കിറ്റോ: അടുത്ത ലോകകപ്പിൽ കളിക്കാൻ അർജന്റീനയും ഉണ്ടാകും. അവസാന കളി വരെ ആശങ്കയിലാക്കിയ ലോകകപ്പ് പ്രവേശനം ഒടുവിൽ മെസിയുടെ ബൂട്ടുകൾ സാധ്യമാക്കി. ജീവന്മരണ പോരാട്ടത്തിൽ ഇക്‌ഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് അർജന്റീന തോൽപ്പിച്ചു. മെസി മാജിക്കായിരുന്നു വിജയ ഘടകം. രാജ്യത്തിനായി അതി നിർണ്ണായക മത്സരത്തിൽ മെസി ഹാട്രിക് നേടി. അക്രമ ഫുട്‌ബോൾ അഴിച്ചു വിട്ട മെസിയെ തടയാൻ ഇക്‌ഡോറിന് ആയില്ല. അങ്ങനെ ലാറ്റിൻ അമേരിക്കൻ ഗ്രൂപ്പിൽ നിന്ന് അർജന്റീനയും ലോകകപ്പിലെത്തി.

1970നുശേഷം ഒരു ലോകകപ്പ് പോലും കളിക്കാതിരിന്നിട്ടില്ല നിലവിലെ റണ്ണറപ്പുകളായാ അർജന്റീന. മേഖലകളിൽ നിന്ന് നാല് ടീമുകൾക്ക് മാത്രമാണ് നേരിട്ട് യോഗ്യത. അഞ്ചാമതുള്ള ടീം പ്ലേ ഓഫിലൂടെ യോഗ്യത നേടും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം അർജന്റീനയ്ക്ക് നിർണ്ണായകമായിരുന്നു. എന്നാൽ ആവേശ പോരാട്ടത്തിൽ മെസിയുടെ കരുത്തിൽ അർജന്റീന ജയിച്ചു കയറി. ഇതോടെ ആരാധകരുടെ ആശങ്കയും മാറി. അതിനിർണ്ണായക മത്സരത്തിൽ ഹാട്രിക് നേടിയ മെസി വിജയ ശിൽപിയായതോടെ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പേരു ദോഷവും മാറി. ഗ്രൂപ്പിൽ നിന്ന് ബ്രസീലും ഉറുഗ്വയും അർജന്റീനയും കൊളംബിയയും ലോകകപ്പിന് യോഗ്യ നേടി. പെറു പ്ലേ ഓഫിലും. ന്യൂസിലണ്ടുമായാണ് അവരുടെ പ്ലേ ഓഫ് മത്സരം.

ഇന്നത്തെ മത്സരങ്ങളിൽ ലേണൽ മേസിയുടെ ജീനിയസ് തന്നെയാണ് ഫുട്‌ബോൾ ലോകം നെഞ്ചിലേറ്റിയത്. ഇതിഹാസ താരം എന്തുകൊണ്ട് മികച്ച ഫുട്‌ബോളറായി എന്നതിന് തെളിവായിരുന്നു മത്സരം. ടീമിലെ മറ്റാർക്കും മുന്നേറാനോ അതി നിർണ്ണായക നീക്കങ്ങൾ നടത്താനോ ആയില്ല. മെസി മാത്രമായിരുന്നു ടീമില്ഡ മികച്ചു നിന്നത്. കളിയുടെ തുടക്കത്തിൽ തന്നെ ഇക്‌ഡോറിനായി റോമാറിയോ ഇബ്ര ഗോൾ നേടി. ഇതോടെ ആരാധകർ തലയിൽ കൈവച്ചു. പിന്നീടങ്ങോട്ട് മെസി മാജിക്കായിരുന്നു. 12 മിനിറ്റിൽ എതിരാളികളുടെ വല ആദ്യം ചലിച്ചു.

പിന്നീട് 21 മിനിറ്റിൽ ലീഡ് നേടുന്ന ഗോളും ഫുട്‌ബോൾ മിശിഹ അടിച്ചു. രണ്ടാം പകുതിയിൽ ഹാട്രിക്കും തികച്ചു. അതിമനോഹര ഗോളായിരുന്നു 62 മിനിറ്റിലെ അവസാന ഗോൾ. ശക്തമായ പ്രതിരോധത്തിനെ പ്രതിഭ കൊണ്ട് മാത്രം മെസി തോൽപ്പിച്ചു. അങ്ങനെ രാജ്യത്തിന് വേണ്ടി ഹാട്രിക്കും ടീമിന് ലോകകപ്പ് ബെർത്തും മെസി ഉറപ്പിച്ചു.