ന്യൂഡൽഹി: സർക്കാരിന്റെ മദ്യനയം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ബാറുടമകൾ വീണ്ടും കോടതിയിലേക്ക്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകൾ ഹർജി നൽകി. സുപ്രീംകോടതിയിലാണു ഹർജി നൽകിയത്.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന സർക്കാരിന്റെ മദ്യനയത്തെയാണ് സുപ്രീം കോടതി ശരിവച്ചത്. സർക്കാരിന്റെ മദ്യനയം വിവേചനപരമാണെന്നും ഇതിൽ ദുരുദ്ദേശ്യമുണ്ടെന്നും ബാർ ഉടമകൾ പറയുന്നു.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ അനുവദിക്കുന്നത് വിവേചനപരമാണെന്ന് ബാറുടമകൾ നേരത്തേ വാദിച്ചിരുന്നു. ബീവറേജസ് വഴി സർക്കാർ തന്നെ മദ്യം വിൽപന നടത്തുന്നതും ബാർ ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളിയിരുന്നു. വിനോദസഞ്ചാര മേഖലയെ മുൻനിർത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിച്ചതെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.