മാഡ്രിഡ്: ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടു. മെസ്സിയുമായുള്ള കരാർ പുതുക്കാനാവില്ലെന്ന് ബാഴ്‌സ വ്യാഴാഴ്ച മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസ്സി നൽകിയ സേവനങ്ങൾക്ക് ബാഴ്‌സ നന്ദി അറിയിച്ചു.

ഈ സീസണൊടുവിൽ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ച മെസ്സി ഫ്രീ ഏജന്റായിരുന്നു. തുടർന്ന് മെസ്സിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാൽ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാർ സാധ്യമായില്ല. 

ഇതോടെ ഇത്രയും വലിയ തുകക്കുള്ള കരാർ സാധ്യമാവില്ലെന്ന് ബാഴ്‌സ  ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു. ലാ ലിഗയുടെ സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാഗമായാണ് മെസ്സിയുമായുള്ള കരാർ പ്രാബല്യത്തിൽ വരാത്തതെന്നായിരുന്നു ബാഴ്‌സ പ്രസിഡന്റ് യുവാൻ ലപ്പോർട്ട ഇതുവരെ പറഞ്ഞിരുന്നത്. ബാഴ്‌സയിൽ തുടരാൻ മെസ്സി ആഗ്രഹിക്കുന്നു.അദ്ദേഹത്തെ നിലനിർത്താൻ ഞങ്ങളും. അതിനായുള്ള ആത്മാർത്ഥ ശ്രമങ്ങൾ തുടരുകയാണ്. അദ്ദേഹം ടീമിൽ തുടരുമെന്നുതന്നെയാണ് ഞങ്ങൾ കരുതുന്നത്. അദ്ദേഹത്തിനായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ-ലപ്പോർട്ട പറഞ്ഞിരുന്നു.

കറ്റാലൻ ക്ലബുമായുള്ള 21 വർഷത്തെ ബന്ധമാണ് 2021 ജൂൺ 30 ഓടെ അവസാനിച്ചത്. 2000 സെപ്റ്റംബറിൽ 13 വയസുകാരനായിരുന്ന ആ അർജന്റീനൻ ബാലൻ ബാഴ്‌സലണോയിലെത്തുമ്പോൾ, സ്പാനിഷ് ക്ലബിന്റെ എക്കാലത്തെയും മികച്ച താരമാണതെന്ന് അന്ന് ആരും കരുതിയിട്ടുണ്ടാകില്ല. എന്നാൽ ടീമിന്റെ നെടുംതൂണായി, പ്രതീക്ഷയായി മെസി മാറി. ഒപ്പം കളിച്ചിരുന്ന പ്രമുഖർ മറ്റു ക്ലബ്ബുകളിലേക്ക് പോയപ്പോഴും, ചിലർ തിരശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞപ്പോഴും മെസി ബാഴ്‌സയിൽ നിറഞ്ഞുനിന്നുരുന്നു. 

മുൻ മേധാവി ജോസെപ് മരിയ ബാർട്ടോമിയുമായി തെറ്റിയ മെസി കഴിഞ്ഞ വർഷം ക്ലബ് വിടാൻ ശ്രമിച്ചെങ്കിലും പുതിയതായി പ്രസിഡന്റ് സ്ഥാനത്തെത്തിയ ലാപോർട്ട അർജന്റീനൻ താരത്തെ നൂ കാമ്പിൽ പിടിച്ചുനിർത്തുകയായിരുന്നു.

പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പന്മാർ മെസിയെ വലവീശിപിടിക്കാൻ ശ്രമിക്കുന്നുമുണ്ട്. ലോകത്തെ വമ്പൻ ക്ലബുകൾ റെക്കോർഡ് പ്രതിഫലവുമായി മെസിയുടെ പിന്നാലെയുണ്ട്. എന്നാൽ ബാഴ്‌സലോണയുടെ ഇപ്പോഴത്തെ സാമ്പത്തിക നില അപകടകരമായ അവസ്ഥയിലാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ക്ലബിന്റെ മൊത്തം കടം ഒരു ബില്യൺ യൂറോയിലധികമാണ്. 2013ലാണ് ലാ ലിഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയത്.

ഇതനുസരിച്ച് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

കോവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴിഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്‌ബോൾ ക്ലബ്ബാണ് ബാഴ്‌സലോണ. 2019-2020 സീസണിൽ ബാഴ്‌സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.

എന്നാൽ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലിഗ അധികൃതർ ബാഴ്‌സക്ക് അനുമതി നൽകിയത്. ഇതാണ് മെസ്സിയുമായി കരാറൊപ്പിടാൻ ബാഴ്‌സക്ക് തടസമായതെന്നാണ് സൂചന.