ന്യൂഡൽഹി: കോപ്പ അമേരിക്കയിലെ കിരീടനഷ്ടവും വിരമിക്കൽ പ്രഖ്യാപനവുമായി കഴിഞ്ഞ കുറച്ചു നാളുകളായി അർജന്റീന താരം ലയണൽ മെസി വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ മറ്റൊരു വാർത്ത.

ഇന്ത്യൻ യുവതികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ താരമായി ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. പ്രമുഖ വൈവാഹിക വെബ്സൈറ്റായ ശാദി ഡോട്ട് കോം നടത്തിയ വോട്ടെടുപ്പിലാണ് തങ്ങളുടെ മെസ്സിയോടുള്ള ഇഷ്ടം യുവതികൾ രേഖപ്പെടുത്തിയത്.

ഏറ്റവും കഴിവും ആകർഷണീയതയുമുള്ള ഫുട്ബോൾ താരത്തെ കണ്ടെത്തുകയായിരുന്നു വോട്ടെടുപ്പിന്റെ ലക്ഷ്യം. വിവാഹിതരും അവിവാഹിതരുമായ 6,500 സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 49.7 ശതമാനം പേർക്കും മെസ്സിയെയാണ് ഇഷ്ടം. 31.5 ശതമാനം പേർ നെയ്മറേയും 18.8 ശതമാനം പേർ അന്റോണിയോ ഗ്രീസ്മാനേയും ഇഷ്ടപ്പെടുന്നു.

അതേസമയം കഴിവുറ്റ കളിക്കാരനായി കൂടുതൽ പേരും തിരഞ്ഞെടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയേയാണ്. 46.4 ശതമാനം പേർ. ഈ വിഭാഗത്തിൽ 43.1 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്താണ് മെസ്സി. മൂന്നാം സ്ഥാനത്തുള്ള മാന്വൽ ന്യൂയർക്ക് 10.5 ശതമാനം വോട്ടാണ് ലഭിച്ചത്.

ഫുട്ബോൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് 33.6 ശതമാനം പേർ അനുകൂലമായാണ് മറുപടി നൽകിയതെങ്കിൽ 20 ശതമാനം പേരായിരുന്നു ഫുട്ബോളിനോട് താൽപ്പര്യക്കുറവു കാണിച്ചത്. ചിലപ്പോൾ അല്ലെങ്കിൽ പ്രധാന മാച്ചുകൾ മാത്രം കാണുന്നവരായിരുന്നു ബാക്കിയുള്ള 45.5 ശതമാനം പേർ.