ബ്യൂണസ് ഐറിസ്: അർജന്റീന താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്‌ബോളിലേക്കു മടങ്ങിയെത്തുന്നു. അർജന്റീന പരിശീലകൻ എഡ്ഗാർഡോ ബൗസയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്കു ശേഷം പ്രസ്താവനയിലാണ് മെസ്സി തിരിച്ചു വരവിന്റെ സൂചന നൽകിയത്. അർജന്റീന ഫു്ടബോളിൽ തനിക്കിനിയും കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ടീമിനോടുള്ള സ്‌നേഹം കൊണ്ടാണ് തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചതെന്നും മെസ്സി പറഞ്ഞു. സ്‌പെയിനിൽ പോയാണ് ബൗസ മെസ്സിയെ കണ്ടത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ തോൽവിക്കു ശേഷമാണ് മെസ്സി വിരമിച്ചത്.

സപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് എഡ്ഗാര്‌ഡോ ബൗസ മെസ്സിയെ ബാഴ്‌സലോണയിൽ ചെന്നുകണ്ടത്. തിരിച്ചു വരാൻ പറഞ്ഞ് മെസ്സിയിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ മെസ്സി തിരിച്ചു വരാൻ താത്പര്യം പ്രകടിപ്പിച്ചതായും ബൗസ വ്യക്തമാക്കി.