ക്ഷിണാഫ്രിക്കയിലെ ഫാലബോർവയ്ക്ക് അടുത്തുള്ള ഹോയ്ഡ്സ്പ്രുയിറ്റിലെ ഇംഗ് വെലാല പ്രൈവറ്റ് നാച്വർ റിസർവിൽ സിംഹങ്ങളെ വേട്ടയാടി രസിച്ചിരുന്ന ധനാഢ്യനായ വേട്ടക്കാരനെ സിംഹങ്ങൾ പതിയിരുന്ന് പിടിച്ച് തലയൊഴികെ തിന്ന് തീർത്തുവെന്ന് റിപ്പോർട്ട്. സമ്പന്നർക്ക് വെടി വച്ച് കൊന്ന് രസിക്കാൻ സിംഹങ്ങളടക്കം നിരവധി വന്യമൃഗങ്ങളെയാണ് ഈ സ്വകാര്യ വനത്തിൽ വളർത്തി വരുന്നത്. സിംഹങ്ങളുടെ പിടിയിലകപ്പെട്ട് ഇയാൾ ജീവന് വേണ്ടി ദയനീയമായി കരയുന്ന ശബ്ദം ഹൃദയഭേദകമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് സിംഹങ്ങൾ വേട്ടക്കാരനെ പിച്ചിച്ചീന്തുകയും പരസ്പരം പങ്ക് വയ്ക്കുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഈ ഗെയിം റിസർവിൽ ജോലി ചെയ്ത് വരുന്ന ട്രാക്ടർ ഡ്രൈവറെയാണ് സിംഹങ്ങൾ ഇത്തരത്തിൽ വകവരുത്തിയിരുന്നതെന്നാണ് പൊലീസ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ അയാൾ ജീവനോടെയുണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സിംഹങ്ങൾ പിച്ചിച്ചീന്തിയിരിക്കുന്നത് ഇവിടെ വേട്ടയാടി വിനോദിക്കാനെത്തിയ ആളെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര അവശിഷ്ടങ്ങൾക്കടുത്ത് നിന്നും ഒരു റൈഫിൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നതിനായി ലിംപോപോ പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേർസിന്റെ സഹായം തേടിയിരുന്നു. താനുമായി ബന്ധപ്പെട്ട അവശ്യരേഖകളൊന്നുമില്ലാതെയാണ് ഇയാൾ ഇവിടെക്ക് വന്നിരുന്നത്.