മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ഭരണകക്ഷിയായ ശിവസേനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ദക്ഷിണ മുംബൈയിലെ സംസ്ഥാന കാര്യാലയമായ 'മഹാരാഷ്ട്ര മന്ത്രാലയ'യിലാണ് കഴിഞ്ഞ ദിവസം നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയത്.

മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ അടക്കമുള്ളവരുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഓഫീസ് സമുച്ചയമാണ് മഹാരാഷ്ട്ര മന്ത്രാലയ. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കാന്റീനിലേക്കുള്ള പടികൾക്കു കീഴിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. സുപ്രധാന ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ആശങ്കയുയർത്തുന്നതാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

 

സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് നിതേഷ് റാണേ രംഗത്തെത്തി. മന്ത്രാലയയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത് തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നിശാജീവിതത്തിന്റെ മന്ത്രിമാരാണ് അവിടെയുള്ളത്. അവിടത്തെ പാർട്ടികളിൽ മദ്യവും അതിലേറെയും ഉണ്ടാകും. മന്ത്രാലയയിൽ പ്രവേശിക്കുന്നതിനു മുൻപ് കോവിഡ് പരിശോധന നടത്തുന്നതുപോലെ മദ്യപരിശോധനയും നടത്തണമെന്ന് അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.

അതേസമയം, മന്ത്രാലയത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ സ്വകാര്യ കോൺട്രാക്ടർമാരുടെ തൊഴിലാളികളാണ് മദ്യക്കുപ്പികൾ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നതായി പൊതുഭരണ വകുപ്പ് മന്ത്രി ദത്താത്രേയ ഭരണെ പറഞ്ഞു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.