യുഎസ് : ഭാര്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്തകൾ പുറത്ത് വരുന്ന കാലഘട്ടത്തിൽ സമാനമായ വാർത്തയാണ് അമേരിക്കയിലുള്ള മൃഗശാലയിൽ നിന്നും പുറത്ത് വരുന്നത്. എട്ടു വർഷം ഒരുമിച്ച് കഴിഞ്ഞിരുന്ന ഇണയെ പെൺസിംഹം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അമേരിക്കയിലെ ഇന്ത്യാനാപോളിസ് മൃഗശാലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പെൺസിംഹം എന്തിനാണ് ഇണയെ അക്രമിച്ചത് എന്ന് മാത്രം വ്യക്തമല്ല. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴുത്തിന് ഗുരുതരമായി പരുക്കേറ്റാണ് ആൺ സിംഹം കൊല്ലപ്പെട്ടത്.

തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. കൂട്ടിൽ നിന്ന് അസാധാരണമായ ഗർജനം കേട്ട് എത്തിയ ജീവനക്കാരാണ് 12 വയസുകാരിയായ പെൺസിംഹം സൂരിയും 10വയസുകാരനായ ആൺസിംഹം ന്യാക്കും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ടത്. ഇവരുടെ മൂന്ന് വയസുള്ള മകൾ ഈ സമയം കൂടിന് വെളിയിലെ മറ്റൊരു കൂട്ടിലായിരുന്നു. ഇരു സിംഹങ്ങളേയും വേർപെടുത്താൻ ജീവനക്കാർ ഒരുപാട് കഷ്ടപ്പെട്ടു. എന്നാൽ ന്യാക്കിന്റെ കഴുത്തിൽ കടിച്ച് പിടിച്ച് ശ്വാസം മുട്ടിച്ച് സൂരി കൊല്ലുകയായിരുന്നു.

കഴിഞ്ഞ എട്ട് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്ന സിംഹങ്ങൾക്ക് 2015-ലാണ് മൂന്ന് കുട്ടികളുണ്ടായത്. ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നത് ഇതിന് മുൻപ് മൃഗശാല ജീവനക്കാർ ഇതുവരെ കണ്ടിട്ടില്ല എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. മരണം മൃഗശാലയിലെ ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിരളമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ഇത് സംഭവിക്കാവുന്നതാണ്. എന്നാൽ പ്രകോപനത്തിന് നയിച്ച കാരണം വ്യക്തമായിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്.