ദോഹ: അക്ഷരങ്ങളുടെ ലോകത്ത് പ്രസാധനത്തിലൂടെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തി കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്ന ലിപി അക്‌ബർ സംഗീത ലോകത്തും ശ്രദ്ധേയമാകുന്നു. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളിൽ പാട്ടുകൾ പാടാറുള്ള അക്‌ബർ ഒരു സഹൃദയനും കലാപ്രേമിയുമാണ്.

അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് സംഗീത ആൽബങ്ങളിലൂടെ അക്‌ബറിലെ സംഗീത പ്രേമിയെ ആസ്വാദകർ തിരിച്ചറിഞ്ഞു കഴിഞ്ഞു. കുറഞ്ഞകാലത്തിനുള്ളിൽ ആയിരക്കണക്കിന് ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയ മൂന്ന് സംഗീത ആൽബവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഗൾഫിലെ സന്നദ്ധ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെക്കുറിച്ച് ഫസൽ കൊടുവള്ളി രചനയും അഷ്റഫ് മഞ്ചേരി സംഗീതവും നിർവഹിച്ച മനോഹര ഗാനമാണ് ഇതിൽ ആദ്യത്തേത്.

ഒരു പൂങ്കാവനത്തിലെ പൂക്കളെപ്പോലെ ഒരുമയോടെ കഴിയുന്ന കേരളക്കരയെക്കുറിച്ച് ബാപ്പു വെള്ളിപറമ്പ് രചിച്ച് കെ.വി. അബൂട്ടി സംഗീതം നൽകിയ മതമൈത്രി ഗാനം ഡോ.എം.കെ. മുനീറിന്റെയും ലിപി അക്‌ബറിന്റെയും സ്വരമാധുരിയിലൂടെയാണ് കൈരളി ശ്രവിച്ചത്.

തന്റെ മാന്ത്രിക സ്വരംകൊണ്ട് ഇന്ത്യൻ സംഗീതത്തെ ലോകത്തോളമുയർത്തിയ മുഹമ്മദ് റഫിയുടെ പാവനസ്മരണയ്ക്കായി അർപ്പിക്കപ്പെട്ട മലയാളത്തിലെ ആദ്യ ഗാനോപഹാരവും ലിപി അക്‌ബറിന്റെ സ്വരമാധുര്യത്തിലൂടെയാണ് പുറത്തുവന്നത്. ഫസൽ കൊടുവള്ളി രചനയും ഗഫൂർ എം.ഗയാം സംഗീതവും നിർവഹിച്ച ഗാനം സംഗീതപ്രേമികളെ ഏറെ ആകർഷിച്ചു.

പ്രസാധനത്തോടൊപ്പം സംഗീത ലോകത്തും തന്റെ സജീവ സാന്നിദ്ധ്യമറിയിച്ച ലിപി അക്‌ബർ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണ്.