നികുതുവെട്ടിപ്പു കേസിൽ അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സിക്ക് തടവ് ശിക്ഷ. 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയുമാണ് സൂപ്പർതാര്ത്തിന്റെ ശിക്ഷ. നേരത്തെ സമാന വിധി കീഴ്‌ക്കോടതിയിൽ നിന്നുമുണ്ടായിരുന്നു. ഇതിനെതിരെയാണ് മെസ്സി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ തീരുമാനം താരത്തിനെതിരായിരുന്നു.

മെസ്സിയുടെ പിതാവ് ജോർജി ഹൊറാസിയോയ്ക്കു വിധിച്ച 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയും ശിക്ഷയും ശരിവെച്ചിട്ടുണ്ട്.

സ്പാനിഷ് ലാ ലിഗ ക്ലബ് ബാർസിലോന താരമായ മെസ്സി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തിൽ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തിൽ വെട്ടിച്ചെന്നാണു കേസ്.

എന്നാൽ, മെസ്സിയും പിതാവും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. രണ്ടു വർഷത്തിൽ താഴെ തടവുവിധിച്ച ക്രിമിനൽ അല്ലാത്ത കേസുകളിൽ ശിക്ഷ അനുഭവിക്കേണ്ടെന്നാണു സ്‌പെയിനിലെ നിയമം.