സൂറിച്ച്: ലോക ഫുട്‌ബോൾ ചരിത്രത്തിൽ താരമായി വീണ്ടും ലയണൽ മെസി. കാൽപന്തുകളിയിലെ പുതുകാലത്തെ രാജാവ് താൻ തന്നെയാണെന്ന് വ്യക്തമാക്കി മെസി അഞ്ചാം തവണയും ലോക ഫിഫ ഫുട്‌ബോളർ പട്ടത്തിൽ മുത്തമിട്ടു. പെലെയ്ക്കും മറഡോണയ്ക്ക് നേടാൻ സാധിക്കാത്ത പദവിയിലാണ് അർജന്റീന താരം എത്തിയിരിക്കുന്നത്. ഫുട്‌ബോൾ ഇതിഹാസം എന്നാൽ മെസി തന്നെയാണെന്ന് വിധത്തിലായിരുന്നു പുരസ്‌ക്കാരം വീണ്ടും മെസിയെ തേടിയെത്തിയത്.

ഫിഫ ലോക ഫുട്ബാളർ പട്ടത്തിൽ അഞ്ചാം മുത്തവുമായി അർജന്റീനയുടെ ഫുട്ബോൾ മാന്ത്രികൻ യുഗപുരുഷന്മാർക്കൊന്നും എത്തിപ്പിടിക്കാനാവാത്ത നേട്ടത്തിന്റെ നെറുകയിലാണ്. നാലാം ഫിഫ ബാലൺ ഡി ഓറും, ഒരു തവണ നേടിയ ഫിഫ പ്‌ളെയർ ഓഫ് ദി ഇയർ പുരസ്‌കാരവുമടക്കമാണ് അർജന്റീന താരത്തിന്റെ അഞ്ചാം ലോക ഫുട്ബാളർ പട്ടം.

ഫിഫ ആസ്ഥാനമായ സൂറിച്ചിൽ ലോക ഫുട്ബോൾ താരങ്ങളും ആരാധകരും തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മെസ്സി രണ്ടുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും ലോക ഫുട്ബാളറായി. ശക്തമായ വെല്ലുവിളി ഉയർത്തിയ റയൽ മഡ്രിഡിന്റെ പോർചുഗൽ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബാഴ്‌സലോണയിലെ സഹതാരം ബ്രസീലിന്റെ നെയ്മറെയും പിന്തള്ളിയാണ് മെസ്സിയുടെ ചാമ്പ്യൻപട്ടം.

അവാർഡ് പ്രഖ്യാപനത്തിനുമുമ്പേ, പ്രമുഖ ഫുട്ബോൾ വെബ്‌സൈറ്റുകളുടെ വോട്ടെടുപ്പിൽ മെസ്സിക്കായിരുന്നു മുൻതൂക്കം. ഒടുവിൽ ബാലൺ ഡി ഓർ പ്രഖ്യാപിച്ചപ്പോഴും പ്രവചനം തെറ്റിയില്ല. വോട്ടിങ്ങിൽ 41.33 ശതമാനം പേരുടെ പിന്തുണ അർജന്റീന താരത്തിന് സ്വന്തം. ക്രിസ്റ്റ്യാനോക്ക് 27.76 ശതമാനവും നെയ്മറിന് 7.86 ശതമാനവും വോട്ടാണ് ലഭിച്ചത്.

2009ൽ ഫിഫ പ്‌ളെയർ ഓഫ് ദി ഇയറും, 2010, 2011, 2012, 2015 വർഷങ്ങളിൽ ബാലൺ ഡി ഓറും സ്വന്തമാക്കി അഞ്ചാം വട്ടം ലോക ഫുട്ബാളർ പുരസ്‌കാരം. 2013, 2014 വർഷങ്ങളിൽ ലോക ഫുട്ബാളറായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മോഹമാണ് മെസ്സി അട്ടിമറിച്ചത്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്ക് അഞ്ച് കിരീടം സമ്മാനിച്ചും അർജന്റീനയെ കോപ അമേരിക്ക ഫൈനലിലത്തെിച്ചുമാണ് മെസ്സി ഇതിഹാസമായത്.

2009ൽ ബാലൺദ്യോറും ഫിഫ ലോക ഫുട്‌ബോളർ പുരസ്‌കാരവും രണ്ടായിട്ടാണു നൽകിയത്. രണ്ടും മെസ്സി നേടി. 2010 മുതലാണ് ലോകഫുട്‌ബോളർക്ക് ഫിഫ ബാലൺദ്യോർ നൽകിവരുന്നത്. 2007ലും 2008ലും രണ്ടാംസ്ഥാനം നേടിയ താരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും ക്രിസ്റ്റ്യാനോയ്ക്കു പിന്നിൽ രണ്ടാമതായിരുന്നു.

2015ൽ ക്ലബ്ബിനായി 53 കളിയിൽനിന്ന് 48 ഗോളുകളാണ് മെസ്സി നേടിയത്. ക്രിസ്റ്റ്യാനോ 54 ഗോളുകൾ നേടിയെങ്കിലും ടീമിനായി കിരീടമൊന്നും നേടിക്കൊടുക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. സ്പാനിഷ് ലാലിഗ, ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് കിങ്‌സ് കപ്പ് എന്നിവയും ക്ലബ്ബ് ലോകകപ്പും ബാഴ്‌സ നേടിയപ്പോൾ നിർണായകഘടകമായിരുന്നു മെസ്സി.

ബാഴ്‌സയ്‌ക്കൊപ്പം 26 കിരീടങ്ങൾ നേടിയിട്ടുണ്ട് മെസ്സി. ഇതിൽ ഏഴ് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗുകളും രണ്ട് ക്ലബ്ബ് ലോകകപ്പും ഉൾപ്പെടും. ബാഴ്‌സയ്ക്കായി 200405 സീസൺ മുതൽ കളിക്കുന്ന താരം 503 മത്സരങ്ങളിൽ ടീമിനായി ബൂട്ടുകെട്ടി. 430 ഗോളുമടിച്ചു. അർജന്റീനയ്ക്കായി 105 കളിയിൽനിന്ന് 49 തവണ സ്‌കോർ ചെയ്തു.