സാധാരണ എല്ലാ മദ്യപർക്കും സംഭവിക്കുന്ന ഒരപകടമുണ്ട്. അവരറിയാതെ ചെന്നുചാടുകയാണ് ഈ അബദ്ധത്തിലേക്ക്. നിങ്ങളൊരു മദ്യപനാണെന്ന് തിരിച്ചറിയുമ്പോഴേക്കും നിങ്ങളെ മദ്യം കീഴടക്കിയിട്ടുണ്ടാകും. മുൻകൂട്ടി അപകടം മനസ്സിലാക്കി സുരക്ഷിതമായ മദ്യപാനത്തിലേക്ക് കടക്കുകയാണ് മദ്യത്തെ ജീവിതത്തിൽനിന്ന് തീരെ അകറ്റിനിർത്താനാവാത്തവർ ചെയ്യേണ്ടത്. അതിന് ആദ്യം ചില കാര്യങ്ങൾ സ്വയം ബോധ്യപ്പെടുകയാണ് വേണ്ടത്.

അമേരിക്കയിലെ റോയൽ കോളേജ് ഓഫ് സൈക്കാട്രിസ്റ്റിന്റെ പഠനമനുസരിച്ച് അമേരിക്കയിലെ ദശലക്ഷക്കണക്കിനാളുകൾ അവർക്കാവുന്നതിലും അധികം മദ്യം കഴിക്കുന്നവരാണ്. ഹെറോയിനും കഞ്ചാവും ഉണ്ടാക്കുന്നതിനെക്കാൾ ദൂഷ്യം മദ്യം സമൂഹത്തിലുണ്ടാക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ആശുപത്രികളിലെത്തുന്ന സംഭവങ്ങളിൽ ഒട്ടുമിക്കവയിലും മദ്യം ഒരു വില്ലനായി ഒരുഭാഗത്തുണ്ടാവും.

ഒരാൾക്ക് എത്ര കഴിക്കാമെന്ന് തിരിച്ചറിയുകയാണ് മദ്യപൻ ആദ്യം ചെയ്യേണ്ടത്. ഓരോ തരം മദ്യത്തിലെയും ആൽക്കഹോളിന്റെ അംശം വ്യത്യസ്തമായിരിക്കും. അതനുസരിച്ച് അളവിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. എ.ബി.വി (ആൽക്കഹോൾ ബൈ വോളിയം) എന്നോ വോൾ (vol) എന്നോ കുപ്പിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടാവും. ബിയറിലും മറ്റും നാലുമുതൽ ഏഴുശതമാനം വരെ ആൽക്കഹോൾ ഉണ്ടാവാം. വിസ്‌കിയിലും ബ്രാൻഡിയിലും 40 ശതമാനം മുതൽ മുകളിലേക്കാവും. ഇത് ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കും.

അമേരിക്കയിലെ കണക്കനുസരിച്ച് സാധാരണ ഒരാൾക്ക് ഒരു ദിവസം കഴിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്? ബിയറാണെങ്കിൽ 12 ഔൺസ് (340 എംഎൽ) വരെയാകാം. വിസ്‌കി, ജിൻ, റം, ബ്രാൻഡി, വോഡ്ക തുടങ്ങിയവയാണെങ്കിൽ ഒന്നര ഔൺസ് (ഏകദേശം മുക്കാൽ പെഗ്) വരെ. മദ്യപാനം അതിന്റെ പരിധിവിട്ട് പോകുമ്പോഴാണ് ഒരാൾ സ്ഥിരം മദ്യപനായി മാറുക. നന്നായി മദ്യപിക്കുന്ന എല്ലാവരും മദ്യത്തിന് അടിപ്പെടണമെന്നില്ലെന്ന് ഡോ. മൊഹിയുദീൻ പറയുന്നു. ചിലർ പെട്ടെന്ന് അതിന് വഴിപ്പെട്ടേക്കാം.

കുടുംബപാരമ്പര്യം മദ്യപാനികളിൽ സാധാരണ കാണുന്ന കാര്യമാണ്. മിക്ക മദ്യപരുടെയും കുടുംബത്തിൽ അതേ സ്വഭാവമുള്ള രക്ഷിതാവോ അടുത്ത ബന്ധുവോ മുത്തശ്ശന്മാരോ ഒക്കെയുണ്ടാവാം. അവരാരും ഇല്ലാതെതന്നെ മദ്യപിക്കുന്നവരും ഉണ്ട്. ജോലിയുടെ കാഠിന്യം. അതിന്റെ സമ്മർദം തുടങ്ങി മദ്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങളും വേറെയുണ്ടാകാം.

ബ്രിട്ടനിലെയും അമേരിക്കയിലെയും കുടിയന്മാരിൽ 30 ശതമാനവും അപകടകരമായ തലത്തിൽ മദ്യപിക്കുന്നവരാണ്. മദ്യമുണ്ടാക്കുന്ന ദൂഷ്യവശങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവരിത് ചെയ്യുന്നത്. വിഷാദരോഗം മുതൽ ക്യാൻസറും ലിവർ സിറോസിസുമടക്കം മാരകമായ പലരോഗങ്ങൾക്കും മദ്യം വഴിതുറക്കുന്നു. 60-ഓളം രോഗങ്ങൾക്ക് മദ്യം കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും പ്രമേഹത്തിനും മദ്യം കാരണമാകാം.

ചില മുന്നറിയിപ്പുകൾ ശരീരം മദ്യത്തിനെതിരേ തരാറുണ്ട്. അത് കാണാതെ പോകരുത്. തലവേദന, ഓർമക്കുറവ്, ഹാങ്ങോവർ, മന്ദത തുടങ്ങിയവ തല നൽകുന്ന മുന്നറിയിപ്പുകളാണ്. ശ്വാസകോശത്തിൽ തുടർച്ചയായി അണുബാധ, ന്യുമോണിയക്കുള്ള സാധ്യത എന്നിവ നെഞ്ചിൽനിന്ന് കിട്ടും. വിഷാദരോഗം, ഉറക്കമില്ലായ്മ, ആശങ്ക, ദേഷ്യം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വഴക്കടിക്കുക തുടങ്ങിയ ഹൃദയത്തിന്റെ മുന്നറിയിപ്പുകളാണ്.

വയറുവേദന, വയറ്റിൽ രക്തസ്രാവം, ഛർദി, ക്ഷീണം, വയറിളക്കം, പോഷകക്കുറവ്, അൾസർ എന്നിവ വയറ്റിനുള്ളിലുണ്ടാവാം. മദ്യം ചിലരെ ഉണർത്തുമെന്ന് പറയാറുണ്ടെങ്കിലും ലൈംഗികകാര്യങ്ങളിൽ ശേഷിക്കുറവാണ് പുരുഷന്മാർക്ക് മദ്യം സമ്മാനിക്കുന്നത്. സ്ത്രീകളിൽ വന്ധ്യത, ആർത്തവക്രമം തെറ്റുക, ഗർഭിണികളാണെങ്കിൽ ഗർഭഛിദ്രം, ചാപിള്ളപിറക്കൽ, മാസം തെറ്റി പിറക്കൽ തുടങ്ങിയവയും സംഭവിക്കാം. കൈകൾക്ക് വിറയൽ, കാലുകളിൽ സന്ധിവേദന തുടങ്ങിയവയും മദ്യം സമ്മാനിക്കുന്ന മറ്റു ചില അസ്വസ്ഥതകളാണ്.