- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 വർഷമായി ജീവിക്കുന്നത് വെന്റിലേറ്റർ സഹായത്തോടെ; കറണ്ട് പോയാൽ മുറിയുന്ന ജീവന് ഇനി വൈദ്യുതി ചാർജ് വേണ്ടെന്ന് വച്ച് കൈത്താങ്ങായി കെഎസ്ഇബിയും; സുമനസുകളുടെ സഹായത്തോടെ വീടൊരുങ്ങുമ്പോൾ രോഗത്തോടു പോരാടാനുള്ള പുതിയ ഊർജവുമായി ലിജോ
തിരുവനന്തപുരം: അപൂർവരോഗം ബാധിച്ച് 14 വർഷമായി വെന്റിലേറ്ററിൽ കഴിയുന്ന പാറശാല സ്വദേശി ലിജോയ്ക്ക് സുമനസുകളുടെ കാരുണ്യത്താൽ സ്വന്തമായി വീടൊരുങ്ങുന്നു. മലയാള മനോരമയും ഐബിഎസ് സോഫ്റ്റ് വെയർ കമ്പനിയും ചേർന്നാണ് നെടുവാൻവിള ജംക്ഷനു സമീപം നാല് സെന്റ് സ്ഥലത്ത് ലിജോയ്ക്ക് വീട് നിർമ്മിച്ചു നൽകുന്നത്. 10 ലക്ഷം രൂപ മുടക്കി ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്.
സ്വമേധയാ ശ്വാസം വലിച്ചെടുക്കാനാകാത്ത അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യൂറോപ്പതി എന്ന അപൂർവ രോഗമാണ് ലിജോയ്ക്ക്. ചികിത്സാ ആവശ്യത്തിനു സ്വന്തം വീട് വിറ്റശേഷം 10 വർഷമായി സഹോദരനൊപ്പം വാടകവീട്ടിലാണു ലിജോയുടെ താമസം.
ഒന്നരപതിറ്റാണ്ടോളം കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ലിജോയുടെ ജീവിതം. എന്നാൽ ആ അവസ്ഥയിൽ കിടന്നുകൊണ്ട് അവൻ സ്വന്തം വീടെന്ന സ്വപ്നം കണ്ടു. അതു യാഥാർഥ്യമാക്കാൻ മലയാള മനോരമയും ഐബിഎസും നാട്ടുകാരുമെല്ലാം ഒരുമിച്ചപ്പോൾ അതു ലിജോയുടെ ജീവിതത്തിൽ പുതിയ അധ്യായമാണു തുറന്നത്. ഒരുപാടു പേർ തനിക്കൊപ്പമുണ്ടെന്ന തോന്നൽ ലിജോയെപ്പൊലെ ഒരാൾക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി ലിജോയുടെ ജീവിതത്തിലുണ്ടാകുന്ന അദ്ഭുതങ്ങൾക്കു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.
വീട് നിർമ്മിച്ചുനൽകിയ മനോരമയും ഐബിഎസും ജീവിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും ലിജോയ്ക്കു നൽകിയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ.സഞ്ജീവ് വി.തോമസ്, ലാഭേച്ഛയില്ലാതെ വീടുനിർമ്മാണം ഏറ്റെടുത്ത ആർക്കിടെക്ട് ജി.ശങ്കർ, മനുഷ്യാവകാശ പ്രവർത്തകൻ ശ്രീജേഷ് കുന്നത്തുകാൽ തുടങ്ങിയവരുടെ ഇടപെടലുകൾ എടുത്ത് പറയേണ്ടതുണ്ട്.
നിമിഷനേരം കൊണ്ട് തിരിച്ചുകിട്ടിയ ജീവൻ
ഏഴു മാസംമുൻപൊരു പകൽനേരത്ത് നിമിഷനേരത്തെ ഭാഗ്യം കൊണ്ടും മനുഷ്യാവകാശ പ്രവർത്തകൻ ശ്രീജേഷ് കുന്നത്തുകാലിന്റെ ഇടപെടൽ കൊണ്ടുമാണ് ലിജോയുടെ ജീവൻ തിരിച്ചുകിട്ടിയത്. വാടകവീട്ടിലെ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ വൈദ്യുതിബന്ധം മുറിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന്റെ നിഴലനക്കം ശ്രീജേഷ് കുന്നത്തുകാലിന്റെ കണ്ണിൽപെട്ടതിനാൽ ആ ദുരന്തം ഒഴിവായി. ഇല്ലെങ്കിൽ സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതു കാണാൻ ഒരുപക്ഷേ ലിജോയുണ്ടാകുമായിരുന്നില്ല. വൈദ്യുതി നിലച്ചാൽ, വെന്റിലേറ്ററിൽ ജീവൻ പിടിച്ചുനിർത്തുന്ന ലിജോയുടെ ജീവിതവും നിലയ്ക്കും.
വൈദ്യുതി കുടിശ്ശിക ആറായിരം രൂപ അടയ്ക്കാതിരുന്നതിനാലാണു കെഎസ്ഇബി ജീവനക്കാരൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയത്. വൈദ്യുതി നിലച്ചാൽ നിലയ്ക്കുന്ന ഒരു ജീവൻ അകത്തുണ്ടെന്ന കാര്യം അയാൾക്കറിയില്ലായിരുന്നു. വൈദ്യുതി നിലച്ചാൽ പകരം സംവിധാനമായുണ്ടായിരുന്ന ഇൻവേർട്ടറും അന്ന് കേടായിരുന്നു. വീടിനു പുറത്തെ മീറ്റർ ബോർഡിനു സമീപം ഒരു നിഴലനങ്ങുന്നതു കണ്ടാണ് മുറിക്കുള്ളിൽ ലിജോയ്ക്കൊപ്പമുണ്ടായിരുന്ന ശ്രീജേഷ് ശ്രദ്ധിക്കുന്നത്. പുറത്തുചെന്നു നോക്കിയപ്പോഴാണു വൈദ്യുതിബന്ധം മുറിക്കാനെത്തിയതാണെന്നു മനസിലായത്. ഉടൻ കെഎസ്ഇബി അസി.എൻജിനീയറെ വിളിച്ചു കാര്യം ധരിപ്പിച്ചു. തുടർന്നു മനോരമ അധികൃതരുടെയും ലിജോയെ ചികിത്സിച്ചിരുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ.സഞ്ജീവ് വി.തോമസിന്റെയും സഹായത്തോടെ കെഎസ്ഇബി ചെയർമാനെ ബന്ധപ്പെട്ടു.
ലിജോയുടെ ദുരിതകഥയറിഞ്ഞ കെഎസ്ഇബി അധികാരികൾ കുടിശ്ശിക മാത്രമല്ല, ഇനിയങ്ങോട്ടുള്ള വൈദ്യുതി ചാർജും വേണ്ടെന്നു വച്ചു. ജീവിച്ചിരിക്കണമെന്ന ലിജോയുടെ ഇച്ഛാശക്തിക്ക് ഇങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലയിൽനിന്നുമുള്ളവരുടെ പിന്തുണയുണ്ട്. ലിജോയുടെ ദുരിത കഥയറിഞ്ഞു സഹായിക്കാനെത്തിയവർ ഒട്ടേറെയാണ്. വിദേശത്തുനിന്നുൾപ്പെടെ സംഭാവനയൊഴുകി. അങ്ങനെയാണ് ചെറിയ പ്രായത്തിൽ വിധി സമ്മാനിച്ച ദുരിതവും ആകസ്മികമായെത്തിയ അപകടവുമെല്ലാം മറികടന്ന് ലിജോ സ്വന്തം വീട്ടിലേക്കു പ്രവേശിക്കുന്നത്.
അങ്ങനെയാണ് 10 വർഷമായി വാടകവീട്ടിൽ കഴിയുന്ന ലിജോയ്ക്കു സ്വന്തം വീടൊരുങ്ങിയത്. നാട്ടുകാരുടെ നിർലോഭമായ സഹകരണമുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരായ ശ്രീജേഷ്, പാറശാല അജിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം വിനയനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സുനിൽ, അലക്സ്... സഹായ ഹസ്തങ്ങൾ നീട്ടിയവരുടെ പേരുകൾ അവസാനിക്കുന്നില്ല. പുതിയ വീടിനു മുൻപിലൂടെയുള്ള പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണി കൂടി പൂർത്തിയായെങ്കിൽ മാത്രമേ ലിജോ ഇങ്ങോട്ടു താമസം മാറുകയുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ