- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരിയറിൽ ഏറ്റവും കൂടുതൽ വേദന തോന്നിയ നിമിഷം; ഒരു ഫുട്ബോളർ എന്ന നിലയിൽ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുന്നു; പിന്നീടൊരിക്കൽ ക്ലബിന്റെ ഭാഗമാവാൻ സാധിക്കുമെന്ന് കരുതുന്നു'; ബാർസയിലെ വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ് ലയണൽ മെസി
ബാഴ്സലോണ: രണ്ടു പതിറ്റാണ്ടോളം നീണ്ട ബാഴ്സലോണയിലെ 'ഉജ്ജ്വലമായ പ്രയാണത്തിന്' വിരാമമിട്ടുകൊണ്ട് നടത്തിയ വിട വാങ്ങൽ പത്രസമ്മേളത്തിൽ പൊട്ടികരഞ്ഞ് സൂപ്പർതാരം ലയണൽ മെസി. കണ്ണുകൾ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. വാർത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം നിയന്ത്രണം വിട്ട് പൊട്ടികരയുകയായിരുന്നു.
ബാർസ വിടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മെസ്സി കണ്ണീരണിഞ്ഞത്. വിടവാങ്ങൽ ബുദ്ധിമുട്ടേറിയതാണെന്ന് മെസി പറഞ്ഞു. 21 വർഷം തന്നെ സ്നേഹിച്ച സഹതാരങ്ങൾക്കും, ക്ലബിനും ആരാധകർക്കും മെസി നന്ദി രേഖപ്പെടുത്തി. ഇനി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെങ്കിലും, 'അതും ഒരു സാധ്യതയാണെന്ന്' വാർത്താ സമ്മേളനത്തിനിടെ മെസ്സി വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ മെസി പറഞ്ഞ പ്രസക്ത ഭാഗങ്ങൾ. ''എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്. ഈ ഗ്രൗണ്ടിൽ ഞാനിനി പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തിൽ ഞാൻ ബാഴ്സയ്ക്കായി കളിക്കുന്നുണ്ടാവില്ല. ഒരു ഫുട്ബോളർ എന്ന നിലയിൽ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുകയാണ്.പിന്നീടൊരിക്കൽ ക്ലബിന്റെ ഭാഗമാവാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഒരു താരമായിട്ടല്ലെങ്കിൽ കൂടി പിന്നീടെപ്പോഴെങ്കിലും ക്ലബിന്റെ ഭാഗമാവാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.
ഞാനൊരു ജേതാവാണ്. എന്റെ അവസാന സീസണും മുഴുവൻ ആത്മാർത്ഥതയോടെ പൂർത്തിയാക്കണമെന്ന് എനിക്കുണ്ട്. മറ്റൊരു ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഞാൻ ശ്രമിക്കും. ഒളിംപിക്സിൽ ബ്രസീലിയൻ താരം ഡാനി ആൽവസ് സ്വർണം നേടുന്നത് ഞാൻ കണ്ടു. ആൽവസ് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹം നേടിയ അത്രയും ട്രോഫികൾ എനിക്കും സ്വന്തമാക്കണം.കരിയറിലെ തുടക്കം മുതൽ ഞാനെല്ലാം ബാഴ്സലോണയ്ക്ക് വേണ്ടി സമർപ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല. ആരാധകർ എന്നോട് കാണിക്കുന്ന സ്നേഹത്തിനെല്ലാം ഞാൻ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു.''
j'espérais que ce jour n'arriverai jamais… #Messi #Barca #FCBarcelona #LionelMessi #Laporta pic.twitter.com/KlHGBn8Q7H
- Kilyan Sadi (@sadikilyan) August 8, 2021
പിഎസ്ജി താരങ്ങളെ കുറിച്ചുള്ള ഫോട്ടോയെ കുറിച്ചും മെസി സംസാരിച്ചു. ''ആ ഫോട്ടോ വളരെ യാദൃശ്ചികമാണ്. അത് കാരണമല്ല എനിക്ക് ബാഴ്സയിൽ നിന്ന് പുറത്തുപോവേണ്ടി വരുന്നത്. ഞാൻ പാരീസിൽ അവധി ആഘോഷിക്കുകയായിരുന്നു. അന്നെടുത്ത ചിത്രമാണത്. അതിൽ തെറ്റിദ്ധാരണയുടെ ആശ്യമൊന്നുമില്ല.''
ക്ലബ്ബ് മാറ്റത്തെ കുറിച്ചും മെസി സംസാരിച്ചു. ''നിലവിൽ ഏതെങ്കിലും ക്ലബുമായി കരാർ ഒപ്പിടുകയോ അല്ലെങ്കിൽ വാക്കാലുള്ള ഉറപ്പോ നൽകിയിട്ടില്ല. നിരവധി പേർ സമീപിക്കുന്നു. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൽ പിന്നീട് സംഭവിക്കുമായിക്കും.'' മെസി പറഞ്ഞു.
മെസ്സി ബാർസയിൽ തുടരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം ടീം വിടുകയാണെന്ന് ബാർസിലോന കഴിഞ്ഞ ദിവസാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാർസയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് സൂപ്പർതാരം ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാതെ പോയതോടെയാണ് താരം ഇനി തിരിച്ചുവരില്ലെന്ന് ക്ലബ് അറിയിച്ചത്. കരാർ കാലാവധി അവസാനിച്ചതോടെ ജൂലൈ ഒന്നു മുതൽ മെസ്സി ഫ്രീ ഏജന്റായിരുന്നു.
'കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാർസിലോനയും ലയണൽ മെസ്സിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ ലയണൽ മെസ്സി ഇനി ബാർസിലോനയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാതെ പോയതിൽ അതിയായി ഖേദിക്കുന്നു. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്സി ബാർസിലോന മെസ്സിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോൾ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു' പ്രസ്താവന വ്യക്തമാക്കുന്നു
13ാം വയസ്സിൽ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വർഷത്തോളമാണ് അവിടെ തുടർന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന മെസ്സി 2003ൽ തന്റെ 16ാം വയസ്സിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. ബാർസയ്ക്കൊപ്പമോ അതിലുപരിയോ വളർന്ന മെസ്സി, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ബാർസയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്തു.
നേരത്തെ, ലയണൽ മെസ്സി അഞ്ചുവർഷം കൂടി സ്പാനിഷ് ക്ലബ് ബാർസിലോനയിൽ തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ്ബിൽ തുടരാൻ മെസ്സി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു കരാർ പുതുക്കുന്നതിനു തടസമായുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തിൽ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാർഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങൾക്ക് പ്രതിഫലമായി നൽകാൻ കഴിയുക. ജൂൺ 30നാണ് ബാർസയുമായുള്ള മെസ്സിയുടെ കരാർ അവസാനിച്ചത്. മെസ്സിക്ക് ബാർസയിൽ തുടരാനാണു താൽപര്യമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോൻ ലാപോർട്ടയും പ്രതികരിച്ചിരുന്നു. ജൂലൈ ഒന്നിനു മുൻപ് പുതിയ കരാർ ഒപ്പിടാൻ ബാർസയും മെസ്സിയും ശ്രമിച്ചെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം അതിനു സാധിച്ചിരുന്നില്ല.
സ്പോർട്സ് ഡെസ്ക്