- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയണൽ മെസി പി.എസ്.ജിയിൽ; ഫ്രഞ്ച് ലീഗ് 1 ഭീമന്മാരുമായി രണ്ട് വർഷത്തേക്ക് കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്; കരാർത്തുക 35 മില്യൺ യൂറോ; എംബാപ്പെയ്ക്കും നെയ്മറിനുമൊപ്പം യൂറോപ്പിലെ ഏറ്റവും ശക്തമായ താരനിരയിൽ അർജന്റീനിയൻ സൂപ്പർ താരം
പാരിസ്: ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെർമ്മനിൽ ചേർന്നതായി റിപ്പോർട്ട്. സ്‌കൈ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വർഷത്തേക്കാണ് പി.എസ്.ജി മെസിയുമായി കരാറിലേർപ്പെടുന്നത്. 35 മില്യൺ യൂറോയാണ് കരാർത്തുക. ആവശ്യമെങ്കിൽ കരാർ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്.
കഴിഞ്ഞ ദിവസം ഇറ്റാലിയൻ ജേർണലിസ്റ്റും ട്രാൻസ്ഫർ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നൽകിയിരുന്നു. കൊറോണ മൂലമുള്ള വൻ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സയെ മെസിയുമായുള്ള കരാർ അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയത്.
ഇതോടെ, ബാർസിലോനയിൽ സഹതാരവും അടുത്ത സുഹൃത്തുമായ ബ്രസീൽ താരം നെയ്മാർ, ബാർസയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിൽ കളിച്ചിരുന്ന സ്പാനിഷ് താരം സെർജിയോ റാമോസ്, പുതു തലമുറയിലെ സൂപ്പർ താരം കിലിയൻ എംബപ്പെ, അർജന്റീന ടീമിൽ സഹതാരമായ എയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം മെസ്സി ഈ സീസണിൽ പന്തു തട്ടും.
21 വർഷമായി ബാർസിലോനയ്ക്കായി കളിക്കുന്ന ലയണൽ മെസ്സി, അപ്രതീക്ഷിതമായാണ് ടീം വിട്ടത്. മെസ്സിയുമായുള്ള കരാർ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ താരം ടീമിൽ തുടരില്ലെന്ന് ബാർസയാണ് ആദ്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കണ്ണീരോടെ മെസ്സി ബാർസ വിടുന്ന കാര്യം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം താരം ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, പിന്നീട് ബാർസയ്‌ക്കൊപ്പം തുടരാൻ മെസ്സി തീരുമാനിക്കുകയായിരുന്നു. ഈ വർഷം ബാർസയിൽ തുടരാൻ പ്രതിഫലം പകുതിയാക്കി കുറയ്ക്കാൻ മെസ്സി തയാറായെങ്കിലും, ലാ ലിഗയിലെ സാമ്പത്തി, ചട്ടങ്ങൾ തിരിച്ചടിയായി.
മെസ്സിയുമായി കരാറിലാകുന്ന കാര്യം ക്ലബ് ഇന്നു പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ടായിരുന്നു. പാരിസിലെ പ്രശസ്തമായ ഐഫൽ ടവർ ദീപാലങ്കാരം നടത്താൻ ക്ലബ് ബുക്ക് ചെയ്തുവെന്ന റിപ്പോർട്ടുകൾ വന്നതോടെ, മെസ്സിയെ വരവേൽക്കാൻ ഒട്ടേറെ ആരാധകർ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നു.
മെസി പി.എസ്.ജിയിലെക്കെത്തുമ്പോൾ ആക്രമണോത്സുക ഫുട്ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതൽ ശക്തമാകുമെന്നുറപ്പാണ്. കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാൻ പി.എസ്.ജി ശ്രമം നടത്തിയിരുന്നു.
Lionel Messi joins PSG... HERE WE GO! Total agreement completed on a two-years contract. Option to extend until June 2024. Salary around €35m net per season add ons included. ???????????????? #Messi
- Fabrizio Romano (@FabrizioRomano) August 10, 2021
Messi has definitely accepted PSG contract proposal and will be in Paris in the next hours. pic.twitter.com/DiM5jNzxTA
മെസി കൂടിയെത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും ശക്തമായ താരനിരകളിൽ ഒന്നായി പിഎസ്ജി മാറുമെന്നാണ് ഫുട്‌ബോൾ ലോകത്തിന്റെ വിലയിരുത്തൽ. എംബാപ്പെയേയും, നെയ്മറിനേയും, പോലുള്ള സൂപ്പർ താരങ്ങൾക്കിടയിലേക്കാണ് മെസി കൂടി എത്തുന്നത്. ഇവരെല്ലാം ഒരുമിച്ച് കളിക്കുന്ന പിഎസ്ജി ഇതോടെ ഏതൊരു എതിരാളികളുടേയും പേടിസ്വപ്നവുമാകും.
ലിഗ് 1 ഭീമന്മാരുമായി മെസി രണ്ട് വർഷത്തെ കരാർ ഒപ്പിടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബാഴ്സയിൽ കളിച്ചിരുന്നപ്പോഴും അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോഴും മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സി ആയിരിക്കില്ല പി എസ് ജിയിൽ താരം ധരിക്കുക. ഇതിന് പകരമായി 19-ാ0 നമ്പർ ജേഴ്സിയാകും താരം ധരിക്കുക എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.
പി എസ് ജിയിൽ പത്താം നമ്പർ ജേഴ്സി ധരിക്കുന്നത് മെസ്സിയുടെ അടുത്ത സുഹൃത്തും ബാഴ്സയിലെ മുൻ താരവും കൂടിയായ ബ്രസീൽ താരം നെയ്മറാണ്. മെസ്സി പി എസ് ജിയിലേക്ക് വരികയാണെങ്കിൽ മെസ്സിക്ക് വേണ്ടി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കാൻ നെയ്മർ തയ്യാറാണ്. എന്നാൽ നെയ്മറുടെ ഈ ഓഫർ മെസ്സി നിരസിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബാഴ്സലോണയ്ക്കൊപ്പം 30-ാ0 നമ്പറിലൂടെ അരങ്ങേറ്റം കുറിച്ച മെസ്സി, രണ്ട് സീസണുകളിൽ കളിച്ച ശേഷം, 2006 -ൽ ഫെർണാണ്ടോ നവാരോയുടെ വിടവാങ്ങലിനെ തുടർന്ന് 19-ാ0 നമ്പർ സ്വീകരിച്ചിരുന്നു. അർജന്റീനയെ പ്രതിനിധീകരിച്ച അദ്ദേഹം തന്റെ ആദ്യ ദിവസങ്ങളിലെ മൽസരങ്ങളിൽ 19-ാ0 നമ്പർ ജഴ്സി ആണ് ധരിച്ചിരുന്നത്. 2008 ൽ റൊണാൾഡീഞ്ഞോ ബാഴ്സ വിട്ടതിന് ശേഷമാണ് മെസ്സി പത്താം നമ്പർ ജഴ്സിയിലേക്ക് മാറിയത്.
പി എസ് ജിയിൽ വലതു വിങ്ങിൽ കളിക്കുന്ന സ്പാനിഷ് താരം പാബ്ലോ സെരാബിയയാണ് നിലവിൽ 19-ാം നമ്പർ ജഴ്സി ധരിക്കുന്നത്. എന്നാൽ ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാരാളായ മെസ്സിക്കായി അദ്ദേഹം 19-ാം നമ്പർ ജഴ്സി സന്തോഷപൂർവ്വം ഒഴിഞ്ഞു നൽകാൻ സാധ്യതയുണ്ട്.
ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ പിഎസ്ജിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് പത്രലേഖകർ മെസ്സിയോട് ചോദിച്ചപ്പോൾ, ഈ നീക്കം 'ഒരു സാധ്യതയാണ്, പക്ഷേ ഒന്നും തന്നെ ഇതു വരെ അംഗീകരിക്കപ്പെട്ടിട്ടില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
34-കാരനായ താരം കാറ്റലോണിയയിൽ നിന്ന് പാരീസിലേക്ക് ഉടൻ തന്നെ താമസം മാറുന്നതാണെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു. മുൻ റയൽ മാഡ്രിഡ് താരമായ സെർജിയോ റാമോസ്, ജിയാൻലൂജി ഡൊന്നരുമ, വൈനാൽഡം തുടങ്ങിയ പ്രമുഖർ ഇതിനകം തന്നെ പാർക്ക് ഡീ പ്രിൻസസിൽ എത്തിച്ചേർന്നതിനാൽ ഈ സീസണിൽ പി എസ് ജി തിരക്കുപിടിച്ച റിക്രൂട്ടിങ് 'മേളയിൽ' വ്യാപൃതരാണ്. ഫ്രഞ്ച് വമ്പന്മാർക്കൊപ്പം മെസ്സി കൂടി ചേരുന്നതോടെ അത് ക്ലബ്ബിന്റെ നാലാമത്തെ ഫ്രീ ട്രാൻസ്ഫർ ആകൂം.
മെസി കൂടി എത്തുന്നതോടെ അടുത്ത സീസണിൽ പിഎസ്ജിയുടെ സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ എങ്ങനെയായിരിക്കുമെന്ന ചർച്ചകളും അഭിപ്രായങ്ങളും ഇതിനൊടകം ഉയർന്നുകഴിഞ്ഞു.
ഈ സീസണിൽ എസി മിലാനിൽ നിന്ന് പി എസ് ജി റാഞ്ചിയ ഇത്തവണത്തെ യൂറോ കപ്പിലെ ഏറ്റവും മികച്ച കളികാരനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ താരം ജിയാൻ ല്യൂജി ഡോണരുമ്മയായിരിക്കും അടുത്ത സീസണിൽ പി എസ് ജിയുടെ പ്രധാന ഗോൾകീപ്പർ. ഇടത് ബാക്ക് സ്ഥാനത്ത് സ്‌പെയിന്റെ ജുവാൻ ബാർനറ്റും, വലത് ബാക്ക് സ്ഥാനത്ത് മൊറോക്കൻ താരം അഷ്‌റഫ് ഹക്കിമിയും അണിനിരക്കും. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീം സ്വന്തമാക്കിയ സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസും, ബ്രസീലിന്റെ മാർക്വീഞ്ഞോസുമാകും സെന്റർ ബാക്ക് സ്ഥാനങ്ങളിൽ കളിക്കുക.
പിഎസ്ജിയുടെ സെൻട്രൽ മിഡ്ഫീൽഡ് സ്ഥാനങ്ങളും ഇക്കുറി പ്രതിഭാസമ്പന്നമാണ്. ബാഴ്‌സലോണയെ ഞെട്ടിച്ച് ഇക്കുറി പി എസ് ജി സ്വന്തമാക്കിയ ഡച്ച് സൂപ്പർ താരം ജോർജിനോ വൈനാൽഡവും, ഇറ്റലിയുടെ മാർക്കോ വെറാറ്റിയാവും ഈ സ്ഥാനങ്ങളിൽ അണിനിരക്കുക. ആക്രമണ നിര തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്തെന്നതിൽ ആർക്കും ഒരു സംശയവുമുണ്ടാകില്ല.
ഒറ്റക്ക് ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള നാല് വമ്പന്മാരാണ് വരും സീസണിൽ പി എസ് ജിയുടെ മുന്നേറ്റത്തിലുണ്ടാവുക. ബ്രസീലിന്റെ നെയ്മർ ജൂനിയർ, അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ, ലയണൽ മെസി, ഫ്രാൻസിന്റെ കെയ്‌ലിൻ എംബാപ്പെ എന്നിവരാണ് ഈ നാല് പേർ. കടലാസിൽ പി എസ് ജിയുടെ കരുത്ത് ഇക്കുറി ഞെട്ടിക്കുന്നത് തന്നെയാണ്.കളത്തിലും അങ്ങനെയായാൽ ഈ ടീമിന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കാനാവുമെന്നും കടുത്ത ഫുട്‌ബോൾ ആരാധകരടക്കം അഭിപ്രായപ്പെടുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്‌നം കാണുന്ന പിഎസ്ജിക്ക് മെസിയുടെ വരവ് കൂടുതൽ ആവേശം പകരും
മെസ്സിക്കു പ്രതിഫലമായി നൽകേണ്ടി വരുന്ന വൻതുക കണ്ടെത്താൻ ടീമിലെ പത്തോളം താരങ്ങളെ വിൽക്കാൻ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഓരോ വർഷവും 2.5 കോടി രൂപ യൂറോ (ഏകദേശം 218 കോടി രൂപ) ആണ് പ്രതിഫലമായി മാത്രം പിഎസ്ജി മെസ്സിക്കു നൽകുക. മെസ്സിയുടെ വരവോടെ ടെലിവിഷൻ, വാണിജ്യ കരാറുകളും ജഴ്‌സി വിൽപനയും ക്ലബ്ബിന് നേട്ടമാകുമെങ്കിലും യുവേഫയുടെ സാമ്പത്തികനിയന്ത്രണങ്ങളുടെ പരിധി വിടാതിരിക്കാൻ മറ്റു വരുമാനങ്ങൾ കൂടി പിഎസ്ജി കണ്ടെത്തേണ്ടതുണ്ട്. ഇതിനാണ് താരങ്ങളെ വിൽക്കുന്നത് പരിഗണിക്കുന്നത്.
സെനഗൽ താരങ്ങളായ അബ്ദോ ദിയാലോ, ഇദ്രിസ ഗെയ്, ജർമൻ താരം തിലോ കെറർ, ബ്രസീലിയൻ താരം റാഫിഞ്ഞ എന്നിവർക്കു വേണ്ടിയുള്ള ഓഫറുകൾക്ക് പിഎസ്ജി സന്നദ്ധമാണ്. അർജന്റീന താരം മൗറോ ഇകാർദി, സ്പാനിഷ് താരം ആൻഡർ ഹെരേര എന്നിവരെയും മറ്റു ക്ലബ്ബുകൾക്ക് വിൽക്കുന്നതോ വായ്പ നൽകുന്നതോ പരിഗണനയിലുണ്ട്.
സ്പോർട്സ് ഡെസ്ക്