മഡ്രിഡ്: സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്നും വിടവാങ്ങൽ അറിയിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ ലയണൽ മെസ്സി ഏതൊരു ഫുട്‌ബോൾ ആരാധകന്റെയും മനസിൽ വേദന പടർത്തിയിരുന്നു. വികാര നിർഭരമായ യാത്ര അയപ്പാണ് ബാർസിലോണയിലെ സഹതാരങ്ങളും ആരാധകരും മെസ്സിക്ക് നൽകിയത്.

ബാർസയുമായുള്ള മെസ്സിയുടെ 21 വർഷം നീണ്ട ബന്ധത്തിനാണ് അന്ന് വിരാമമായത്. പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ മെസ്സി, ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പർ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്. ചടങ്ങിനിടെ നിലത്തുവീണ ഈ ടിഷ്യു പേപ്പർ കൈക്കലാക്കിയ ഒരു ആരാധകൻ ഇപ്പോൾ അതു ലേലത്തിൽവച്ചിരിക്കുകയാണ്.

മെസ്സിയുടെ കണ്ണീരു പതിഞ്ഞ ടിഷ്യു പേപ്പർ ഓൺലൈൻ സൈറ്റിലൂടെ ലേലത്തിനു വയ്ക്കുന്ന കാര്യം ഇദ്ദേഹം തന്നെയാണു പുറത്തുവിട്ടതും. 'മെസ്സിയെപ്പോലെ ഒരു ലോകോത്തക ഫുട്‌ബോളറെ ക്ലോൺ ചെയ്‌തെടുക്കാൻ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു' എന്ന പരസ്യവാചകത്തോടെയാണു ടിഷ്യു പേപ്പർ ലേലത്തിനെത്തുന്നത്. 'വെറും' 7 കോടി 44 ലക്ഷം രൂപയാണ് ലേലത്തുക!

അതേ സമയം മെസ്സിയുടെ അഭാവം ബാഴ്‌സലോണ മറികടക്കുമെന്നാണ് കോച്ച് റൊണാൾഡ് കൂമാൻ പറയുന്നത്. മെസ്സി ടീമിൽ തുടരണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും മെസ്സി ടീം വിട്ടത് വേദനാജനകമാണെന്നും കൂമാൻ പ്രതികരിച്ചിരുന്നു.

മെസ്സി ഇല്ലാതെയൊരു ബാഴ്‌സലോണ ടീമിനെക്കുറിച്ച് ചിന്തിക്കാൻപോലും പ്രയാസമായിരുന്നു. എന്നാലിപ്പോൾ അത് യാഥാർഥ്യമാണ്. ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ താരമാണിപ്പോൾ മെസ്സി. എല്ലാമെല്ലാമായിരുന്ന മെസ്സിയുടെ അഭാവത്തിൽ ലാലീഗയിൽ ആദ്യമത്സരത്തിനിറങ്ങിയ ബാഴ്‌സലോണ നാല് ഗോളടിച്ചാണ് തുടങ്ങിയത്.

റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ചതോടെ കോച്ച് റൊണാൾഡ് കൂമാനും ആത്മവിശ്വാസമായി. മെസ്സി ടീമിൽ തുടരണമെന്നായിരുന്നു ആഗ്രഹം. അത് ഇനി സാധ്യമായ കാര്യമല്ല. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം മെസ്സി ചരിത്രമാണ്. പക്ഷെ നമുക്കൊരിക്കലും ചരിത്രത്തിൽ തുടരാനാവില്ലെന്നും കൂമാൻ പറഞ്ഞു.