടെ മാർഗ്ഗത്തിൽ നീങ്ങാൻ പൊലീസ്. ലിഗയുടേതാണ് മൃതദേഹമെങ്കിലും അവർ ധരിച്ച ജാക്കറ്റ് ആരുടേതാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇത് മാത്രമല്ല, മറ്റ് നിരവധി ഘടകങ്ങളും ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം വർദ്ധിപ്പിക്കുന്നു.

തലമുടിയിലെ ഹെയർക്ലിപ്പ്, ടിഷർട്ട്, ഹാഫ് പാന്റ്, പല്ലിന്റെ പ്രത്യേകത എന്നിവ കണ്ടാണു സഹോദരി ഇലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാത്രവുമല്ല മൃതദേഹത്തിലുള്ള ജാക്കറ്റും സമീപത്തു കിടന്ന ചെരിപ്പും ലിഗയുടേതല്ല. അന്വേഷണത്തിൽ തൃപ്തയല്ലെന്ന് ഇലീസ് ചൂണ്ടിക്കാട്ടിയതോടെ പൊലീസിനും ഇനി തലവേദയുടെ നാളുകളായിരിക്കും. അന്തർദേശീയ മാധ്യമങ്ങളിൽ അടക്കം ഈ വാർത്ത യുവതിയെ കാണാതായപ്പോൾ മുതൽ വന്നിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് പഴുതടച്ച അന്വേഷണം തന്നെ നടത്തേണ്ടി വരും.

ഒറ്റപ്പെട്ട കുറ്റിക്കാട്ടിൽ ഒരു വിദേശ വനിത ഒറ്റയ്ക്ക് എങ്ങനെയെത്തിയെന്ന ചോദ്യം സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. മൃതദേഹം കണ്ട ചെന്തിലാക്കരിയിൽ പനത്തുറയാറിന് സമീപത്തെ കുറ്റിക്കാട്ടിൽ നട്ടുകാർ പോകാറില്ല. തന്റെ സഹോദരി ഇവിടെ എങ്ങനെ എത്തിയെന്ന സംശയമാണ് ലിഗയുടെ മരണം കൊലപാതകമാകാമെന്ന ആരോപണമുന്നയിക്കാൻ ഇൽസിയെ പ്രേരിപ്പിച്ചത്. മൃതദേഹത്തിൽ കണ്ട ജാക്കറ്റും ചെരിപ്പും ലിഗയുടെതല്ലെന്നതും അവരുടെ സംശയത്തിന് ആക്കം കൂട്ടുന്നു. എന്നാൽ മരണകാരണം എന്താണെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായാലേ അന്വേഷണം ഏതുവിധത്തിലാകണമെന്ന് തീരുമാനിക്കാനാവൂവെന്നും പൊലീസ് പറയുന്നു. അതേസമയം പൊലീസ് അന്വേഷണം തുടരുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധനകൾ തുടരുന്നുണ്ട്. വിശാലമായ പ്രദേശമായതിനാൽ അടുത്ത ദിവസങ്ങളിലും അത് തുടരും.

കോവളത്തിനു സമീപം വാഴമുട്ടത്തുനിന്നാണ് ചെന്തിലാക്കരിയിലേക്ക് പോകേണ്ടത്. ഏകദേശം അരക്കിലോമീറ്ററുള്ള റോഡ് പനത്തുറയാറിൻകരയിൽ അവസാനിക്കുന്നു. ഈ റോഡിന് ഇരുഭാഗത്തും നിരവധി വീടുകളുമുണ്ട്. റോഡ് അവസാനിക്കുന്നിടത്തുനിന്ന് മുന്നൂറു മീറ്ററോളം അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം. കാടുപിടിച്ച തെങ്ങിൻപുരയിടത്തിലൂടെ മാത്രമേ ഈ ഭാഗത്ത് പോകാനുമാവൂ. ഈ പുരയിടത്തിന്റെ ഭാഗത്ത് രണ്ട് വീടുകളുമുണ്ട്. എന്നാൽ സമീപവാസികൾ ആരുംതന്നെ കുറ്റിക്കാടിന്റെ ഭാഗത്തേക്ക് പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴും ചൂണ്ടയിടാൻ പോകുന്നവരും വീണുകിടക്കുന്ന തേങ്ങ പെറുക്കാൻ പോകുന്നവരും മാത്രമാണ് ഇവിടെ എത്താറുള്ളത്.

അതുകൊണ്ടുതന്നെ അപരിചിതരായ ആരെങ്കിലും ഇതുവഴി പോകുകയാണെങ്കിൽ സമീപവാസികൾക്ക് കാണാനുമാകും. ഒരു വിദേശസ്ത്രീയെ ഇവിടെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നാട്ടുകാരിയല്ലാത്ത ഒരു സ്ത്രീക്ക് ഈ ഭാഗത്ത് ഒരിക്കലും എത്താനാകില്ലെന്നും നാട്ടുകാർ പറയുന്നു. ഏതാനും മാസംമുമ്പ് ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജീർണിച്ച് അസ്ഥികൂടം മാത്രമായ അവസ്ഥയിലായിരുന്നു അതെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം തിരുവല്ലം ആറ്റിലൂടെ വഞ്ചിയിലോ ബോട്ടിലോ സഞ്ചരിച്ചാൽ ഈ ഭാഗത്ത് എത്താനാകും. ഇത്തരത്തിൽ എത്തിയതാണോ എന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ലിഗ ഒറ്റയ്ക്ക് പലപ്പോഴും നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്തരത്തിൽ ഇവിടെ എത്തിയേക്കാം എന്ന് കരുതാവുന്നതുപോലെ മറ്റാരെങ്കിലും ഇവിടെ എത്തിച്ചതാണോയെന്ന് സംശയിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ലിഗയെ അവസാനമായി കണ്ടത് കോവളത്തുവച്ചായിരുന്നു. പോത്തൻകോട്ടു നിന്ന് ഒരു ഓട്ടോറിക്ഷയിൽ കോവളത്ത് എത്തിയെന്നായിരുന്നു പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.

ലിഗയെ ചികിത്സിച്ച ആയുർവേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാകുന്ന തരത്തിൽ ഒന്നും കണ്ടെത്താനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോൾ ധരിച്ചിരുന്നത്. നേരിയ ടിഷർട്ട് ധരിച്ചാണ് ലിഗ അന്നു പുറത്തുപോയത്. തിരുവല്ലം പൊലീസ് സ്റ്റേഷനിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ, കണ്ടൽക്കാടിലെ വള്ളിപ്പടർപ്പിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീർണമാണു ശരീരം. ശിരസ് മുറിഞ്ഞു മാറിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണു വിവരം. മൃതദേഹം പഴകിയതിനെത്തുടർന്ന് തല അടർന്നു വേർപെട്ടതാകാമെന്നാണു പൊലീസ് നിഗമനം. ശരീരത്തിൽ മുറിവേറ്റിരുന്നോ എന്നതടക്കമുള്ള നിർണായക വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ.

മൃതദേഹം കണ്ടതിന് സമീപത്തു നിന്നും സിഗരറ്റ് കവറും വെള്ളക്കുപ്പിയും ലൈറ്ററും പൊലീസിന് ലഭിച്ചിരുന്നു. സിഗരറ്റ് പായ്ക്കറ്റിൽ രണ്ടെണ്ണം വിദേശ നിർമ്മിതമാണ്. നിരന്തരം പുകവലിക്കുന്ന ശീലമുള്ള ലിഗതന്നെ ഇതുകൊണ്ടുവന്നതാണോ എന്നതും അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിലൊന്നും പൊലീസ് സൂചനകൾ നൽകുന്നില്ല. ലിഗയുടെ സഹോദരി എൽസിയുടെ ആരോപണത്തെ പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. മരണകാരണം എന്താണെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൊലപാതക സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.

വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. തുടർന്നു ഭർത്താവ് ആൻഡ്രൂസും ലിഗയുടെ സഹോദരി ഇലീസും പൊലീസ് പരാതി നൽകിയിരുന്നു. വിവരങ്ങളൊന്നും ലഭിക്കാഞ്ഞതിനെത്തുടർന്ന് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചു. ലിഗയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചാണ് പോസ്റ്ററുകൾ പതിച്ചത്. മറ്റ് ജില്ലകളിലേക്കും ഇവർ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.