വെളിച്ചത്തിനായി ഉപയോഗിക്കുന്ന ബൾബുകളുടെ അന്ത്യം കുറിക്കാൻ ഇതാ പുതിയ പേപ്പർ വരുന്നു! ഒരു പേപ്പറിന് എങ്ങനെ ബൾബുകൾക്ക് പകരം നിൽക്കാനാകുമെന്ന് ചോദിക്കാൻ വരട്ടെ. ഇതു സാധാരണ പേപ്പറല്ല. വളരെ ചെറിയ എൽ ഇ ഡികളുപയോഗിച്ച് പ്രിന്റ് ചെയ്‌തെടുക്കുന്ന ലൈറ്റ്‌പേപ്പറുകളാണിത്. ഇവ ചുമരിൽ പതിപ്പിക്കുകയോ മറ്റു വസ്തുക്കളിൽ പിടിപ്പിക്കുകയോ എന്തും ചെയ്യാമെന്ന് ഇതു വികസിപ്പിച്ചെടുത്ത ഗവേഷകർ പറയുന്നു. ത്രി ഡി പ്രിന്റിങ് സാങ്കേതിക വിദ്യയാണ് ഈ പേപ്പർലൈറ്റ് വികസിപ്പിച്ചെടുക്കുന്നതിൽ വഴിത്തിരിവുണ്ടാക്കിയത്. പേപ്പർ ലൈറ്റുകൾ എങ്ങനെ എല്ലാം ഉപയോഗപ്പെടുത്താമെന്ന് തങ്ങൾക്കു തന്നെ അറിയില്ലെന്നും നിർമ്മാതാക്കളായ കമ്പനി സമ്മതിക്കുകയും ചെയ്തു.

ലോകത്തെ ഏറ്റവും നേർത്ത ഈ ലൈറ്റ് നിർമ്മിക്കുന്നത് മഷിയും വളരെ ചെറിയ എൽ ഇ ഡികളും വൈദ്യുതചാലക ശേഷിയുള്ള പാളിയിലേക്ക് അച്ചടിച്ചാണ്. ഇവ പിന്നീട് രണ്ടു പാളികളിൽ കൂടി പൊതിയുന്നു. ചുവന്ന രക്ത കോശത്തോളം മാത്രമെ ഇവയിലുപയോഗിക്കുന്ന ഡയോഡുകൾക്ക് വലിപ്പമുള്ളൂ. വൈദ്യുതി ഈ ഡയോഡുകളിലൂടെ കടന്നു പോകുേമ്പാൾ പേപ്പർ ലൈറ്റ് പ്രകാശിക്കുന്നു. ഇതിന് എങ്ങനെയും വഴങ്ങുന്ന രൂപമാണെന്ന് നിർമ്മിച്ച കമ്പനിയായ റോഹിനി പറയുന്നു. സാധാരണ എൽ ഇ ഡികളെ സർക്യൂട്ട് ബോർഡിൽ പിടിപ്പിച്ചാണ് ലൈറ്റുകൾ ഉണ്ടാകുന്നത്. എന്നാൽ ഇഷ്ടപ്രകാരം പ്രിന്റ് ചെയ്ത് പേപ്പർലൈറ്റ് നിർമ്മിക്കാമെന്ന് കമ്പനി പറയുന്നു.

വാൾപേപ്പറായും കാറിന്റെ ലോഗോകളായും കമ്പനി പേപ്പർ ലൈറ്റുകൾ അവതരിപ്പിച്ചു. ഈ പേപ്പർ ലൈറ്റുകൾ ഏതെല്ലാം തരത്തിൽ ഉപയോഗപ്പെടുത്താമെന്ന് തങ്ങൾക്കു പോലും അറിയില്ലെന്ന് റോഹിനി സിഎംഒ നിക്ക് സ്മൂട്ട് പറയുന്നു. പുതിയൊരു ലൈറ്റ് നിർമ്മിക്കാനുള്ള വഴി കണ്ടെത്തിയെന്നു മാത്രമെ തങ്ങൾക്കറിയൂ എന്നും അദ്ദേഹം പറഞ്ഞു.