മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് ഇനി ലയണൽ മെസിക്ക്. ലീഗിലെ 289 മത്സരങ്ങളിൽ നിന്നും 253 ഗോളുകൾ നേടിയാണ് ബാഴ്‌സലോണയുടെ ഈ അർജന്റീനിയൻ സ്‌ട്രൈക്കർ റെക്കോർഡ് സ്വന്തമാക്കിയത്. 27കാരനായ മെസി പഴങ്കഥയാക്കിയത് 277 കളികളിൽ 251 ഗോളുകൾ നേടിയ ടെൽമോ സാറയുടെ നേട്ടമാണ്.

സെവില്ലയ്‌ക്കെതിരായ മത്സരത്തിൽ ഹാട്രിക് നേട്ടത്തോടെയാണ് മെസി റെക്കോർഡ് ആഘോഷിച്ചത്. മെസിയുടെ ഹാട്രിക് മികവിൽ സെവില്ലയെ ബാഴ്‌സ 5-1 ന് തകർത്തു. മത്സരത്തിലെ 21, 72, 78 മിനിറ്റുകളിലാണ് മെസി ഗോൾ നേടിയത്.

ബാഴ്‌സലോണ വിട്ട് അർജന്റീനയിലെ ക്ലബ്ബിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മികച്ച പ്രകടനവുമായി മെസി കളം നിറഞ്ഞത്. ബാഴ്‌സയിൽ തുടർന്നു കളിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണെന്ന മെസിയുടെ വാക്കുകളാണ് ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാൽ, മെസി ബാഴ്‌സ വിട്ടുപോകില്ലെന്നു പിതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെ ഇറങ്ങിയ മത്സരത്തിലാണ് മെസി ഹാട്രിക്കും ഒപ്പം ലാലീഗയിലെ റെക്കോർഡും കരസ്ഥമാക്കിയത്.

ലാലീഗയിലെ മറ്റൊരു മത്സരത്തിൽ ദുർബലരായ ഐബറിനെ ഏകപക്ഷീയമായ 4 ഗോളിന് റയൽ മാഡ്രിഡ് തകർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോൾ നേടി. ഹാമിഷ് റോഡ്രിഗസ്, കരിം ബെൻസേമ എന്നിവർ ഓരോ ഗോൾ വീതം നേടി. ലീഗിൽ റയൽ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് മലാഗയെ തോൽപ്പിച്ചു.