ഇവിടെ ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ തുടങ്ങുന്ന സ്‌നേഹസംരക്ഷണമാണ്. അത് പെണ്ണാണെങ്കിൽ പറയുകയും വേണ്ട. പെൺകുട്ടികൾ സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പേരിൽ അനുഭവിക്കുന്നത് ഒരുതരം ബന്ധനമാണ്.

മൂക്കുകയറിട്ട പശുവിനെപ്പോലെ, ചങ്ങലയിലിട്ട നായയെപ്പോലെ, കൂച്ചുവിലങ്ങിട്ട ആനയെപ്പോലെ... അതിന്റെ ലോകം, ബന്ധങ്ങൾ എല്ലാം ആ കയറിന്റെ നിയന്ത്രണത്തിലാകും. പാതികാഴ്ച മറയ്ക്കപ്പെട്ട കുതിരയെപ്പോലെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത് മാത്രം കാണാനും കേൾക്കാനും അറിയാനും അനുഭവിക്കാനും വിധിക്കപ്പെട്ട ജന്മങ്ങൾ. മാതാപിതാക്കളുടെ സംരക്ഷണ ബന്ധനത്തിൽ നിന്നും താലിച്ചരടിലൂടെ വിവാഹജീവിതത്തിന്റെ ദാമ്പത്യ ബന്ധനത്തിലേക്കുള്ള ചുവടുവെയ്‌പ്പ്. ഇതിനിടയിൽ എവിടെയാണ് ഒരു പെണ്ണിന് സ്വന്തമായൊരിടം ഉണ്ടാവുക? സ്വന്തം കാലിൽ നട്ടെല്ല് നിവർത്തി നിന്ന് ചങ്കുറ്റത്തോടെ തനിക്ക് ചെയ്യാൻ ആഗ്രഹമുള്ളതൊക്കെ ചെയ്തുതീർക്കാൻ എന്നാണ് സാധ്യമാകുക?.

അനുവാദം ചോദിക്കലും സമ്മതം വാങ്ങലും ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കില്ല കേരളീയ ധാർഷ്ഠ്യ ആൺവർഗ്ഗവും അതിനെ പിൻപറ്റുന്ന പെൺസമൂഹവും. യാഥാസ്ഥിതിക കുടുംബ ജീവിതത്തെപ്പറ്റി പറഞ്ഞു കേൾക്കുന്നതിലും എത്രയോ ഭീകരമാണ് അതിനുള്ളിലെ അവസ്ഥ. അനുസരിക്കുകയും ഓച്ഛാനിച്ച് ജീവിക്കുകയുമാണ് മക്കൾ ചെയ്യേണ്ടത് എന്ന് അവർ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്നു. പ്രത്യേകിച്ച് പെൺമക്കൾ. 'അടങ്ങിയൊതുങ്ങി പറയുന്നതനുസരിച്ച് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാതെ ജീവിക്കാമെങ്കിൽ ജീവിച്ചാൽ മതി' എന്ന് കേൾക്കാത്ത പെൺമക്കൾ ചുരുക്കമാകും.സ്വന്തം ജീവിതത്തിന് വേണ്ടി, സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അനുവാദവും സമ്മതവും ഇരന്നുവാങ്ങി ജീവിക്കേണ്ടി വരുന്ന നിരവധി പെൺമക്കളുണ്ട് ഇവിടെ. അനുവദം ചോദിക്കലല്ല മറിച്ച് യാചിക്കുകയോ അപേക്ഷിക്കുകയോ ആണ്.

എന്തു ചെയ്യുന്നതിന് മുൻപും നിരവധി നിയന്ത്രണങ്ങളുടേയും അരുതായ്മകളുടേയും നീണ്ട ഒരു കണക്ക് പെൺമക്കൾക്ക് മുന്നിൽ നിരത്തുകയാണ് പതിവ്. സ്വന്തബന്ധങ്ങളുമായി അടുത്തിടപിഴകുകയോ സ്വതന്ത്ര്യമായി സ്‌നേഹപ്രകടനങ്ങൾ നടത്തുകയോ ചെയ്യുമ്പോൾപ്പോലും അതിന് പല വ്യാഖ്യാനങ്ങളും നൽകി വളച്ചൊടിക്കുവാനുള്ള ശ്രമമാണ് സമൂഹത്തിന്റേത്. ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിന് ( സഹോദരങ്ങളായാലും ബന്ധുമിത്രങ്ങളായാലും) പിന്നിൽ മറ്റുപല ദുരുദ്ദേശ്യങ്ങളുമുണ്ട് എന്ന് പറഞ്ഞു വെയ്ക്കുന്ന ജീർണ്ണിച്ച സമൂഹമനസിന്റെ അഴുകിയ നാവിനാൽ നക്കി നാറ്റിക്കപ്പെട്ടതാണ് ഓരോ കേരളീയ പെൺജീവിതവും. അത്തരം സമൂഹത്തെ ഒന്നടങ്കം പിഴുതെറിയാനായാൽ മാത്രമേ കേരളീയ സമൂഹത്തിന്റെ ഇത്തരം സദാചാരബോധത്തിന് ഒരറുതി ഉണ്ടാവുകയുള്ളൂ...

യാഥാസ്ഥിതിക കുടുംബങ്ങൾ തകർത്തെറിഞ്ഞ് സ്വതന്ത്ര ചിന്താഗതിയും കാഴ്‌ച്ചപ്പാടും ഉള്ള കുടുംബങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വരെ കേരളീയ പെൺ സമൂഹം പലതിനു വേണ്ടിയും ഇരക്കേണ്ടിവരും. മകളായും സഹോദരിയായും കാമുകിയായും ഭാര്യയായും അമ്മയായും.

(ലേഖിക ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)