ന്യൂജേഴ്‌സി: അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലേയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. കോപ്പയിലെ അർജന്റീനയുടെ തോൽവിക്ക് പിന്നാലെയാണ് തീരുമാനം. ഫൈനലിൽ മെസിക്ക് പെനാൽട്ടി നഷ്ടമായിരുന്നു. ഇതോടെ തോൽവിയുടെ ഉത്തരവാദിത്തം മെസിക്ക് മേലെത്തി. ഇതോടെയാണ് ലോക ഫുട്‌ബോളിലെ നിലവിലെ മികച്ച ഫുട്‌ബോളർ വൈകാരികമായി വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിൽ 29 വയസ്സ് മാത്രമുള്ള മെസിയുടെ വിരമിക്കൽ തീരുമാനം അർജന്റീനിയൻ ഫുട്‌ബോളിന് കനത്ത തിരിച്ചടിയാണ്. അന്താരഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചാലും മെസി ക്ലബ്ബ് ഫുട്‌ബോളിൽ സജീവമായി കളിക്കും. സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയുടെ പ്ലേ മേക്കറായി മെസി ഇനിയും ആരോധകർക്ക് മുന്നിലെത്തും. അതുകൊണ്ട് കൂടിയാണ് ഈ വിരമിക്കൽ അർജന്റീനിയൻ ആരാധകരുടെ മാത്രം നഷ്ടമാകുന്നത്.

പെനൽറ്റി കിക്കുകളുടെ തമ്പുരാനായ മെസിയുടെ ശതാബ്ദി കോപ്പയിലെ ആദ്യ പെനൽറ്റി കിക്ക് ഗോളിൽനിന്ന് വഴി തെറ്റി ആകാശത്തേക്കു പറന്നപ്പോൾ തന്നെ അർജന്റീനിയൻ ആരാധകർ ഞെട്ടിത്തരിച്ചു. തോൽവിയുടെ ആഘാതത്തിൽ നിന്ന് അർജന്റീനിയൻ ആരാധകർ മുക്തരാകുന്നതിന് മുമ്പ് തന്നെ മെസിയുടെ വിരമിക്കൽ വാർത്തയുമെത്തി. കോപ്പയിൽ തോറ്റവർക്കുള്ള പതക്കം കഴുത്തിലേറ്റു വാങ്ങുമ്പോൾ മെസി വിരലുകൾ കൊണ്ടു മുഖം മറച്ചു. ദുരന്തനായകനെപ്പോലെ, ചിരിക്കാൻ മറന്ന് മെസി മൈതാനത്തു നിന്നിറങ്ങി പോയി. തുടർച്ചയായ മൂന്നു ഫൈനൽ പരാജയങ്ങൾ. എല്ലാ പഴിയും കേട്ടത് മെസിയും. അതുകൊണ്ട് കൂടിയാണ് കോപ്പയിലെ തോൽവിയിൽ മെസിയുടെ വേദന ഇരട്ടിക്കുന്നത്. വൈകാരികമായി തന്നെ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. അതുകൊണ്ട് തന്നെ തീരുമാനം പുനപരിശോധിച്ച് വീണ്ടും അർജന്റീനയ്ക്കായി ബുട്ടണിയാൻ മെസിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ.

മത്സരശേഷം നടത്ത വാർത്താസമ്മേളനത്തിലാണ് മെസ്സി, തനിക്ക് അന്താരാഷ്ട്ര ഫുട്‌ബോൾ മതിയായതെന്ന് പറഞ്ഞത്. പെനാൽറ്റി ഷൂട്ടൗട്ടിൽ മെസ്സി ഒരു കിക്ക് പാഴാക്കിയാണ് അർജന്റീന തുടർച്ചയായ രണ്ടാം തവണയും ചിലിയോട് കോപ്പ അമേരിക്ക ഫുട്‌ബോളിൽ തോറ്റത്. മത്സരശേഷം വിങ്ങിപ്പൊട്ടി, കണ്ണീരണിഞ്ഞിരിക്കുകയായിരുന്നു മെസ്സി. അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ് മെസ്സി. ഈ കോപ്പ അമേരിക്ക ഫുട്‌ബോളിലാണ് തന്റെ അമ്പത്തിയഞ്ചാം അന്താരാഷ്ട്രഗോൾ നേടി മെസ്സി ബാറ്റിസ്സ്റ്റിയൂട്ടയെ മറികടന്ന് ഈ നേട്ടം കൈവരിച്ചത്. കോപ്പയിലും മെസി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ മെസിയുടെ നിലവാരത്തിലേക്ക് ഉയരാൻ മറ്റ് താരങ്ങൾക്ക് കഴിഞ്ഞതുമില്ല. ഇതാണ് ഫൈനലിലും അർജന്റീനയ്ക്ക് ഗോൾ നേടാൻ കഴിയാതെ പോയതിന് കാരണം. എന്നിട്ടും പെനാൽട്ടിയിലെ പിഴവോടെ എല്ലാ പഴിയും മെസിക്കുമായി. ഈ സാഹചര്യത്തിലാണ് വിരമിക്കൽ.

രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. അഞ്ചുതവണ മികച്ച ലോക ഫുട്ബാളറായിട്ടും അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായിട്ടും ക്ലബ് കുപ്പായത്തിൽ കിരീടങ്ങൾ ഏറെ വെട്ടിപ്പിടിച്ചിട്ടും ഇതിഹാസങ്ങളുടെ പട്ടികയിൽ അപൂർണമായിരുന്നു. പെലെ, മറഡോണ, റൊണാൾഡോ, സിദാൻ തുടങ്ങിയ മഹാരഥന്മാർ അലങ്കരിക്കുന്ന വിശ്വതാരങ്ങളുടെ പട്ടികയിൽ ചോദ്യംചെയ്യപ്പെടാതിരിക്കാൻ മെസ്സിക്ക് ഇത്തവണ കിരീടം അനിവാര്യമായിരുന്നു. ഇതാണ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്.

ദേശീയ ടീമിൽ തന്റെ കാലം കഴിഞ്ഞെന്നും അർജീനയുടെ ജഴ്‌സിയിൽ കലാശ പോരാട്ടത്തിൽ ഏറ്റുവാങ്ങുന്ന നാലാം തോൽവിയാണിതെന്നും വിരമിക്കൽ പ്രഖ്യാപനത്തിനിടെ 29 കാരനായ മെസി പറഞ്ഞു. കോപ്പ ഫൈനലിൽ മെസി പെനാൽറ്റി കിക്ക് പാഴാക്കിയതാണ് അർന്റീനയുടെ തോൽവിക്ക് കാരണമായത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണ ടീമിനായി നിരവധി കിരീടങ്ങൾ നേടി കൊടുത്ത മെസിക്ക് പക്ഷേ അർജന്റീനൻ ജഴ്‌സിയിൽ കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യം ലഭിച്ചില്ല. അർജന്റീനയുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനായ മെസി ദേശീയ ടീമിനായി 112 മത്സരങ്ങളിൽ 55 ഗോളുകൾ നേടി. എന്നാൽ ടീമിനായി ഒരു കീരിടം നേടാനുള്ള ഭാഗ്യം മെസിക്ക് ലഭിച്ചില്ല.

അതേസമയം ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്ക് 2015ൽ മാത്രം അഞ്ചു കിരീടങ്ങളാണ് മെസി നേടിക്കൊടുത്തത്. ബാഴ്‌സയ്ക്കായി 348 മത്സരങ്ങളിൽ കളത്തിലിറങ്ങിയപ്പോൾ 312 ഗോളുകളും താരം അടിച്ചുകൂട്ടിയിരുന്നു. ലോക ഫുട്‌ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരം അഞ്ചുവട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ് മെസി. 2007ലും 2008ലും രണ്ടാം സ്ഥാനത്തുനിന്ന മെസി, 2009ൽ ഫിഫ ലോക ഫുട്‌ബോളർ ബഹുമതി ആദ്യമായി സ്വന്തമാക്കി. പിന്നീട് തുടർച്ചയായി നാലുവർഷം പുരസ്‌കാരം സ്വന്തമാക്കിയ മെസിയെ തേടി 2016ലും പുരസ്‌കാരമെത്തി. പക്ഷേ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്തവനെന്ന പേരു ദോഷം പിന്തുടർന്നു. കോപ്പയിലും അതിന് പരിഹാരമുണ്ടായില്ല. നേരത്തെ മറഡോണ പോലും ഇക്കാര്യത്തിൽ മെസിയെ വിമർശിച്ചിരുന്നു.

മറഡോണയുടെ ഈ വിമർശനവും മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ. ഏതായാലും ലോകത്തിലെ നിലവിലെ ഏറ്റവും വലിയ കളിക്കാരൻ മെസിയാണെന്ന് വിമർശകർ പോലും ഇപ്പോഴും സമ്മതിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് രാജ്യാന്തര ഫുട്‌ബോളിന് മെസിയുടെ വിരമിക്കൽ നഷ്ടമാകുന്നതും.