- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗെയിൽ വാതക പൈപ്പ് ലൈൻ പോലെ ലിക്വർ പൈപ്പ്ലൈൻ വരുന്നു; ഇനി മദ്യം ടാപ്പ് വഴി വീട്ടിൽ ലഭിക്കും; ആവശ്യക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 11,000 രൂപയുടെ ഡി ഡി അയക്കണം'; സോഷ്യൽ മീഡിയയിൽ മദ്യപർ അർമാദിച്ച് പ്രചരിപ്പിക്കുന്ന വാർത്തയുടെ സത്യമെന്ത്?
കോഴിക്കോട്: ഗെയിൽ വാതക പൈപ്പ് ലൈൻ പൂർത്തിയായതോടെ, ഗ്യാസ് വിതരണം ഇനി പൈപ്പ് ലൈൻ വഴി വീട്ടിലേക്ക് എത്തുന്ന രീതിയിലേക്ക് കേരളം മാറുകയാണെല്ലോ. അപ്പോഴാണ് ടാപ്പ് തുറന്നാൽ ഒഴുകി വരുന്ന രീതിയിൽ, വീടുകളിലേക്ക് മദ്യം എത്തുന്ന പുതിയ പദ്ധതി, കേന്ദ്രസർക്കാർ നടപ്പാക്കുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പൊന്തി വരുന്നത്. മദ്യപാനികൾ ഏറെയുള്ള കേരളത്തിൽ അത് ഇപ്പോഴും സജീവ ചർച്ചയാണ്.
മദ്യപിക്കുന്നവരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഓഫീസ് ആവിഷ്‌കരിച്ചതാണ് ഈ പദ്ധതിയെന്നാണ് വാട്സാപ്പിൽ പ്രചാരണം. അപേക്ഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് 11,000 രൂപയുടെ ഡി ഡി അയയ്ക്കണം തുടങ്ങിയ കാര്യങ്ങളും ഹിന്ദിയിൽ പുറത്തിറക്കിയ 'ഉത്തരവിൽ' പറഞ്ഞിരുന്നു. അപേക്ഷകരുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കിൽ 'മദ്യ കണക്ഷൻ' നൽകും. പവർ മീറ്ററുമായി ഘടിപ്പിച്ചാണു പ്രതിമാസ മദ്യബിൽ തയാറാക്കുകയെന്നും 'ഉത്തരവിൽ' പറഞ്ഞിരുന്നു. അതായത് നിങ്ങൾ വാട്ടർ കണക്ഷനുള്ള പോലെ മദ്യവും വീട്ടിൽ കിട്ടുന്ന പദ്ധതിയാണ് ഇതെന്നാണ് പറയുന്നത്.
ആലോചനയിൽ പോലും ഇല്ല
ഒറ്റ നോട്ടത്തിൽ തന്നെ ഇത് വ്യാജ വാർത്തയാണെന്ന് ബോധ്യമാവുമെങ്കിലും, വാട്സാപ്പ് -ഫേസ്‌ബുക്ക് കൂട്ടായ്മകളിൽ ഇത് വലിയ ചർച്ചയായി. വിദേശരാജ്യങ്ങളിലൊക്കെ ഇത്തരം പദ്ധതികൾ ഉണ്ടെന്നും, റെസ്പോൺസിബിൾ ഡ്രിങ്കിങ്ങ് പ്രോൽസാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത് എന്നൊക്കെ വന്നതോടെ, പലരും ഈ വാർത്ത ശരിയാണെന്നാണ് ധരിച്ചിരിക്കുന്നത്.
എന്നാൽ ഒന്നാന്തരം കല്ലുവെച്ച നുണയാണിത്. ഇത്തരം ഒരു പദ്ധതി കേന്ദ്ര സർക്കാറിന്റെ വിദൂരമായ ആലോചനകളിൽ പോലും ഇല്ല. പണം ഇട്ട് ബിയർ എടുക്കുന്ന വെൻഡിങ്ങ് മെഷീനുകളൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെങ്കിലും, മദ്യം പൈപ്പ്ലൈൻ വഴി വീട്ടിൽ എത്തിക്കുന്ന പദ്ധതി ലോകത്ത് എവിടെയുമില്ല താനും. ജൂലൈ 19ന് തന്നെ പിഐബി (പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ) ഫാക്ട് ചെക്ക് ടീം തള്ളിക്കളഞ്ഞതാണ് ഈ വാർത്ത. പക്ഷേ ഇപ്പോഴും ഇത് കേരളത്തിൽ പ്രചരിക്കുന്നുണ്ടെന്ന് മാത്രം. 'ചിൽ ചെയ്തോളൂ, പക്ഷേ അമിതപ്രതീക്ഷ വേണ്ട' എന്നായിരുന്നു പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മീം സഹിതം പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തത്.
'ലിക്വർ പൈപ്പ്‌ലൈനിന്' അപേക്ഷ ക്ഷണിച്ചെന്നു സൂചിപ്പിക്കുന്ന വിജ്ഞാപനത്തിന്റെ പകർപ്പെന്ന മട്ടിൽ പ്രചരിക്കുന്ന കടലാസും പിഐബി ട്വീറ്റിലുണ്ടായിരുന്നു. 'വെൽകം' എന്ന ബോളിവുഡ് സിനിമയിലെ നാനാ പടേക്കറുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ദേഷ്യം വരുമ്പോൾ 'കൺട്രോൾ, കൺട്രോൾ' എന്നു പറഞ്ഞു സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്ന കഥാപാത്രമാണിത്. മദ്യപരോടു കേന്ദ്രത്തിനും ഇക്കാര്യമാണ് പറയാനുള്ളത്: 'ആഗ്രഹങ്ങൾ നിയന്ത്രിക്കൂ!'. ഇത്തരത്തിൽ ഒരു പദ്ധതിയെക്കുറിച്ച് ഇന്ത്യയിൽ എവിടെയും ചർച്ചപോലും നടന്നിട്ടില്ല. എതോ ഒരു മദ്യപന്റെ ദിവാ സ്വപ്നങ്ങൾ എന്നല്ലാതെ ഈ 'ഉത്തരവിനെ' കാണാൻ കഴിയില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ