പാരിസ്: പിഎസ്ജിയുടെ അർജന്റൈൻ ഇതിഹാസതാരം ലിയോണൽ മെസിക്കും മറ്റ് മൂന്ന് താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഫ്രഞ്ച് കപ്പിൽ പിഎസ്ജിക്ക് നാളെ മത്സരമുണ്ട്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസി ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഐസൊലേഷനിലാണ്.

ലെഫ്റ്റ് ബാക്ക് യുവാൻ ബെർനാഡ്, ഗോൾ കീപ്പർ സെർജിയോ റിക്കോ, 19കാരനായ മധ്യനിര താരം നതാൻ ബിറ്റുമസല എന്നിവരുടെ പരിശോധന ഫലവും പോസിറ്റീവായി. കൂടാതെ പിഎസ്ജിയിലെ ഒരു സ്റ്റാഫ് അംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ക്ലബ് ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതർ വ്യക്തമാക്കി. മികച്ച ഫുട്ബോളർക്കുള്ള ബാലൺദ്യോർ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.

കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയുടെ ഏഴ് താരങ്ങൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പിഎസ്ജി താരങ്ങൾക്കും രോഗം കണ്ടെത്തിയത്. മൂന്നാം ഡിവിഷൻ ക്ലബായ വന്നേസുമായാണ് നാളെ പിഎസ്ജിയുടെ ഫ്രഞ്ച് കപ്പ് പോരാട്ടം.

ശേഷം ഫ്രഞ്ച് ലീഗിൽ ലിയോണിനെതിരെ നടക്കുന്ന മത്സരവും മെസിക്് നഷ്ടമാവും. ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് മെസി നേടിയത്. അതേസമയം ചാംപ്യൻസ് ലീഗിൽ അഞ്ച് തവണ ലക്ഷ്യം കണ്ടു.