ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടു ബാറുടമകൾ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ബാറുടമകളുടെ ഹർജി തള്ളിയത്.

സംസ്ഥാന സർക്കാരിന്റെ മദ്യനയം ശരിവച്ചുള്ള വിധി പുനഃപരിശോധിക്കണമെന്ന ഹർജിയാണു സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് ഖെഹറിന്റെ ബെഞ്ചാണ് തള്ളിയത്. ജഡ്ജിയുടെ ചേംബറിൽ വാദം കേട്ട ശേഷമാണ് കേസ് തള്ളിയത്.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് അനുവദിച്ചതിലെ വിവേചനം കോടതി കണക്കാക്കിയില്ലെന്നും വിധിയിൽ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ഡിസംബർ 29നാണ് ജസ്റ്റീസുമാരായ വിക്രംജിത് സെൻ, ശിവകീർത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് മദ്യനയം ശരിവച്ച് ഉത്തരവിറക്കിയത്. ബാറുടമകളുടെ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.

പഞ്ചനക്ഷത്ര ബാറുകൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്ന സർക്കാരിന്റെ പുതിയ മദ്യ നയം സുപ്രീം കോടതി ശരിവച്ചിരുന്നു. ഇതു ചോദ്യം ചെയ്താണു ബാറുടമ പോളക്കുളം കൃഷ്ണദാസ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ജെ.എസ് ഖെഹർ, ശിവകീർത്തി സിങ്, എന്നിവരടങ്ങിയ ബഞ്ചാണു ഇതു തള്ളി വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ ഡിസംബർ 29നാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തിയ മദ്യനയം സുപ്രീംകോടതി ശരിവച്ചത്. വിക്രംജിത് സെന്നും ശിവകീർത്തി സിംഗും അടങ്ങിയ ബെഞ്ചാണ് അന്നും വിധി പറഞ്ഞത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് അനുവദിക്കുകയും ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകളെ ഒഴിവാക്കിയത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദ പ്രകാരം തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഇക്കാര്യങ്ങൾ പരിശോധിച്ചതിൽ പിഴവ് പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് ബാറുടമകൾ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.

സർക്കാർ നയം നിയമവിരുദ്ധമോ യുക്തിരഹിതമോ അല്ലെന്നു നിരീക്ഷിച്ച കോടതി മദ്യവില്പന മൗലികാവകാശത്തിന്റെ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാട്ടി. മദ്യവില്പന നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിച്ചത്. അതിനാൽ നയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.