തിരുവനന്തപുരം: ഇണപിരിയാത്ത സൗഹൃദം കരുത്താക്കിയവരാണ് ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയ ചെമ്പൻ വിനോദും ലിജോജോസ്് പെല്ലിശ്ശേരിയും. സർഗാത്മക സഹകരണ സംഘം എന്നാണ് ഒരു അഭിമുഖത്തിൽ ലിജോ ഇതിനെ വിശേഷിപ്പിച്ചത്. ആദ്യ സിനിമതൊട്ട് ഒന്നിച്ച് പ്രവർത്തിച്ച ഈ സുഹൃത്തുക്കൾ 49ാമത് ഗോവൻ രാജ്യാന്തര ചലച്ചിത്രോൽസവത്തിലും ഒന്നിച്ച് ആദരിക്കപ്പെട്ടു. ഈശോ മറിയം യൗസേപ്പേ എന്ന ലാറ്റിൻ കത്തോലിക്കരുടെ പ്രാർത്ഥനാവാക്കിന്റെ ചുരുക്കപ്പേരായ 'ഈമയൗ'എന്ന ഒന്നാന്തരം ചിത്രത്തിലൂടെ ലിജോ മികച്ച സംവിധായകനായപ്പോൾ, അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌ക്കാരം ചെമ്പനെയും തേടിയെത്തി.

അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനായ ലിജോക്ക് ചലച്ചിത്രലോകം കുട്ടിക്കാലം തൊട്ടേ സുപരിചിതമായിരുന്നെങ്കിലും ചലച്ചിത്ര ലോകത്തേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. എറെ പരിശ്രമങ്ങൾക്കു ശേഷം 2010ൽ നായകൻ എന്ന ചലച്ചിത്രമെടുക്കുമ്പോൾ ലിജോ നിർബന്ധിച്ച് ആത്മസുഹൃത്ത് ചെമ്പനെ കൊണ്ടും വേഷം ചെയ്യിപ്പിച്ചു. അതുവരെ അഭിനയം തന്റെ സ്വപ്്നങ്ങളിൽ ഇല്ലായിരുന്നെന്നാണ് ചെമ്പൻ പല അഭിമുഖങ്ങളിലും പറയുന്നത്. അന്ന് മൊട്ടിട്ടുമാത്രം വരുന്ന ന്യൂജൻ തരംഗമായിരുന്നു മലയാളത്തിൽ ഉണ്ടായിരുന്നത്.

പക്ഷേ അപ്പോഴും കാഴ്‌ച്ചയുടെ വ്യത്യസ്ത അനുഭവം നൽകിയ ചിത്രവും ചെമ്പന്റെ നെഗറ്റീവ് ഷേഡുള്ള പൊലീസ് വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിഥ്വിരാജിനെ നായകനാക്കിയെടുത്ത ലിജോയുടെ രണ്ടാമത്തെ ചിത്രവും, വിദേശ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മേക്കിങ്ങ് കൊണ്ട് നിരൂപക ശ്രദ്ധയും കലാമൂല്യമുള്ള ചിത്രമെന്ന പേരും നേടിയെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. എന്നാൽ ഇതുരണ്ടും ലിജോക്ക് നേടിക്കൊടുക്കുന്നത് മൂന്നാമത്തെ ചിത്രമായ ആമേൻ ആണ്. ചെമ്പൻ വിനോദിനും ഒന്നാന്തരം ബ്രേക്കായിരുന്നു, വൻ ഹിറ്റായി മാറിയ ഈ ചിത്രം. ഇതോടെ ചെമ്പൻ തിരക്കേറിയ നടനായി മാറുകയും ചെയ്തു. പിന്നീടങ്ങോട്ട് ചെമ്പന് തിരുഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കള്ളനായും ഗുണ്ടായായും കട്ടലോക്കൽ നാട്ടിൻപുറത്തുകാരനായും ചെമ്പൻ അരങ്ങുതകർക്കുന്ന ചിത്രങ്ങളാണ് പിന്നീട് തുടർച്ചയായി വന്നത്.
സപ്തമശ്രീ തസ്‌കര, ഉറുമ്പുകൾ ഉറങ്ങാറില്ല, കോഹിനൂർ, ഡബിൾ ബാരൽ, സെക്കൻഡ് ക്ലാസ്സ് യാത്ര എന്നീ ചിത്രങ്ങളിലൊക്കെ കവർച്ചക്കാരന്റെ റോളും ഗുണ്ടയുടേതും തന്മയത്തത്തോടെ ചെയ്്തിട്ടുണ്ട്. ഇതോടെ സ്ഥിരം കള്ളൻ എന്ന പേര് വീണുപോകതിരിക്കാനായി
രണ്ട് വർഷത്തേക്ക് ഇനി കള്ളനായിട്ട് അഭിനയിക്കുന്നില്ല എന്ന തീരുമാനവും ഈ നടന് എടുക്കേണ്ടിവന്നു. ഇതേക്കുറിച്ച് ചെമ്പൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ-'വേറൊന്നും കൊണ്ടല്ല, തീയറ്ററിൽ ആളുകൾ വന്നിരിക്കുമ്പോൾ വിചാരിക്കും ഇയാൾ പിന്നെയും കള്ളനാണോ എന്ന്. അല്ലെങ്കിൽ വേറൊരു രീതിയിലാവും പ്രേക്ഷകരുടെ ചിന്ത.

എന്റെ കഥാപാത്രത്തെ കണ്ടാൽ അയാൾ കള്ളനായാൽ രസമായിരിക്കുമെന്ന് കരുതും, അല്ലെങ്കിൽ ഇയാൾ വീണ്ടും കള്ളനായി ബോറടിപ്പിക്കുകയാണല്ലോ എന്ന് ചിന്തിക്കും. അഭിനേതാവായി എനിക്കിവിടെ തുടരാനാകുമെങ്കിൽ ഇനി എത്ര വലിയ പ്രൊജക്ടാണെങ്കിലും ഇനി രണ്ട് വർഷത്തേക്ക് കള്ളനെ സെലക്ട് ചെയ്യില്ല. മലയാളികൾ എപ്പോഴും പുതുമകൾ ഇഷ്ടപ്പെടുന്നവരാണ്. ആവർത്തനം പെട്ടെന്ന് മടുത്തുപോകും.'- ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.

ടമാർ പടാറിലെ ട്യൂബ്ലൈറ്റ് മണി, ഇയ്യോബിന്റെ പുസ്തകത്തിലെ ദിമിത്രി, കലിയിലെ ചക്കര, തുടങ്ങിയ എത്രയോ ചിത്രങ്ങളിൽ ഈ നടന്റെ ഭാവങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒടുവിലാനും, തിലകനും, കരമനയുമൊക്കെ കാല യവനികക്കുള്ളിൽ മറയുകയും ജഗതിയെപ്പോലുള്ളവർ അസുഖബാധിതരാവുകയും ചെയ്തതോടെ , ക്യാരക്ടർ റോൾ ചെയ്യുന്ന നടന്മാരുടെ പ്രതിസന്ധി തിരമലയാളം മറികടന്നത് ചെമ്പനെപ്പോലുള്ളവരുടെ പ്രതിഭവച്ചാണ്. തിരക്കേറിയ നടനായി വളരുമ്പോഴും ചെമ്പൻ ലിജോയുടെ ചിത്രങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

ബിഗ് ബജറ്റ് ചിത്രമായ ഡബിൾ ബാരലിൽ വേഷമിട്ട ചെമ്പൻ അങ്കമാലി ഡയറീസ് എന്ന വിഖ്യാത ലിജോ ചിത്രത്തിന്റെ തിരക്കയും ഒരുക്കി. ലിജോയുടെ പല സംരംഭങ്ങളിലും സഹ നിർമ്മാതാവ് കൂടിയായിരുന്നു ഈ നടൻ. ചെമ്പന്റെ നാടായ അങ്കമാലിയിലെ ഒരു ജനപഥത്തിന്റെ കഥ തീർത്തും പുതുമുഖങ്ങളെ ഒരുക്കി വിസ്മയിപ്പിക്കുന്ന ഷോട്ടുകളിലൂടെയാണ് ലിജോ ഒരുക്കിയത്. ക്ലൈമാക്സിലെ 20 മിനുട്ട് നീണ്ടനിൽക്കുന്ന ഒറ്റ ഷോട്ട് ചലച്ചിത്ര വിദ്യാർത്ഥികൾ കണ്ടുപഠിക്കേണ്ടതാണെന്നാണ് നിരൂപകർ വാഴ്്ത്തിയത്. അങ്കമാലി ഡയറീസിന്റെ തിരക്കഥ ഒരുക്കുക വഴി താൻ ഒരു ബഹുമുഖപ്രതിഭയാണെന്നും ഈ യുവ നടൻ തെളിയിച്ചു. ചെമ്പൻ കഥകളുടെ ഒരു കടലാണെന്നും മുമ്പും തന്റെ ചിത്രങ്ങളിലെ പലരംഗങ്ങളും ചെമ്പന്റെ അനുഭവങ്ങൾ ആണെന്നും ലിജോ പറഞ്ഞിരുന്നു. ആമേനിലെ തുടക്കത്തിലെ രംഗങ്ങൾ ചെമ്പന്റെ നാട്ടിൽ നടന്ന ഒരു സംഭവത്തിൽനിന്നാണ് കിട്ടിയതെന്നും ലിജോവെളിപ്പെടുത്തിയിരുന്നു.

ലിജോയെക്കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് ചെമ്പൻ പറഞ്ഞത് ഇങ്ങനെയാണ്.'തീർച്ചായും സൗഹൃദം എനിക്ക് ആക്ടർ എന്ന നിലയ്ക്ക് കംഫർട്ട് നൽകിയിട്ടുണ്ട്. ലിജോ കാരക്ടറിന്റെ ഫോർമേഷൻ ആദ്യമേ പറഞ്ഞുതരും. കാലങ്ങളായി ചങ്ങാതികളായതുകൊണ്ട് അവൻ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് പെട്ടെന്ന് മനസിലാകും. ഞങ്ങൾ ഒരേപോലെ ചിന്തിക്കുന്നവരാണ്. ഡബിൾ ബാരലിൽ അതുവേണ്ട ഇത് വേണം എന്നൊന്നും അവന് എന്നോട് പ്രത്യേകിച്ച് പറയേണ്ടി വന്നിട്ടില്ല. കാരണം ആ കാരക്ടർ അവൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി. പിന്നെ നടത്തത്തിന്റെ സ്‌റ്റൈൽ ഞാൻ ചെയ്ത് കാണിച്ചപ്പോൾ അവൻ ഓക്കെ പറഞ്ഞു. ഫ്രണ്ട്ഷിപ്പ് വളരെ വലിയ കാര്യമാണ്,ലിജോയെ കൂടാതെ അമലിന്റെയും അൻവറിന്റെയും കൂടെയും ഇത് തന്നെയാണ് എനിക്ക് കംഫർട്ട് തരുന്നത്.']

ഈ സർഗാത്മക സൗഹൃദം തന്നെയാണ് തന്റെ അറാമത്തെ ചിത്രമായ ഈമയൗവിൽ നായകനാക്കി ചെമ്പനെ നിർണ്ണയിക്കാനും ലിജോക്ക് പ്രേരണയായത്. ഒരു കടലോര ഗ്രാമത്തിലെ ഈസിയെന്ന പ്രാരാബ്്ധക്കാരനായ യുവാവിന്റെവേഷം അതി തന്മയത്തത്തോടെയാണ് ചെമ്പൻ അഭിനയിച്ചത്. തന്റെ അപ്പന്റെ മരണാനന്തര ചടങ്ങുകൾ കേമമായി നടത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനെ എങ്ങനെയാണ് സംശയരോഗികളായ സമൂഹവും, പൗരോഹിത്യവും, ഭരണകൂടവും ഒക്കെ ചേർന്ന് ഭ്രാന്തിന് സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു. ക്ലൈമാക്സിലെ ചെമ്പന്റെ കൊലമാസ് പ്രകടനമൊക്കെ നിർമ്മാല്യത്തിലെ പിജെ ആന്റണിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

വിഭ്രമിപ്പിക്കുന്ന ഫ്രെയിമുകളും ഷോട്ടുകളുമാണ് പതിവുപോലെ ലിജോ ഈ ചിത്രത്തിനായും ഒരുക്കിയത്. ചിത്രത്തിലെ കടപ്പുറത്തിന്റെ രാത്രി ദൃശ്യങ്ങളൊക്കെ വിദേശ ക്ലാസിക്ക് ചലച്ചിത്രകാരന്മാരെ ഓർമ്മിപ്പിക്കുന്നതാണ്. 'മരണം കൊണ്ടൊരും മാസ്റ്റർ പീസ്' എന്നാണ് പലരും വിശേഷിപ്പിച്ചത്. സംസ്ഥാന അവാർഡ് തൊട്ട് നിരവധി അന്താരാഷ്ട്ര മേളകളിലേക്കുള്ള ക്ഷണവും ഈ പടം നേടിയിട്ടുണ്ട്.