കോതമംഗലം: കൊല്ലപ്പെട്ട ജിഷയുടെ വീടിനടുത്ത് രാപകലെന്യേ സാമൂഹ്യവിരുദ്ധർ തമ്പടിച്ചിരുന്നെന്നും ഇവരിൽ ചിലർ താമസസ്ഥലത്ത് തുണിക്കഷണങ്ങളാൽ മറച്ച കുളിമുറിയിൽ എത്തിനോക്കാറുണ്ടായിരുന്നെന്നും വിവരം ലഭിച്ചതായി വനിതാ കമ്മീഷനംഗം ലിസി ജോസ്. അയൽക്കാരായ ചിലരാണ് ദുരുദ്ദേശ്യത്തോടെ ഇവിടെത്തുന്നവർക്ക് സഹായം ചെയ്തിരുന്നതെന്നും ഇവരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറാവാതിരുന്നതാണ് ജിഷ കൊല്ലപ്പെടാൻ കാരണമെന്ന് മാതാവ് രാജേശ്വരിയും സഹോദരി ദീപയും വെളിപ്പെടുത്തിയതായും ലിസി ജോസ് വ്യക്തമാക്കി.

സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടൽ പ്രതിയെ കണ്ടെത്തുന്നതിൽ ഒരു പക്ഷേ നിർണായകമായി മാറിയേക്കാമെന്നും കേസ് സംബന്ധിക്കുന്ന സുപ്രധാനവിവരങ്ങൾ അന്വേഷക സംഘത്തെ ധരിപ്പിച്ചതായും കമ്മീഷൻ അംഗം ലിസി ജോസ് വെളിപ്പെടുത്തി. സംഭവം സംബന്ധിച്ച് ലിസി ജോസിന് പറയാനുള്ളത്

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വനിതാകമ്മീഷൻ അന്വേഷണം ആരംഭിച്ചോ?
ലിസി ജോസ്: ഇന്നലെ ഞാനും ചെയർപേഴ്‌സണും പെരുമ്പാവൂരിലെത്തി കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെയും സഹോദരി ദീപയെയും കണ്ടിരുന്നു.അവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഈ വിവരങ്ങൾ പ്രകാരം അന്വേഷണം നടന്നുവരികയാണ്.

എന്തൊക്കെ വിവരങ്ങളാണ് ദീപയും രാജേശ്വരിയും പങ്കുവച്ചത്?
ലിസി ജോസ്: പ്രധാനമായും അവർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സംസാരിച്ചത്. ജിഷയുടെ സംരക്ഷണത്തെക്കുറിച്ചുള്ള വേവലാതിയായിരുന്നു രാജേശ്വരിയെ അലട്ടിയിരുന്നത്. ഇവരുടെ സ്വകാര്യതകളിൽ വരെ സമീപവാസികളുടെ സഹായത്തോടെ പുറമേ നിന്നുള്ളവർ ഇടപെട്ടിരുന്നു. ഒളിഞ്ഞുനോട്ടക്കാരെ രാജേശ്വരി പലവട്ടം ഒറ്റക്ക് നേരിട്ടുണ്ട്. സമീപവാസികളുമായി രാജേശ്വരി അകലം പാലിച്ചിരുന്നത് ഇതേത്തുടർന്നുള്ള വേദനയും അമർഷവും മൂലമാണെന്നാണ് മനസ്സിലാവുന്നത്.

മകളുടെ മരണത്തെക്കുറിച്ച്?
ലിസി ജോസ് : ചുറ്റും ശത്രുക്കളുണ്ടായിരുന്നെന്നും ഇവരുടെ ഇടപെടലില്ലാതെ ജിഷ കൊല്ലപ്പെടില്ലെന്നുമാണ് ഇരുവരുടെയും നിലപാട്.

ജിഷയുടെ കൊലപാതകത്തിൽ രാജേശ്വരിയും ദീപയും ആരെയെങ്കിലും സംശയിക്കുന്നുണ്ടോ?
ലിസി ജോസ്: അഞ്ചാറുപേരെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ പറഞ്ഞിട്ടുണ്ട്. ഇവരുമായി രാജേശ്വരി പല കാരണത്താൽ വഴക്ക് കൂടിയിട്ടുണ്ട്. ഇവരിൽ ചിലരുമായി വൈരാഗ്യം ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നുമാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

രാജേശ്വരിക്ക് മാനസികരോഗമുണ്ടെന്നുള്ള പ്രചാരണത്തെക്കുറിച്ച്?
ലിസി ജോസ് : അവർക്ക് മകൾ മരിച്ചതിലുള്ള വിഷമമല്ലാതെ മറ്റൊരസുഖവും ഉണ്ടെന്ന് കാഴ്ചയിലും സംസാരത്തിലും തോന്നുന്നില്ല.

ദീപയും രാജേശ്വരിയും പൊലീസുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വനിതാ കമ്മീഷനോട് ഇരുവരുടെയും നിലപാട് എന്തായിരുന്നു?
ലിസി ജോസ്: ഇരുവരും നന്നായിട്ടാണ് ഞങ്ങളോട് പെരുമാറിയത്. പൊലീസിനോട് പറയാൻ മടിച്ച പലകാര്യങ്ങളും അവർ ഞങ്ങളുമായി പങ്കുവച്ചു. ഞങ്ങൾ സ്വീകരിച്ച സൗഹാർദ നിലപാടായിരിക്കാം ഇരുവരും മനസ്സുതുറക്കാൻ കാരണമെന്നാണ് കരുതുന്നത്.

കേസന്വേഷണത്തിന് സഹായകമായ വിവരങ്ങൾ കമ്മീഷൻ പൊലീസിന് കൈമാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതെന്താണെന്ന് വെളിപ്പെടുത്താമോ?
ലിസി ജോസ്് : മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താൻ കഴിയില്ല. ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ച ചില വിവരങ്ങൾ അന്വേഷകസംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങൾ കേസ്സിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ.

കമ്മീഷന്റെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ അന്വേഷക സംഘത്തിലെ ആർക്കാണ് കൈമാറിയത്? ഏതു രീതിയിലാണ് കൈമാറിയത്?
ലിസി ജോസ് : സംഘത്തിലെ മുഖ്യചുമതലക്കാരിൽ ഏതാനുംപേരെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു.

മറ്റു നടപടികൾ ?
ലിസി ജോസ് : കൂടിയാലോചിച്ച ശേഷം അറിയിക്കാം