സൂറിച്ച്: പങ്കുവെയ്ക്കുന്നതാണ് ഈശ്വരസാക്ഷാത്കാരം എന്നു വിശ്വസിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി കണ്ണുകളടച്ച് ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന നിസ്വാർത്ഥസേവനം നടത്തിവരുന്ന സ്വിറ്റ്‌സർലന്റ് ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘടനയാണ് 'ലൈറ്റ് ഇൻ ലൈഫ്'.

ഇടുക്കി ജില്ലയിലെ മലയോരപ്രദേശങ്ങളിലുള്ള നിർധനരും നിരാലംബരുമായ നിരവധി കുടുംബങ്ങൾക്ക്, അന്ധകാരത്തിലൂടെയുള്ള ജീവിതപ്രയാണത്തിൽ ചെറിയൊരു പ്രകാശം നല്കി വഴികാട്ടുകയാണ് ഈ സംഘടന. ഇതുവരെ മൂന്നുഘട്ടങ്ങളിലായി ഇടുക്കി മലയോരഗ്രാമങ്ങളിൽ മാത്രം 41 ലക്ഷം രൂപ ധനസഹായം ചെയ്തുകൊണ്ട് 41 വീടുകൾ പൂർത്തീകരിക്കുവാൻ 'ലൈറ്റ് ഇൻ ലൈഫി'നു സാധിച്ചുവെന്നള്ളത് അഭിമാനകരമാണ്.

ഇടുക്കി ജില്ലയുടെ സഹകരണത്തോടെയാണ് ജാതിമതഭേദമില്ലാതെ ഈ പദ്ധതികൾ നടത്തിക്കൊണ്ടിരിക്കുന്നത്. രൂപതാ ബിഷപ് മാർ ആനിക്കുഴിക്കാട്ടിലിന്റെ അനുഗ്രഹത്തോടും ആശീർവാദത്തോടുംകൂടി, രൂപതാ പ്രോക്യൂറൈറ്റർ റവ. ഡോ. ജോർജ് കുഴിപ്പള്ളിൽ ആണു ഈ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നത്.

ഭവനനിർമ്മാണപദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി ഈവർഷം പത്തു വീടുകളുടെ നിർമ്മാണം ലൈറ്റ് ഇൻ ലൈഫ് ഏറ്റെടുത്തു. 2016 ഏപ്രിൽ 21-നു ഇടുക്കിരൂപതാ ആസ്ഥാനത്തൂ നടന്ന ചടങ്ങിൽ 'ലൈറ്റ് ഇൻ ലൈഫി'ന്റെ പ്രതിനിധി ജോർജ് നടുവത്തെട്ട് പത്തു വീടുകൾക്കുള്ള ധനസഹായമായി 15 ലക്ഷം രൂപയുടെ ചെക്ക് ഇടുക്കി രൂപതാ ബിഷപ് മാർ ആനിക്കുഴിക്കാട്ടിലിനു കൈമാറി.

ഈ വർഷം മൊത്തം 75 ലക്ഷം രൂപയുടെ ക്ഷേമപ്രവർത്തനമാണ് ലൈറ്റ് ഇൻ ലൈഫ് ലക്ഷ്യമിടുന്നത്. രണ്ടര വർഷംകൊണ്ട് ഏതാണ് ഒരുകോടി പത്തുലക്ഷം രൂപ സഹായധനം നൽകി ജീവകാരുണ്യരംഗത്ത് സ്തുത്യർഹമായ സേവനമാണ് സംഘടന നിർവഹിക്കുന്നത്.