മാഡ്രിഡ്: കാൽപ്പന്തു കളത്തിലെ മാന്ത്രികനാണ് സൂപ്പർ താരം ലയണൽ മെസി. സാക്ഷാൽ ഡീഗോ മറഡോണയുടെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരം. എന്നാൽ, ഇക്കുറി കളത്തിൽ മെസിക്കു പിഴച്ചു. പക്ഷേ, അത് മറ്റാർക്കും മുന്നിലല്ല. സ്വന്തം മകനു മുന്നിലാണെന്നു മാത്രം.

ഗ്രൗണ്ടിൽ മകൻ വീഴ്‌ത്തിയ കണ്ണീരിനു മുന്നിലാണ് സൂപ്പർ താരം നിസഹായനായത്. സ്പാനിഷ് ലീഗിൽ ഞായറാഴ്ച ബാഴ്‌സലോണ-റയോ വല്ലേക്കാനോ മത്സരത്തിനുമുമ്പായിരുന്നു മെസിയുടെ മകൻ തിയാഗോ കരച്ചിലിലൂടെ അച്ഛനെ വലച്ചത്.

മത്സരത്തിന് തൊട്ടും മുമ്പ് ടീം ഫോട്ടോയ്ക്ക് സഹതാരങ്ങൾക്കൊപ്പം പോസ് ചെയ്യാനൊരുങ്ങകയായിരുന്നു മെസി. ഈ സമയം മകൻ തിയാഗോ കാമുകി അന്റോണെല്ലോ റോക്കസോയുടെ കൈകളിൽ പിടിച്ചു ഗ്രൗണ്ടിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. ബാഴ്‌സയിലെ സഹതാരം ജെറാർഡ് പിക്വയുടെ പത്‌നിയും വിഖ്യാത പോപ് ഗായികുമായ ഷക്കീറയും മറ്റു താരങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം റോക്കസോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ മെസി തിയാഗോയെ കൂടി ഒപ്പം കൂട്ടാൻ ആഗ്രഹിച്ചു. തിരിച്ചു ചെന്ന് റോക്കസോയുടെ കൈയിൽ നിന്ന് രണ്ടുവയസുകാരൻ തിയാഗോയെയും എടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി നടന്നുവെങ്കിലും അമ്മയിൽ നിന്നകന്ന സങ്കടത്തിൽ തിയാഗോ മെസിയുടെ കൈയിലിരുന്ന് അലറി വിളിച്ചു. ഒടുവിൽ എങ്ങനെയോ ഫോട്ടോ എടുത്തുവെന്ന് വരുത്തിയശേഷം മെസി തിയാഗോയെ തിരിച്ചുകൊടുക്കുകയായിരുന്നു.

എന്നാൽ, ഈ വിഷമം മെസിയുടെ കളിയിൽ പ്രതിഫലിച്ചില്ല. മാത്രമല്ല, മത്സരത്തിൽ മെസിയുടെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. ആറു ഗോളിനായിരുന്നു ബാഴ്‌സലോണയുടെ ജയം.