തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡിസ്റ്റിലറി അനുവദിച്ചുകിട്ടിയ ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിനുപിന്നിൽ സിനിമ, സീരിയൽ രംഗത്തെ നടനും ഗോവയിൽനിന്നുള്ള നിക്ഷേപവുമെന്ന ആരോപണം ഉന്നയിച്ചത് മനോരമയാണ്. സിപിഎമ്മിന്റെ 2 ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുള്ള നടനു ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളതെന്നും മനോരമ റിപ്പോർട്ട് ചെയ്തു. എന്നാൽ നടന്റെ പേരോ വിവരങ്ങളോ മനോരമ പുറത്തു വിട്ടിരുന്നില്ല. സിനിമയിലെ വമ്പൻ സ്രാവാകും ഇതെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. എന്നാൽ ആരോപണത്തിൽ കുടുങ്ങുന്നത് സൂപ്പർ താരങ്ങളൊന്നുമല്ല. മറിച്ച് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത നടനായ ലിഷോയിയ്‌ക്കെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ലിഷോയ് സീരിയലുകളിലും സജീവ സാന്നിധ്യമാണ്.

നേരത്തെ തന്നെ പരിശോധനകളും നപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു തന്നെയാണ് തൃശൂർ ജില്ലയിൽ ഡിസ്ലറി സ്ഥാപിക്കാൻ ശ്രീ ചക്രക്ക് അനുമതി നൽകിയതെന്ന മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും വാദങ്ങൾ പൊളിയഞ്ഞിരുന്നു ശ്രീ ചക്രക്ക് ഡിസ്ലറി അനുവദിക്കണമെങ്കിൽ സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത് 1999ല ഉത്തരവ് പരിഷ്‌ക്കരിക്കുകയായിരുന്നു. ഉത്തരവ് പരിഷ്‌ക്കരിക്കണമെങ്കിൽ ആദ്യം നിയമ സെക്രട്ടറി പഴയ ഫയൽ പഠിക്കണം പിന്നീട് ഉത്തരവ് എകസൈസ് വകുപ്പ് ഡ്രാഫ്ട് ചെയ്താലും നിയമ വകുപ്പിന്റെ അംഗീകാരത്തോടെ അത് മന്ത്രി സഭയിൽ വെയ്ക്കണം. ഇക്കാര്യത്തിന് സർക്കാർ നയപരമായി തീരുമാനം എടുക്കേണ്ടിയിരുന്നു. എന്നാൽ നയപരമായ തീരുമാനം എടുക്കമ്പോൾ എൽ ഡി എഫിലും മന്ത്രിസഭയിലും ചർച്ച ചെയ്യേണ്ടി വരുമെന്നതിനാൽ അതൊക്കെ ഒഴിവാക്കിയാണ് എക്സൈസ് മന്ത്രിയും കൂട്ടരും രഹസ്യ നീക്കം നടത്തിയത്. ഇത് വിവാദമായി കത്തി പടർന്നതോടെ ബ്യൂവറി അനുമതി സർക്കാർ റദ്ദാക്കി. അതിന് ശേഷവും അഴിമതി വിവാദം തുടരുകയാണ്. ഇതിനിടെയാണ് സിനിമാ ബന്ധവും ചർച്ചയായത്.

ഗോവയിൽനിന്നു വില കുറഞ്ഞ മദ്യം കേരളത്തിലേക്കു കടത്തിയ കേസിൽ നടനെതിരെ എക്‌സൈസ് അന്വേഷണം നടത്തിയിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ലിഷോയിയ്‌ക്കെതിരെ ഇത്തരത്തിൽ അന്വേഷണം നടന്നുവെന്ന് വ്യക്തമായത്. ചാലക്കുടിപ്പുഴയുടെ തീരത്താണു ഡിസ്റ്റിലറിക്കുള്ള ഭൂമി കണ്ടെത്തിയതെന്നാണു സൂചനയും മനോരമ പുറത്തു വിട്ടിരുന്നു. ശ്രീചക്രയ്ക്കു ലഭിച്ച അനുമതി വിവാദങ്ങളെ തുടർന്നു കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അപേക്ഷകനു ഭൂമിയുണ്ടോ എന്നതുപോലും പരിശോധിക്കാതെ തൃശൂർ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ശ്രീചക്രയ്ക്ക് അനുകൂല റിപ്പോർട്ട് നൽകിയത് ഉന്നത രാഷ്ട്രീയസമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ടെന്ന് വാർത്തയിലുണ്ടായിരുന്നു. ഇതിന് പിന്നിലും ലിഷോയിയുടെ ബന്ധങ്ങളാണെന്നാണ് റിപ്പോർട്ട്.

വിദേശത്തേക്കു മദ്യം കയറ്റുമതി ചെയ്യാൻ ഡിസ്റ്റിലറി തുടങ്ങാനായിരുന്നു ശ്രീചക്രയുടെ അപേക്ഷ. ഗോവയിൽ ഇവർക്കു ഡിസ്റ്റിലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോൾ കയറ്റുമതി ചെയ്യുന്നതെന്നുമാണ് എക്‌സൈസ് കമ്മിഷണർ ഫയലിൽ കുറിച്ചത്. ബവ്‌റിജസ് കോർപറേഷനിലെ മുൻ ഉദ്യോഗസ്ഥനാണു ശ്രീചക്രയുടെ തലപ്പത്ത്. പെരുമ്പാവൂരിലെ പുളിക്കൽ കുടുംബത്തിലെ കുമാരന്റെ പേരിലാണ് ശ്രീചക്ര ഡിസ്റ്റലറീസ്. കുമാരന്റെ മകൻ സുരേഷാണ് ഇതിന് പിന്നെലെ പ്രധാനി. കുമാരൻ മരിച്ചതോടെ സുരേഷിന്റെ കൈയിലായി സ്ഥാപനം. സുരേഷിന്റെ ഭാര്യയും ഡയറക്ടർ ബോർഡിലുണ്ടായിരുന്നു. ഇവരുടെ അടുത്ത ബന്ധു മുംബൈയിൽ വ്യവസായിയാണ്. ഈ ബന്ധങ്ങളുടെ പിൻബലത്തിലാണ് ഡിസ്റ്റലറിയുമായി മുന്നോട്ട് പോയത്. എല്ലാ പിന്തുണയുമായി സീരയൽ നടനും കൂടെ നിന്നുവെന്നാണ് ആരോപണം. എന്നാൽ തനിക്ക് ബ്രൂവറി ഇടപാടിൽ പങ്കില്ലെന്നും എല്ലാം വെറും പുകമറ തീർക്കലാണെന്നുമുള്ള നിലപാടിലാണ് ലിഷോയ് എന്നും സൂചനകൾ പുറത്തു വരുന്നു.

ബിവറേജസിലെ ഉദ്യോഗസ്ഥനായിരുന്നു സുരേഷ് എന്നാണ് സൂചന. എക്‌സൈസ് വകുപ്പുമായും ഇയാൾക്ക് നല്ല ബന്ധമുണ്ടായിരുന്നു. പൊലീസിലെ പ്രവർത്തിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതെല്ലാമാണ് ഡിസ്റ്റലറി ബിസിനസ്സിലും സുരേഷിന് തുണയായത്. ഗോവയിൽനിന്ന് എത്തിക്കുന്ന വിലകുറഞ്ഞ മദ്യം ഇടകലർത്തി വിൽപന നടത്തിയ സംഭവത്തിൽ ഇയാൾക്കു പങ്കുള്ളതായി ആരോപണമുയർന്നിരുന്നു. സർക്കാരിനു പേരുദോഷം വരുമെന്നതിനാൽ അന്നത്തെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെ കുറിച്ചുള്ള തുടരന്വേഷണത്തിലാണു നടൻ ലിഷോയിയുടെ തൃശൂരിലെ വീട്ടിൽനിന്നു വില കുറഞ്ഞ ഗോവൻ ബ്രാൻഡി എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഈ കേസും പിന്നീടു പലവിധ സമ്മർദങ്ങൾ കൊണ്ട് എങ്ങുമെത്തിയില്ല. ഗോവയിലെ ഡിസ്റ്റിലറി ലോബിയുടെ പണമാണ് ഇരിങ്ങാലക്കുട പദ്ധതിക്കു പിന്നിലെന്നാണു സൂചനകൾ പുറത്തു വരുമ്പോൾ ആരോപണങ്ങൾക്ക് പുതിയ തലമെത്തുകയാണ്.

തൃശൂർ ജില്ലയിലെ കഴിമ്പ്രം സ്വദേശിയാണ് ലിഷോയിയുടെ നാട്.. അച്ഛൻ ശ്രീലങ്കയിലായിരുന്നു. ലിഷോയി ജനിച്ചതും അവിടെ തന്നെ. നാടകങ്ങളോടുള്ള പ്രണയമാണ് ലിഷോയിയെ നിടനാക്കിയത്. പഠിപ്പിനെക്കാൾ താൽപ്പര്യം നാടകത്തിനോടായിരുന്നു. അഷ്റഫ് മുളംപറമ്പൻ എഴുതിയ 'സ്മൃതി', 'ഒഥല്ലോ', 'റോമിയോ ആൻഡ് ജൂലിയറ്റ്' എന്നിവയിൽ ചെറുപ്പകാലത്ത് തന്നെ അഭിനയിച്ചു. ഘനഗംഭീര ശബ്ദം കൊണ്ടും ആകാര ഭംഗിക്കൊണ്ടും മികച്ച പ്രകടനം കൊണ്ടും ലിഷോയ് നാടക ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടവനായി. ഈ നാടകങ്ങളുടെ വിജയങ്ങളിൽ നിന്നും ഊര്ജ്ജം ഉള്‌ക്കൊണ്ടാണ് മതിലകത്ത് 'ആദംസ്' കലാകേന്ദ്രം രൂപപ്പെടാൻ കാരണം. കഴിമ്പ്രം വിജയൻ, കഴിമ്പ്രം തീയറ്റെഴ്‌സ് ഉണ്ടാക്കുന്നതും ലിഷോയിയുടെ നാടക ഭ്രാന്തു കണ്ടതുകൊണ്ടായിരുന്നു.

കഴിമ്പ്രം തീയേറ്റഴ്‌സിന്റെ എല്ലാ നാടങ്ങളിലും എൺപത്തി അഞ്ചോളം സിനിമകളിലും നിരവധി സീരിയലുകളിലും ലിഷോയി കഥാപാത്രങ്ങളായി. മകൾ ലിയോണ ലിഷോയിലും മലയാള സിനിമയുടെ ഭാഗമാണ്. ആന്മരിയകലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിൽ ലിയോണ എത്തിയിരുന്നു. വിശ്വാസപൂർവം മൻസൂർ, മായാനദി എന്നീ ചിത്രങ്ങളിലും മകൾ അഭിനയിച്ചു. കസ്തൂരിമാൻ, കറുത്ത പക്ഷികൾ, ലോങ് സൈറ്റ് എന്നിവയിലാണ് ലിഷോയ് പ്രധാനമായും അഭിനയിച്ചത്. കസ്തൂരിമാനിലെ ബോബൻ കുഞ്ചാക്കോയുടെ അച്ഛൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കറുത്ത പക്ഷികളിലെ മണിച്ചനും കൈയടി നേടി.

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ കുങ്കുമപൂവിലെ പ്രഭാകര മേനോൻ എന്ന കഥാപാത്രവും മികവ് കാട്ടി. മഴവിൽ മനോരമയിലെ ബാലാമണിയിലും ശ്രദ്ധേയ പ്രകടനം നടത്തി. അതുകൊണ്ട് തന്നെ കുറച്ച് വേഷങ്ങളുമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ലിഷോയിയെ മലയാളികൾ എവിടേയും തിരിച്ചറിയുമായിരുന്നു.