മാഡ്രിഡ്: അർജന്റീനയുടെ സൂപ്പർ താരം ലെയണ മെസി ഒമ്പതു വർഷമായി ഒപ്പം കഴിയുന്ന കൂട്ടുകാരി അന്റോനെല്ല റോകുസയെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അടുത്തവർഷമായിരിക്കും വിവാഹമെന്ന് അർജന്റീനൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെസിയുടെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരിയാണ് അന്റോനെല്ല. അർജന്റീനയിലെ സാന്റാഫേയിൽ ഇരുവരും വളർന്നത്. 13 വയസുള്ളപ്പോൾ മെസി ബാഴ്‌സലോണയിലേക്കു പോകുകയായിരുന്നു. 2007 ൽ ഇരുവരും പ്രണയം പുതുക്കി ഒരുമിച്ചു താമസിക്കാൻ തുടങ്ങി. രണ്ട് മക്കളുണ്ട് ഇവർക്ക് - നാലു വയസുള്ള തിയാഗോയും 15 മാസം പ്രായമുള്ള മാറ്റെയോയും.

അർജന്റീനയിലെ മാദ്ധ്യമപ്രവർത്തകനായ ഹുവാൻ പാബ്ലോ വാഴ്‌സിയാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. വലിയ ആഘോഷമായിട്ടായിരിക്കും വിവാഹമെന്നും എല്ലാവർക്കും ക്ഷണമുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.