ലിവർപൂൾ: അത്തപ്പൂക്കളവും തുമ്പിതുള്ളലും കൊട്ടും കുരവയുമൊക്കെയായി ലോകമെങ്ങുമുള്ള ഓരോ മലയാളിക്കുമൊപ്പം 'ലിമയും ( ലിവർപൂൾ മലയയാളി അസോസിയേഷൻ) ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ്. സെപ്റ്റംബർ 17 ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ലിവർപൂൾ ഓൾ സെയിന്റ് പാരീഷ് ഹാളിൽ വച്ച് ഔപചാരികമായ ഉദ്ഘാടനത്തോടെ ലിമയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ''പൊന്നണത്തുമ്പി 2016'' തുടക്കം കുറിക്കപ്പെടും. കേരളത്തിന്റെ പൈതൃകങ്ങളാലും ഗാന നടന വൈവിദ്ധ്യങ്ങളാലും രസക്കാഴ്ചകളുടെ ഒരു ഉത്സവം തന്നെയായിരിക്കും ഇക്കുറി 'ലിമ' അവതരിപ്പിക്കുകയെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു. കൂടാതെ ഏറ്റവുമൊടുവിൽ കേരളത്തിന്റെ തനതു രുചികൂട്ടുകളടെ ഒരു ഓണ വിരുന്നും അംഗങ്ങൾക്കായി ലിമ ഒരുക്കുന്നു.

എന്നാൽ യഥാർത്ഥ ഓണാഘോഷമെന്നാൽ സ്‌നേഹവും സമത്വവും സാഹോദര്യവും ആണെന്ന തിരിച്ചറിവിൽ ലിമ മാതൃകാപരമായ ഒരു പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണ്. ''കൈനീട്ടം 2016'' എന്ന പേരിൽ കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിർധനരായ 100 ൽ പരം വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ അടങ്ങിയ ഓണക്കിറ്റ് സമ്മാനിക്കുന്നതിനൊപ്പം വട്ടച്ചിറ ആദിവാസി കോളനിയിലെ ആദിവാസി സമൂഹത്തിന് തിരുവോണ ദിവസം വിഭവ സമൃദ്ധമായ ഓണസദ്യ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. എന്നാൽ ''കൈനീട്ടം 2016'' പദ്ധതിയുടെ ആവശ്യത്തിനായി ഒരാളിൽ നിന്നും ഒരു തുകയും നിർബന്ധപൂർവ്വം വാങ്ങാതെ അംഗങ്ങൾ നൽകുന്ന ഓണാഘോഷ വരിസംഖ്യയിൽ നിന്നും ഒരു വീതം മാറ്റി വച്ചും ഇതിനുപള്ള പണം കണ്ടെത്താനാകുമെന്നാണ് ലിമ പ്രതീക്ഷിക്കുന്നത്. ഓണം സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണെന്നും ആ സന്തോഷം കഴിയുന്നത്ര മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നുമുള്ള ആശയത്തിൽ അധിഷ്ടിതമായ പ്രവർത്തനമാണ് ലിമ ലക്ഷ്യമാക്കുന്നത്.

ലിവർപൂൾ നിവാസികളായ എല്ലാ മലയാളികളെയും ''പൊന്നേണത്തുമ്പി 2016'' എന്ന ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം എല്ലാവർക്കും ഹൃദയംഗമായ ഓണാശംസകളും നേരുന്നതായി ലിമ എക്‌സിക്യുട്ടീവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് സന്തോഷ് സ്‌കറിയ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ജോജി ജോർജ് - 9413485166, ഷിബു കൃഷ്ണൻ - 0403744497